Tuesday, September 25, 2018

ഗീതാരഹസ്യം


സൂചികുത്താനിടം നല്‍കാതിരുന്ന
കൗരവരെ പാണ്ഡവര്‍ യുദ്ധം ചെയ്തു
തോല്‍പ്പിച്ചത് കൃഷ്ണന്‍റെ ഉപദേശം കേട്ടാണല്ലോ-.
പ്രഖ്യാതമായ ഈ നീതിബോധം
എവിടെ നിന്നും വന്നു?
മറുപക്ഷത്തേക്കു നോക്കിയ അര്‍ജ്ജുനനുള്ള
അങ്കലാപ്പൊന്നും കൃഷ്ണനെ ബാധിച്ചതേയില്ല-
സഹോദരന്മാര്‍, പിതാമഹര്‍, ഗുരുക്കള്‍
അനന്തര തലമുറക്കാര്‍
ഇരുപക്ഷത്തു നിന്നും എത്രപേര്‍
കൊല്ലപ്പെട്ടാലാണ് ഒരു യുദ്ധം തീരുക?

കുന്തീപുത്രന്മാരില്‍ മൂത്തയാള്‍ക്കാണ് രാജ്യഭാരമെങ്കില്‍
സുയോധനന്‍ കര്‍ണ്ണനു രാജ്യഭാരം
നല്‍കി കഴിഞ്ഞതുമാണ്.
അതല്ല കര്‍ണ്ണന്‍ സൂര്യന്‍റെയോ സൂതന്‍റെയോ
പുത്രനാണെന്നാണു പരാതിയെങ്കില്‍
പാണ്ഡവരില്‍ ആരുണ്ടു പാണ്ഡുവിന്‍റെ
പുത്രനായി?
മൂത്ത ചേട്ടനെ അടിച്ചതിനകത്തു കയറ്റാതിരിക്കുന്ന
കുലമഹിമ എങ്ങിനെ കുരുകുലത്തിലെത്തി?
സ്വന്തം മകനെ സംരക്ഷിച്ചിരുന്ന കവച കുണ്ഡലങ്ങള്‍
ഊരി വാങ്ങി അവനെ കൊലയ്ക്കു കൊടുക്കുവാന്‍ കുന്തിയെ
പ്രേരിപ്പിക്കുന്നതിലെ നീതിബോധം! അഹോ കഷ്ടം!!
ജ്യേഷ്ടനായ കര്‍ണ്ണനെ ചതിച്ചു കൊല്ലുവാന്‍
അര്‍ജ്ജുനനോടാവശ്യപ്പെടുന്ന
څധര്‍മ്മ ചിന്തڈ- അത്യുദാത്തം തന്നെ!

ഭ്രാതൃഹത്യയുടെ ഹരം ഇന്ത്യന്‍ മനസ്സിനു
പകര്‍ന്നു കൊടുത്ത വൈഷ്ണവന്‍
താന്‍ ജനിച്ചു വളര്‍ന്നുവെന്നവകാശപ്പെടുന്ന
യദുകുലത്തിലും അതുതന്നെയല്ലേ ആവര്‍ത്തിച്ചത്?
സഹോദരരായ കുന്തിയുടേയും ഗാന്ധാരിയുടേയും
പുത്രന്മാര്‍ തമ്മിലുള്ള ചില്ലറവഴക്കുകള്‍ പെറുക്കിയെടുത്ത്
ഒരുയുദ്ധമുണ്ടാക്കിയാലേ കണ്ണനു സമാധാനം കൈവരൂ
എന്നുള്ളതല്ലേ യഥാര്‍ത്ഥ ഗീതാരഹസ്യം?
യുദ്ധത്തില്‍ നീതിയും ന്യായവും നോക്കാനില്ലെന്നും
ഭീഷ്മപിതാമഹനെ ശരശയ്യയില്‍ കിടത്താമെന്നുമുള്ള
രഹസ്യം അദ്ദേഹത്തിനു കുടിവെള്ളമെത്തിച്ചു
എന്ന തൊടു ന്യായം കൊണ്ടു പരിഹരിക്കയുമാവാം
ബുദ്ധന്‍റെ നാട്ടിലെ കൃഷ്ണന്‍റെ നീതി.

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home