Friday, May 26, 2017

ചിത്രകലയിൽ രേഖകൾക്കുള്ള പങ്ക്


കയ്യിലെ ഒരു രേഖ
നഷ്ടപ്പെട്ടു പോയത് കണ്ടെടുക്കുവാനുള്ള
ശ്രമത്തിലായിരുന്നു അയാൾ.
"ഒരു പാട് കാലം മരവിപ്പ്  ബാധിച്ചു
കൈ മടക്കാനാവാതെ വന്നത് മൂലമാവാം
അത് മാഞ്ഞു പോയത് "
രമണി പറഞ്ഞു .

"കൈമടക്കിന്റെ കാര്യം പോകട്ടെ,
ചില കാലങ്ങളങ്ങിനെയാണ്
നടുവിരൽ മടക്കാനേ തോന്നുകയില്ല."
അയാൾ മറുപടി പറഞ്ഞു.

"കൈയിൽ നിന്ന് പോയതാണെങ്കിലും
ഞാനതു എമ്പാടും തിരഞ്ഞിട്ടുണ്ട്
കുന്തമല്ലാത്തതു കൊണ്ട്
കുടത്തിൽ തപ്പിയില്ല എന്നേയുള്ളു.
പാസ്പോർട്ടോ വിസായോ ഇല്ലാത്തവനാണെങ്കിലും
ഫേസ്ബുക്കിൽ
ഏഴു ലോകങ്ങളും തിരയാതിരുന്നതുമില്ല. "

"ഏതു രേഖയാണ് നഷ്ടപ്പെട്ടത്?
ആയുസ്സിന്റെതോ പഠിപ്പിന്റെതോ
ആരോഗ്യ കാര്യങ്ങളുടേതോ?
രേഖാശാസ്ത്ര രത്‌നാകരം വായിച്ചു നോക്കിയിട്ടില്ലേ ?"

"രത്‌നാകരനെ നേരിട്ടറിയില്ല,
രേഖയെക്കുറിച്ചു കേട്ടുകേൾവിയുണ്ട്‌.
ഹിന്ദി സിനിമാനടി ആയിരുന്നല്ലോ?"

"നമ്മൾ വീണ്ടും പ്രധാന വിഷയത്തിൽ നിന്ന് മാറിപ്പോകുന്നു-
ചിത്രകലയിൽ രേഖകൾക്കുള്ള
പങ്കിനെക്കുറിച്ചു നിങ്ങൾക്കെന്തു തോന്നുന്നു?"

"ഇംഗ്ലീഷിൽ ലൈൻ എന്ന് പറയുന്ന കാര്യം തന്നെയല്ലേ
രേഖ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്-
അത് സംബന്ധിച്ച രേഖകളൊന്നും ലഭ്യമല്ല തന്നെ!
(തന്നെയായി പോയതിൽ അതിശയിക്കാനൊന്നും ഇല്ല.)"

"ഒരു വരയ്ക്കെന്തു അർത്ഥമാണുള്ളത്?
അനർത്ഥങ്ങളൊന്നും  ഉണ്ടാവാനില്ലതാനും."

"കുഴപ്പത്തിനെന്താ കുഴപ്പം എന്നല്ലേ
ദൈവവും പറഞ്ഞിട്ടുള്ളു?
ഒരു രേഖയിൽ എന്ത് കുഴപ്പമാണുള്ളത്?"



0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home