Tuesday, October 16, 2018

സൂര്യനെ നോക്കുന്നവന്‍



മരംകൊത്തി തെങ്ങുകൊണ്ട്
ഉണ്ടാക്കിയെടുത്ത ചെണ്ടയുടെ മുഴക്കത്തിന്
കുട്ടി കാതോര്‍ത്തിരിക്കുന്നു.
അവന്‍ സ്കൂള്‍ വിട്ടു വന്നതാണ്
സ്കൂള്‍ അവനെ വിട്ടു പോകുന്നുവോ
എന്നു പറയാനാവില്ല-
ഉപദേശം നല്കി കൊണ്ട്
അവനെ ദേശത്തു നിന്നും നീക്കി നിര്‍ത്തുന്ന
അദ്ധ്യാപകര്‍ വിശേഷിച്ചും.

അവന്‍റെ കാല്‍ച്ചുവട്ടില്‍ ഒരാട്ടിന്‍കുട്ടി
തുള്ളിക്കളിക്കുന്നുണ്ട്
പൊയ്കയില്‍ മീനുകള്‍
തിരക്കുകൂട്ടി പരസ്പരം തൊട്ടു കളിക്കുന്നു
വണ്ണാത്തിക്കിളി ആത്തക്കൊമ്പിലിരുന്ന്
ഇടയ്ക്കിടെ ശബ്ദിച്ചുകൊണ്ട്
അവനെ നോക്കുന്നു
നോട്ടക്കാരെ നോക്കുവാനും ചിലര്‍ വേണമല്ലോ.
കടന്നു പോകുമ്പോള്‍ കാക്ക ഓര്‍മ്മപ്പെടുത്തുന്നു
എന്‍റെ ശബദം അല്‍പം പരുക്കനാണ്
ചിലര്‍ക്കത് ഇഷ്ടപ്പെട്ടു എന്നു വരില്ല
എന്‍റെ യാഥാര്‍ത്ഥ്യത്തോടാണ്
അതിനു പൊരുത്തം.
എന്‍റെ പാട്ടു കേള്‍ക്കാന്‍ ഞങ്ങളൊക്കെയേ ഉള്ളൂ
എന്നു വരാം.
എങ്കിലും ഞാന്‍ പാടാതിരിക്കില്ല
പരുപരുപ്പുള്ള ഒരു ശബ്ദത്തെ
ഓര്‍ത്തെടുക്കുവാനാകുന്ന കാതുകള്‍
ദൈവത്തിനെങ്കിലും ഇല്ലാതെ വരില്ല.

മരക്കൊമ്പിലിരിക്കുന്ന പുള്ളിനെ
കുട്ടി ഭയപ്പെടുന്നില്ല
പറയരെ ആയോധന വിദ്യകള്‍ പഠിപ്പിച്ച
പുള്ളിനെക്കുറിച്ച് പൊന്നിയുടെ അപ്പന്‍ പറഞ്ഞതവന്‍
ഓര്‍മ്മവെക്കുന്നു.
പുള്ളു തളര്‍ത്തിയവരെക്കുറിച്ചു ജോസഫ് പറഞ്ഞ വാങ്മയം
അവന്‍ മറന്നു കളയുന്നു
ഒറ്റ നോട്ടത്തില്‍ അവനതിനെ  ഇഷ്ടമായി.
സത്യത്തെനേരെ നോക്കണം
എന്നാഗ്രഹിക്കുന്നതു കൊണ്ടാണ്
അവന്‍ സൂര്യനേയും നേരെതന്നെ നോക്കുന്നത്
അതവനുവേണ്ടി ഉണ്ടാക്കപ്പെട്ടതാണെന്ന
ബോദ്ധ്യത്തോടെ.
കാഴ്ചപോകുമോ എന്ന ആശങ്ക
അവന്‍ മറ്റുള്ളവര്‍ക്കു വിടുന്നു.
സൂര്യനെ നോക്കുന്നവനെ നോക്കുന്നവന്‍
ആശുപത്രിയിലെ കണ്ണടയാവാം
അണിഞ്ഞിട്ടുള്ളത്-
ഈ നീലാകാശത്തെ
അതു കൊണ്ടെങ്ങിനെ നോക്കാന്‍?
ആരോഗ്യം എന്ന വാള്‍ തലയ്ക്കുമീതെ കാണുന്ന
ആ ജിവിതത്തെ എങ്ങിനെ ഒഴിച്ചുവിടും?
കാല്‍പതിഞ്ഞ ചെളിയിലെ അടയാളത്തില്‍ നിന്ന്
ഒരു രൂപത്തെ കുഴച്ചെടുക്കുന്നവര്‍ക്ക്
ഒരു കുഴപ്പത്തിനെന്താ കുഴപ്പം?

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home