Monday, October 22, 2018

മന്വന്തരങ്ങള്‍



അപ്പന്‍ ബുദ്ധനെ കൊന്നു തിന്നാന്‍ രാമനും ഭൃഗുവിനും കൂട്ടു നിന്ന
മകന്‍ മനുവിന്
താന്‍ ചില അന്തരങ്ങള്‍ കൊണ്ടുവന്നു
എന്നു തോന്നി.
കാലത്തെ തന്നെ മാറ്റിത്തീര്‍ത്തവയാണു
തന്‍റെ സങ്കല്‍പങ്ങളെന്ന ഘ്യാതി
ആവശ്യമായതിനാല്‍ മാത്രമല്ല,
താന്‍ ചെയ്തുവെച്ച ചതികളെ
ലോകത്തു നിന്നു മറച്ചുപിടിക്കുവാന്‍ കൂടിയായിരുന്നു
മനുവിന്‍റെ ഉദ്യമം.
ബുദ്ധപുത്രനെകൂടിയും ചതിവില്‍ പെടുത്തുവാന്‍
കഴിഞ്ഞ രാമന്‍റെ വിഷപ്രയോഗങ്ങളെ
പൊല്ലാപ്പിലെ ആപ്പിനെ
ഏതുവീട്ടിലും എത്തിച്ചേര്‍ന്ന യുദ്ധത്തെ
ചിലരുടെ മനസ്സില്‍ മാറിപ്പോയ കറന്‍സി കണക്കേ കടലാസു വിലയായിപ്പോയ
ലോകനാഥനെ
തന്‍റേതാക്കി പരിഭാഷചെയ്യുവാന്‍
ബഹുജനസ്മൃതികളെ മറച്ച്
സ്വന്തം വ്യാജത്തെ പരസ്യപ്പെടുത്താന്‍
ഒരു സ്മൃതിയുണ്ടാക്കിയാല്‍
മായ്ച്ചുവെക്കാനാവുമോ ലോകചരിത്രഗതിയെ?

അല്‍പമാത്രം എടുത്തു ലോകത്തെ
ഭംഗിയായ് കാത്തുകൊള്ളുന്ന സൂര്യനെ
അല്‍പമാത്രമറിഞ്ഞു തന്‍ ഗര്‍വ്വിനാല്‍
പണ്ഡിതമൂഢര്‍ ഉരയ്ക്കുന്ന മാത്രയില്‍
കൊന്നുപോകും വിമൂഢത തന്‍വിപല്‍
പാതതോറും ചരിക്കുന്ന മര്‍ത്യര്‍വ-
ന്നാര്‍ത്തിമൂത്തപര സാന്നിദ്ധ്യമൊക്കെയും
കട്ടുകെട്ടിയുടയ്ക്കുന്ന നാളിനെ
ഏതുകാലോം സമകാലമാവുന്ന
നാളിനെ മാറ്റിയങ്ങു വെച്ചെങ്കിലോ
ബുദ്ധപര്‍വ്വത്തെ മായ്ക്കുവാന്‍ മാറാല,
സത്യനാശം, മുറ്റം മൂടി നിറഞ്ഞ വാല്‍മീകം
പണമൊഴിഞ്ഞവന്‍ പിണമെന്നുള്ളാദര്‍ശം
നീതിയെകെട്ടുകെട്ടിക്കുമാരവം
അന്തരങ്ങളഭേദങ്ങള്‍കല്‍പിച്ചുകാലത്തെ,മര്‍ത്യരെ
തുണ്ടുതുണ്ടായ്മുറിക്കുമഹന്തയെ
ധര്‍മ്മനീതികള്‍ മായ്ച്ചിട്ടധര്‍മ്മത്തെ
വര്‍ണ്ണധര്‍മ്മമായ് കാട്ടും കൗടില്യത്തെ
യങ്ങുവാഴ്ത്തിയനന്തതകൂടിയും
തന്‍കരഗ്രസ്തമെന്നങ്ങു നിര്‍വചിച്ചങ്ങിനെ
തീര്‍ത്തുവെച്ച മന്വന്തരം തീരുമ്പോള്‍
മാനസാന്തരം വന്നു വീണ്ടും പുലരുന്ന
ദൈവനീതിയെ ശബ്ദത്തെ സത്യത്തെ
വീണ്ടെടുത്ത ജനങ്ങള്‍ക്കു തുല്യത
ദൈവനീതിയായ് വീണ്ടുമുണരുമ്പോള്‍
വന്നുപോയ കലിയെ പൊറുക്കണേ
എന്നുമല്പം പുറകിലായ്, മുന്‍പിലായ്
കണ്ടുപോന്ന പറുദീസയൊന്നിനെ
രണ്ടുകയ്യാല്‍ പിടിക്കുന്ന മര്‍ക്കട
വീര്യമൊന്നു വരുത്തണേ ഞങ്ങളില്‍
എങ്ങുമെത്തുന്ന ബോധതമസ്സിനെ
പാതകാട്ടും തരംഗവചസ്സിനെ
ബുദ്ധപാതയെ വീണ്ടുമെടുക്കുവാന്‍
ഞങ്ങളെ പ്രാപ്തരാക്കണേ മണ്ണിന്‍കിനാക്കളേ
സത്യമെന്നുമണലാഴിയെകണ്ടു
വെള്ളമൂറും മാരവീചികാ വാഴ്വിനെ
മാറ്റിനിര്‍ത്തുമസത്യമേ നീങ്ങുക!
വീണുടഞ്ഞമരതകചക്രത്തെ
വീണ്ടെടുക്കുവാന്‍ വാരിധീതോഴനായ്
വന്നടുത്തൂ വനദുര്‍ഗ്ഗ,യെന്നുടല്‍ പുഷ്പിച്ചു
കാത്തിരിക്കുന്നു നിന്നെ വസന്തമേ!.

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home