Sunday, October 7, 2018

നാണുഗുരു നിനവില്‍ വരുമ്പോള്‍








                                                  SCULPTURE-NANUGURU, BENOY.P.J

നാണുഗുരുവിനെക്കുറിച്ച്
ഒരിക്കലൊരാള്‍
അദ്ദേഹത്തിന്‍റെ ആകെ ലഭ്യമായിരുന്ന ഫോട്ടോ
ഏതോ ബാര്‍ബര്‍ ഷോപ്പിലോ മറ്റോ
തുണി പുതച്ചിരിക്കുനപോള്‍
എടുത്തതാവണം എന്നു പരിഹസിച്ചു കേട്ടിട്ടുണ്ട്.
വിവേകാനന്ദനിലും ശങ്കരനിലും
ജിദ്ദുകൃഷ്ണമൂര്‍ത്തിയിലുമെല്ലാം ആനന്ദം കണ്ടെത്തിയിരുന്ന
ചിലപ്പോള്‍ കാവിയുടുത്തു വരുന്നതില്‍
ആനന്ദം കണ്ടെത്തിയിരുന്ന ഒരാള്‍.
എനിക്കാണെങ്കില്‍ മേല്‍പ്പടി ദാര്‍ശനികരില്‍ നിന്ന്
ഒാര്‍ത്തു വെക്കാവുന്ന ഒരു വരി പോലും കിട്ടിയതുമില്ല.
തങ്ങളുടെ ശുദ്ധിയെക്കുറിച്ചും മറ്റുള്ളവരുടെ അയോഗ്യതകളെക്കുറിച്ചുമുള്ള
അവരുടെ പ്രഘോഷണങ്ങള്‍ എന്നില്‍ അറപ്പുളവാക്കി
ജാതി മഹിമയുടെ പ്രച്ഛന്ന രൂപത്തിലുള്ള ആഘാഷങ്ങളും
അപര നിന്ദയും നിറഞ്ഞ അവരുടെ രചനകള്‍
സവര്‍ണ്ണതയെ കൊണ്ടാടിയതല്ലാതെ
സാധാരണക്കാരനും നിത്യജീവിതത്തിനും വേണ്ട
എന്തെങ്കിലും ഉള്‍ക്കാഴ്ചകള്‍ അവ നല്‍കി
എന്നെനിക്കു പറയാനില്ല.

വേറെ ചിലര്‍ക്ക് അദ്ദേഹം കാളിയമ്മയെ ഉപേക്ഷിച്ചുപോയ
കുഴപ്പക്കാരനായിരുന്നു.
ഒരു വിവാഹമോചനം കുറ്റകരമായ
എന്തോ സംഗതിയാണെന്ന മട്ടില്‍.
വി.കെ.എന്നിലോ, പി. കുഞ്ഞിരാമന്‍ നായരിലോ
ഇത്തരം കുറവൊന്നും കണ്ണില്‍ തടഞ്ഞതുമില്ല.
ചട്ടമ്പി സ്വാമികളുടെ ലൈംഗിക ജീവിതത്തെക്കുറിച്ച്
അദ്ദേഹം ഇങ്ങനെ ചുഴിഞ്ഞു നോക്കിയിരുന്നുവോ?
ഈയെമ്മസിന്‍റെ?
അധികാരവും ജാതിക്കോയ്മയും ഉപയോഗിച്ചു നടത്തപ്പെട്ട
ലൈംഗിക അടിമവേല
അദ്ദേഹത്തിന് സ്വാതന്ത്ര്യത്തിന്‍റെ ഉത്തമ മാതൃകയായിരുന്നിരിക്കാം
അതിലെ കീഴായ്മ അനുഭവിച്ചിരുന്ന സ്ത്രീകള്‍
വിമോചിത കര്‍തൃത്വങ്ങളും.

വളരെക്കാലം നാട്ടിലൂടെയലഞ്ഞു നടന്നയാളായിരുന്നു ഗുരു-
അദ്ദേഹത്തിനു വേറെയും ബന്ധങ്ങളുണ്ടായിട്ടുണ്ടാവാം
കുറ്റമറ്റ സ്വതന്ത്ര രതിശീലങ്ങളുടെ വക്താക്കള്‍ക്ക്
അതുമൊന്നു ചികഞ്ഞു നോക്കുകയാവാം
എന്തായാലും പതിനായിരക്കണക്കിനാളുകള്‍
സ്നേഹപൂര്‍വ്വം ഉറ്റു നോക്കിയിരുന്ന ആ മനുഷ്യനെ
ഒരായിരം സ്ത്രീകളെങ്കിലും മോഹിച്ചിട്ടുണ്ടാവണം
അവരിലാരെയെങ്കിലും അദ്ദേഹം ബലാത്കാരം ചെയ്തിരുന്നുവോ?
കീഴാളരുടെനേര്‍ക്കുള്ള പണ്ഡിതന്മാരുടെ
ചുഴിഞ്ഞുനോട്ടത്തിന് കൂടുതല്‍ ഇടങ്ങള്‍ വേണമല്ലോ.
സാധാരണ ജനങ്ങളില്‍ ന്യൂനതകള്‍ കണ്ടെടുത്ത്
ഭരണകൂടങ്ങളെ പ്രകീര്‍ത്തിക്കലെന്ന രാഷ്ട്രീയധര്‍മ്മം
അപ്പോഴേ പൂര്‍ത്തിയാകൂ.
അല്ലെങ്കിലും അണു കുടുംബത്തെ നിരാകരിക്കുന്ന ഒരാള്‍ക്ക്
രതി പാടില്ലെന്നുണ്ടോ?

ഏതായാലും ഇംഗ്ലീഷ് അറിഞ്ഞു കൂടാതിരുന്നിട്ടും
തനിക്കറിയാവുന്ന മൂന്നു ഭാഷകളില്‍
മലയാളത്തിലും തമിഴിലും സംസ്കൃതത്തിലും
അദ്ദേഹമെഴുതിയ വരികള്‍ ഇപ്പോഴും എന്‍റെ മനസ്സില്‍ തത്തിക്കളിക്കുന്നു.
څആടു പാമ്പേ പുനം തേടു പാമ്പേ
പുനരാനന്ദക്കൂത്തുകണ്ടാടു പാമ്പേچ
എന്നു പാടുന്നതില്‍
വല്ല അശ്ലീലവുമുണ്ടോ എന്തോ?
ആഴമേറും നിന്‍മഹസ്സാം ആഴിയില്‍ ഞങ്ങളാകവേ
വാഴണം വാഴണം നിത്യം
വാഴണം വാഴണം സുഖം
എന്ന ആഗ്രഹത്തില്‍ വല്ല കവിതയും?




വിമര്‍ശകര്‍ സമര്‍ത്ഥിക്കാന്‍ ശ്രമിക്കുമ്പോലെ
വെറുമൊരു തട്ടിപ്പുകാരനായിരുന്നു അദ്ദേഹമെന്ന് കീഴാളര്‍
സമ്മതിച്ചു തരും എന്നും തോന്നുന്നില്ല
വിവിധസമുദായങ്ങള്‍ക്കിടയില്‍
ബ്രാഹ്മണ്യത്തെ വെല്ലു വിളിക്കുന്ന
ബഹുസ്വരമായ ഒരുണര്‍വ്വുണ്ടാക്കിയെടുക്കാന്‍
അദ്ദേഹത്തിന്‍റെ ചിന്തയും സാന്നിദ്ധ്യവും നിമിത്തമായി
വെട്ടിക്കൊലകളോ ഉന്മൂലനമോ ഒന്നും കൂടാതെ തന്നെ
സമൂഹത്തെ മാറ്റിത്തീര്‍ക്കാന്‍ അദ്ദേഹത്തിന്‍റെ
ഒരു വരിക്കവിതയുടെ ഉണര്‍വ്വു മതിയായിരുന്നു.
ആത്മ സുഖം അപരരുടെ സുഖത്തിന്‍റെ
നിരാകരണത്തിലൂടെയാവരുതെന്ന്
അക്കാലത്തു സൂ,ചിപ്പിക്കുവാന്‍


എത്ര പണ്ഡിതരുണ്ടായിരുന്നു?
അടിമവേലയുടെ ഒരു കാലത്തെ
അദ്ദേഹത്തിന്‍റെ കാച്ചിക്കുറുക്കിയവരികള്‍
ഉടച്ചു വാര്‍ത്തതിലൂടെയാണ്
നമ്മളിന്നു കാണുന്ന കേരളം പിറന്നതെന്നു പറയാം
അയ്യന്‍കാളിയും, പണ്ഡിറ്റ് കറുപ്പനും, കറുമ്പന്‍ വല്യത്താനും,
പാമ്പാടി ജോണ്‍ ജോസഫും, സഹോദരന്‍ അയ്യപ്പനും,
ടിപ്പു സുല്‍ത്താനും,
കുമാരനാശാനുമെല്ലാമുള്‍പ്പെടുന്ന ഒരു തലമുറയെ
മുന്നോട്ടു കൊണ്ടുവന്നതില്‍ അദ്ദേഹത്തിനു കാര്യമായ പങ്കുണ്ട്..
സഹോദരനില്‍ നിന്ന്
കേശവദേവോ, പി,കെ ബാലകൃഷ്ണനോ,
ബഷീറോ, കേസരി ബാലകൃഷ്ണനോ
ഒന്നും പഠിച്ചില്ലെന്ന് ആര്‍ക്കു പറയാനാവും?
ഒരു ചെറുവരിയില്‍ ഇത്രയേറെ സാമൂഹ്യചിന്തയെ സന്നിഹിതരാക്കിയ
ദാര്‍ശനികന്മാര്‍ ലോകത്തു തന്നെ അപൂര്‍വ്വമായിരുന്നു
ജാതിഭേദവും മതദ്വേഷവും കൂടാതെ ചിന്തിക്കാന്‍
അദ്ദേഹം മലയാളികളില്‍ കുറേപ്പേരെയെങ്കിലും പഠിപ്പിച്ചു
ദര്‍ശനം ലോകത്തെ മാറ്റി മറിക്കാന്‍ പര്യാപ്തമാണെന്നു മുന്നറിവു തന്നു
പുണര്‍ന്നു പെറുന്നതെല്ലാം ഒരു ജാതിയാണെന്നും
ഗോവിനു ഗോത്വമെന്നതുപോലെയാണ് മനുഷ്യനു മനുഷ്യത്വമെന്നും
അതില്‍ ഉച്ചനീചത്വങ്ങള്‍ക്കു സ്ഥാനമുണ്ടാവരുതെന്നും ജാഗ്രതപ്പെടുത്തി.
മറ്റേതു പ്രവാചകന്‍റെ കാര്യത്തിലുമെന്ന പോലെ
അദ്ദേഹത്തിനു പിന്നാലെ കൂടിയ ആള്‍ക്കൂട്ടത്തിലും കുറേയേറെപ്പേര്‍
അദ്ദേഹത്തേയും ഒരു ബിംബമാക്കി മാറ്റി
ചിന്താപരമായ ആ കുതിപ്പുകളെ
കണ്ടില്ലെന്നു നടിച്ച്
പതിവിന്‍ പടി ബ്രാഹ്മണരുണ്ടാക്കിയ വിവേചനങ്ങളെ
കൂടെക്കൊണ്ടു നടന്നു.
ജീവിതാന്ത്യത്തില്‍ അദ്ദേഹം ശിവഗിരി വിട്ടു പോയത്
ഈ നൈരാശ്യം മൂലമാവണം.
ڇക്രൂരമുഹമ്മദര്‍ڈ എന്നു ദുരവസിഥയിലെഴുതിയതിന് ആശാനെ വിമര്‍ശിക്കാന്‍
അദ്ദേഹം മടികാണിച്ചില്ല
എന്‍റെ മതം(അഭിപ്രായം) അനുനിമിഷം മാറിക്കൊണ്ടിരിക്കുന്നതാണ്
അതിനാലാണു ഞാന്‍ മറ്റൊരു വ്യവസ്ഥാപിതമതം സ്വീകരിക്കാത്തത്
എന്നും ഇതര മതക്കാര്‍ അവരുടെ ആവശ്യങ്ങളുമായി തന്നെ സമീപിച്ചാല്‍
നിശ്ചയമായും താനവിടെ എത്തും എന്നും പറയാന്‍ അദ്ദേഹത്തിനു മടിയില്ലായിരുന്നു.
ജാതിയും മതവും ദൈവവുമെല്ലാം മനുഷ്യര്‍ക്ക്
ഒന്നേയുള്ളു എന്നു പറഞ്ഞ ഗുരുവിനുണ്ടായിരുന്ന മതേതരത്വം
മത വൈവിധ്യങ്ങളെ നിഷേധിക്കുവാനല്ല
അദ്ദേഹം ഉപയോഗിച്ചത്.

ദൈവം ബ്രാഹ്മണന്‍റെ അടിമയാണെന്ന സങ്കല്പത്തെ അട്ടിമറിക്കാനാണ്
അദ്ദേഹം അരുവിപ്പുരത്തൊരു കല്ലെടുത്തുവെച്ചത്.
പിന്നീടു തന്‍റെ ജനത അതിനെ പിന്‍പറ്റി
അവര്‍ കയറിയാല്‍ അശുദ്ധമാകുമെന്നു ബ്രാഹ്മണര്‍ പ്രചരിപ്പിച്ചിരുന്ന,
ശ്രീകോവിലില്‍ അവര്‍ക്കിപ്പോഴും പ്രവേശനം നിഷേധിക്കുന്ന
ഹിന്ദു ക്ഷേത്രങ്ങളില്‍ അട്ടിപ്പേറുകിടക്കുമെന്ന്
അന്നദ്ദേഹത്തിനു കാണാന്‍ കഴിഞ്ഞില്ല.
ബ്രിട്ടീഷുകാരാണ് നമുക്കു സന്യാസം തന്നതെന്നും
ബ്രാഹ്മണരല്ലെന്നും അദ്ദേഹത്തിനു വ്യക്തമായിരുന്നു.
പില്‍ക്കാലതത്ത് പ്രതിഷ്ഠകള്‍ ഉപേക്ഷിക്കുകയാണദ്ധേഹം ചെയ്തതത്.
മരിച്ചാല്‍ എന്തു ചെയ്യണം എന്ന ചോദ്യത്തിന്
തെങ്ങിനു വളമാക്കണം
എന്നുത്തരം നല്‍കിക്കൊണ്ട്
മരണാനന്തര ചടങ്ങുകളിലെ ആചാരപരതയെ അദ്ദേഹം തള്ളിക്കളഞ്ഞു.

അവസാന കാലത്ത്
അദ്വൈതാശ്രമതത്തില്‍ താമസിിക്കാനിോയായെങ്കിലും
അദ്വൈതമായിരുന്നില്ല അദ്ദേഹത്തിന്‍റെ വഴി.
വൈഷ്ണവാചാരങ്ങള്‍ അദ്ദേഹത്തെ സ്വാധീനിച്ചിരുന്നില്ല
അടിസ്ഥാനപരമായും ദൈവദര്‍ശനത്തിന്‍റെ പ്രബുദ്ധത കൈവരിച്ച
ഒരു ബുദ്ധനായിരുന്നു ഗുരു
ശ്രീലങ്കയിലേക്കു കൊണ്ടുപോകുമ്പോള്‍
(അവരദ്ദേഹത്തെ ഹിന്ദു ധര്‍മ്മത്തിന്‍റെ കാവി പുതപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും.)
തന്നോടൊപ്പമുള്ള ജനതയെക്കൂടി മാറ്റുവാനായി ഇറങ്ങിത്തിരിച്ച
ഒരു ബോധിസത്വന്‍.
വഴി നടക്കാന്‍കൂടി ജാതിത്തല്ലു നടത്തേണ്ടിയിരുന്ന
ഒരു കാലത്ത്
അക്രമമാര്‍ഗ്ഗം വെടിഞ്ഞ് ശാന്തിയോടെയും
സമാധാനത്തോടെയുമുള്ള സഹവര്‍ത്തിത്വത്തിനും തുല്യതയ്ക്കും
തന്‍റേതായ വഴി തേടിയവന്‍.

സഹോദരന്‍റെ മിശ്രഭോജനപ്രസ്ഥാനത്തേയും
യുക്തിചിന്തയേയും അദ്ദേഹം നിരാകരിച്ചില്ല.
സഹോദരനും ഗുരുവിനെ ഒരു പ്രവാചകനായി അംഗീകരിക്കാന്‍
യുക്തിചിന്ത തടസ്സമായില്ല.

ഓരോ സമുദായവും തങ്ങള്‍ക്കു കീഴെയുള്ളവരോടു കാട്ടുന്ന
അനീതിയില്‍ ഖേദമുള്ളവനായിരുന്നു ഗുരു.
അംബേദ്കറെപ്പോലെ ശ്രേണീ ബദ്ധമായ ഹിന്ദുമതം തന്നെ കയ്യൊഴിയുവാന്‍
കഴിയാതെപോയതോടെ തന്‍റെ മൗലിക ചിന്തയുടെ അന്യൂനത
ബ്രാഹ്മണന്‍റെ തൊപ്പിയില്‍ ഒരു തൂവല്‍ കൂടിയായെന്നതായിരുന്നു
ചിന്തകനെന്ന നിലയില്‍ അദ്ദേഹത്തിനു വന്നു കൂടിയ പരാജയം.
ഹൈന്ദവതയുടെ കിടങ്ങില്‍ കീഴാളര്‍ ഇപ്പോഴും അവശേഷിക്കുന്നുവെങ്കില്‍
അതിലല്‍പം ഉത്തരവാദിത്തം അദ്ദേഹതത്തിനുമുണ്ട്
എന്നു പറയാതെ വയ്യ.
അദ്ദേഹത്തെ ഒരു ചിന്തകനെന്ന നിലയില്‍ നിരാകരിച്ചുകൊണ്ട്
വിഗ്രഹമാക്കി മാറ്റി അവര്‍ നവോത്ഥാനത്തിന്‍റെ
കറുത്ത ദര്‍ശനത്തെ മുക്കിത്താഴ്ത്താന്‍ നോക്കുന്നുവെങ്കില്‍
അതിനു കാരണം ഹിന്ദു തത്വചിന്തയില്‍ നിന്നുള്ള
ജ്ഞാനസിദ്ധാന്തപരമായ വിച്ഛേദത്തെ ഉള്‍ക്കൊള്ളുന്നതില്‍
വന്നു കൂടിയ പരിമിതികളാണ്.
മുസല്‍മാനും ക്രിസ്ത്യാനിക്കും ദളിതര്‍ക്കുമൊക്കെ എതിരായി
പോരടിക്കുന്ന സനാതനികളില്‍ നിന്ന്
മുക്കിത്താഴ്ത്താനോങ്ങുന്ന കാവിയില്‍ നിന്ന്
ഈ മഞ്ഞയെ വേര്‍പ്പെടുത്തിയെടുക്കേണ്ടതും
ആചാരപരതയില്‍ നിന്ന് തത്വ ചിന്തയിലേക്കു മാറ്റിക്കാണിക്കേണ്ടതും പ്രധാനമാണ്,
അതാവും ഗുരുവിന്‍റെ പ്രസക്തിയെ
സനാതനിയുടെ ചിന്താധാരകളില്‍ നിന്ന് വേര്‍തിരിച്ചു കാണുവാനും
അതിന്‍റെ ചരിത്രപരമായ പ്രസക്തിയേയും
ലോകത്തെ മാറ്റി മറിക്കാനുള്ള അതിന്‍റെ ശേഷിയേയും വീണ്ടെടുക്കാനുമുള്ള
ഒരേയൊരു വഴി.


0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home