വഴിപാട്
കോവിലിനു മുന്നിലെ ക്യൂവില്‍ നിന്ന്
സ്വന്തം വഴി പാടാക്കിയെടുക്കുവാന്‍
മെനക്കെട്ടുകൊണ്ടിരുന്ന ഭക്തനോട്
ദൈവം ചോദിച്ചു;
"നീയാ പൂണൂലുകാരനെ കണ്ടോ?
അവന്‍റെ പൂണ്ടു പോയനൂല്‍
ആഴിയോളം താണുരുണ്ടതും
ലോകം പാതിമൊട്ട പോലെ വിണ്ടുപൊട്ടിയതും
ലോകം മേലുകീഴായിപ്പിരിഞ്ഞതും
എന്തുകൊണ്ടാണെന്നവനറിയാം.
വേലവിളക്കുകള്‍ കൊണ്ട്
ബുദ്ധന്‍റെ സൂര്യനെ മാറ്റിനര്‍ത്തുവാന്‍ യത്നിക്കുന്നതവനറിയാം.
എന്നാലും കാലങ്ങളായി അവന്‍ നിന്‍റെ
പണംവാങ്ങി നിനക്കുള്ള വഴി പാടാക്കിത്തരുന്നു.
തീരെ വഴിമുട്ടുമ്പോള്‍
നീ ചെന്ന് കണിയാനെ കൊണ്ടു "പ്രശ്നം വെപ്പിക്കുന്നു."
തന്നെക്കൊണ്ടാവും വിധം നിനക്കു പ്രശ്നങ്ങള്‍
വെച്ചുതന്നിട്ട്
അവന്‍ നിന്നെ ഉപദേശിക്കുന്നു:
"ഒരു വെടി വഴിപാടു കഴിച്ചേക്കൂ!
ലോകത്തു നിനക്കുള്ള സുഖഭോഗങ്ങളുടെ
വെടി തീരട്ടെ.
മൃത്യുഞ്ജയഹോമം കഴിച്ചേക്കൂ!
എവിടേയും മരണം ജീവിതത്തിനു മേല്‍
ജയിച്ചു നില്‍ക്കട്ടെ.
ഒരു ശത്രുസംഹാര പൂജകഴിച്ചേക്കൂ!
നീ നിന്‍റെ പോഴത്തം കൊണ്ട് ശത്രുവെന്നു കരുതുന്നവനും
ദൈവത്തിനു സ്വന്തം തന്നെ.
അപ്പോള്‍ പിന്നെ നിന്‍റെ ആഗ്രഹം
ദൈവമെങ്ങിനെ നടപ്പിലാക്കാനാണ്?
(നിനക്കുള്ള വഴി പാടാക്കിത്തരാന്‍
അവനെന്നും പ്രതിജ്ഞാബദ്ധന്‍!).
ഒരു സ്ത്രീ സ്വതന്ത്രയെങ്കില്‍
അവളെ കൊന്ന്
ഒരുവന്‍ തെളിഞ്ഞു നില്‍ക്കുന്നവനെങ്കില്‍
അവനെ നശിപ്പിച്ച്
ആത്മാവിനെ അടക്കിവെക്കാന്‍ കോവിലില്‍ കുടിയിരുത്തി
നിന്‍റെ കാവലില്‍ നിര്‍ത്താന്‍ ശ്രമിക്കുന്ന
ആ കള്ളമുണ്ടല്ലോ-
അതിനി ആരു വിശ്വസിക്കാനാണ്?
അലഞ്ഞുതിരിയുന്ന സ്വന്തം പിതൃക്കളെ
എന്തിനു ഭയപ്പെടണം?
ദുഷ്ടതകാട്ടി അവരെ വലയ്ക്കുന്നവരല്ലാതെ
ആരവരെ കുടയിരുത്താന്‍ ശ്രമിക്കും?
തനിക്കള്ളന്മാര്‍ അങ്ങിനെയാണ്
പരിശുദ്ധാത്മാവും
അവരെ ഭയംകൊണ്ടു നിറയ്ക്കും.
തങ്ങള്‍ ചെയ്തുവെച്ച ദ്രോഹങ്ങളാണ്
മറ്റാരുമല്ല അവരെ വേട്ടയാടുന്നത്.
പീലാത്തോസിന് യേശുവിനെ രക്ഷിക്കാനാവുമോ?"
അധികഭാരമില്ലാത്ത തലകളുമായി
ഉറക്കത്തിലേക്കു പോകുന്നവര്‍
മച്ചിലിരുന്നു കിരുകിരുക്കുന്ന
ചീവീടിനെ കേട്ടു.
വെളുപ്പാവും മുന്‍പ് തിത്തിരിപ്പക്ഷി
തുടങ്ങിവെച്ച സംഭാഷണം ഓര്‍മ്മവെച്ചു.
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home