Thursday, September 13, 2018

പകല്‍ ചുരത്തുമിരുണ്ട നിഴലുകള്‍



പകലിനോടല്പം രഹസ്യഭാഷണം
ചെയ്യുവാനാവുന്നു രാത്രിയില്‍
പിറന്നോരു കുട്ടിക്ക്.
സൂര്യനില്‍ കൂടിയും പുതുതൊന്നുദിക്കുന്ന
കട്ടിക്കറുപ്പില്‍ നിഴലുണ്ട് നീളുന്നു
സന്ധ്യകള്‍ നമ്മെ നീട്ടിനീട്ടിപ്പോകും നേരത്തും
വന്ധ്യമാം പകലിനെ വീണ്ടും നീണ്ടും കറക്കുന്നു
നിന്‍റെ പാലല്‍പം ചുരത്തിയില്ലെങ്കിലോ
മാടേ നിന്‍ അകിടിന്‍ വിരലുകള്‍
ഞന്‍് മുറിച്ചു കോവലില്‍ ചേര്‍ത്തിടും.
ലോകത്തെ നന്നേ തഴഞ്ഞും നീന്തി തുഴഞ്ഞും
നമ്മളെ നോക്കുന്ന കാലമേ
ഇടുപ്പില്‍ കൈവെച്ചു പുഞ്ചിരി തൂകുന്ന
പെണ്ണിനെ പാടേ മറന്നോ?
കാലിലെന്തോ തടഞ്ഞ നാട്യത്തിലെ
ചിത്രകൗതുകം ഉള്ളില്‍ കളിക്കവേ
ഞാനീ വെയില്‍ കുടിച്ചെന്‍റ
ദാഹങ്ങള്‍ തീര്‍ക്കാനൊരുങ്ങട്ടെ
നമ്മള്‍വീണ്ടും കാണുമ്പോഴും
വിട്ടു പോകാത്തോരപരിചിതത്വമേ
ചായ്ക്കോപ്പയില്‍ ചൂടിനൊപ്പം
നീ മോന്തിയുള്ളൂ.
പുതിയ പൂക്കള്‍ വിടരുമാകാശമേ
അതിരുകാക്കുന്ന കള്ള പ്രഭുക്കളെ
ഒന്നു വെട്ടിച്ചു കണ്ണുകള്‍ കോര്‍ത്തു നാം.

ഓര്‍മ്മയാണിന്നു പാല്‍ക്കലം നക്കുന്ന
തെങ്കിലും വേനല്‍ ആരോടോ മന്ത്രിച്ചു
പോയ മാമഴ തട്ടിയുരുട്ടാത്ത ജീവിതങ്ങള്‍
തുലോം കുറവെങ്കിലും
മാമലകളെ കൂടിയും മാറ്റുന്ന
കുത്തൊഴുക്കു പോയ്മറഞ്ഞപ്പൊഴീ
തിളങ്ങും കറുപ്പിലുദിച്ചോരു സൂര്യനെ
ഏറ്റുവാങ്ങും നിഴലിന്‍ കിളികളോ
വായ് പിളര്‍ത്തുന്നു നിന്‍റെ മുലകളില്‍
നീരുവീഴ്ത്തുന്ന പാലിനെമോന്തുവാന്‍.
ആകാശം വെള്ളമേഘ സമ്പുഷ്ടം
ചുരത്തുന്നോരകിടുമമ്മയും കാണാതിരിക്കുമോ
നിന്‍റെ കാലില്‍ തടയുമാകാശങ്ങള്‍
നീലവാനിനെ കൊത്തിത്തുരക്കുന്ന
കൊക്കുമായൊരു പൈങ്കിളി പാടുന്നു:
മോഹമേ നിന്‍റെ നീര്‍ച്ചാലില്‍ ഞാന്‍ മുങ്ങുന്നു
കൈപിടിക്കുവാന്‍ കാറ്റു പോലും മടിക്കുന്ന ദിക്കിലും
മുങ്ങി നിവരുമ്പൊഴെങ്ങു നിന്നോ വന്ന
തീരാത്തശോകമെന്നെ
തളിര്‍കൊണ്ടു മൂടുന്നു.

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home