Friday, October 5, 2018

റാകിപ്പറക്കുന്ന ചെമ്പരുന്ത്








ഞങ്ങളൊക്കെ പള്ളിക്കൂടത്തില്‍
ആദ്യം പഠിച്ച പാട്ടുകളിലൊന്ന്
'റാകിപ്പറക്കുന്ന ചെമ്പരുന്തിനെക്കുറിച്ചായിരുന്നു
കേള്‍വിക്കാരനു മുന്‍പില്‍
അതു മറ്റൊരു രഹസ്യത്തെ ഒളിച്ചു സൂക്ഷിച്ചിരുന്നു
എന്നെനിക്കു തോന്നിയിട്ടുണ്ട്
ജനങ്ങളെ തമ്മിലടിപ്പിച്ച രാജാവിന്‍റെ  'വേല'യും
വ്യാജ വെളിച്ചങ്ങളും കണ്ടതായി
അതു വിളിച്ചു പറയുന്നില്ലേ?
ചെങ്ങന്നൂരാദിയുടെ പാട്ടുകളിലും
കുട്ടപ്പന്‍ ചേട്ടന്‍റെ നാടന്‍ പാട്ടുകളിലും
ആ പരുന്ത് മിഴിവോടെ നീന്തി നടന്നു.
അടിമയായി കുടുംബത്തില്‍ നിന്നും
പിടിച്ചുകൊണ്ടുപോയ അപ്പനെ
നീ ചുറ്റുന്ന ദിക്കുദേശങ്ങളിലെങ്ങാനും കണ്ടോ?
എന്നു  പരുന്തിനോടു വിളിച്ചു ചോദിച്ചു.
പറയരെ കളരി വിദ്യ പഠിപ്പിച്ച കരിയാത്തന്‍ പുള്ളും
കരിയാത്തിപുള്ളുമെല്ലാം കീഴാളരുടെ സഹചാരികളായി .
ഈജിപ്തിലെ  ദേവതയായിരുന്നു റാ(Rah)
പക്ഷികളുടെ കൂട്ടായ്മയിലെ ഒരു പ്രധാനിയും
ബാരാഖംബയിലും നിസാമുദ്ദീനിലും ജാമിയായിലുമെല്ലാം
പരുന്തുകള്‍
അതെന്നെ ഓര്‍മ്മപ്പെടുത്തി.
നാടന്‍പാട്ടുകള്‍ കരുതലോടെ കണ്ടിരുന്ന ആ കിളിയേയും
പുരാണങ്ങള്‍ വെറുതെ വിട്ടില്ല.
പുഷ്പകവിമാനം തടഞ്ഞവനും
നാഗങ്ങളുടെ ശത്രുവും
വിഷ്ണുവിന്‍റെ വാഹനവുമൊക്കെയായി കഥ
തിരുത്തിയെഴുതപ്പെട്ടു.
ജഡായുവിനെ കൊന്നതാരാവും-
പുഷ്പകവിമാനത്തില്‍ പറന്നു നടന്ന രാവണനോ
ചതിവില്‍ കേമനായ രാമനോ?
ചിറകൊടിഞ്ഞ പരുന്തുകളുടെ നീളന്‍ നിര
ജയ്പ്പൂരിലെ 'ചിടിയാ ഘറില്‍'(മൃഗശാല)കണ്ടപ്പോള്‍
ഞാന്‍ ആലോചിച്ചതതാണ്.

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home