ഇരുളിനെ മോഷ്ടിക്കാനൊരു കള്ളന്‍
ഇന്നലെ രാവില്‍ പമ്മി നടന്നൂ
ഇരുളിനെ മോഷ്ടിക്കാനൊരു കള്ളന്‍
തന്ത്രമതേഴുമറിഞ്ഞവന്‍
നിത്യം മന്ത്രം കൊണ്ടു കളിപ്പോന്‍.
ദൈവം തന്നൊരിരുട്ടിനു കാവല്‍
താനൊരുവന്‍ താനെന്നു ഗണിച്ചാല്‍
കൊമ്പന്മാരുംവീഴും മുന്നില്‍
കള്ളനു കൗശലമെത്ര;കണക്കോ?
ഭീഷണി പൂണ്ട സ്വരത്തില്‍ ചൊല്ലീ:
ڇചന്ദ്രന്‍ വന്നതു കൊള്ളയടിച്ചൂ
നക്ഷത്രത്തിര മെല്ലെ നനച്ചൂ
ഇരുളിന്‍ കടലിനെ വാരിപ്പുണരാന്‍
വെയിലു വിഴുങ്ങിയ മുത്തുകള്‍ വന്നൂ
കമിതാക്കള്‍ വല കൊണ്ടു പുതച്ചൂ
വൈദ്യുതിബന്ധമറുത്തൂ
വാനില്‍ തെങ്ങു കവുങ്ങുകള്‍
കപ്പ കിഴങ്ങുകള്‍ നന്നായല്‍പം നടണംڈ
പോക്കിരിയാകാശത്തിന്‍ നീലിമയണയാന്‍
വാവൊരു കാറ്റു തൊടുത്തൂ
വന്നവനുഗ്രന്‍ കള്ളന്‍ തന്നെ
നാടുകള്‍ നാവുകള്‍ കൊള്ളയടിപ്പോന്‍
ഇരുളിനെ റാഞ്ചാന്‍ സഞ്ചിയുമായി!
ഇരുളവനകമേ കയറി പുഞ്ചിരിയോടൊരു
പാട്ടു പൊഴിച്ചൂ:
ڇമണ്ടച്ചാരേ മൊട്ടത്തലയാ
നിന്‍ മുടി പോലെ കറുത്തൊരു രാത്രിയെ
പോക്കു വരത്തു നടത്തിയെടുക്കാന്‍
പഞ്ചായത്തില്‍ പോണോ നീയ്?چ
ആകെത്തുളവീണാകാശത്തിനു
ചന്ദ്രനുമെലികള്‍ കരണ്ടൂ
പൊള്ളും പകലിന്‍ ചായക്കോപ്പയില്‍
നീട്ടിയൊഴിച്ചോരിരുളിനു
കട്ടന്‍കാപ്പി രുചിച്ചൂ-
കള്ളനു താവളമില്ല, കറുത്തൊരു സൂര്യന്‍
വാരിയെടുത്തു നിഴലില്‍ നിറച്ചതൊഴിച്ചാല്‍
ഇരുണ്ട സൂര്യനെ മോഷ്ടിക്കാനൊരു
കള്ളന്‍ പിറന്നതുമില്ലാ
വെള്ളച്ചായത്തൊട്ടിയുമായിട്ടാ
ഞാന്‍ തോറ്റെന്നാരു പറഞ്ഞൂ?
കാറ്റിലിരുട്ടിന്‍ ഗന്ധം പൂണ്ടൂ
കാണായീ ചിലതപ്പോള്‍
വെയിലേറ്റേറ്റം കറുത്തോരുടലായ്
ബുദ്ധന്‍ നില്പതു കണ്ടൂ
ڇനീയീ രാവിനെ റാഞ്ചാന്‍ ചിറകുകള്‍
തേടിനടന്നൂ ചുറ്റും
ക്ഷീണിച്ചങ്ങു മയങ്ങും കിളികളെ,
മാനിനെ, മീനിനെ
ചാടിപ്പോകും മുയലിനെ നോക്കി
ഞെക്കുവിളക്കുതെളിച്ചുനടപ്പവര്‍
ചിറകുകള്‍ തട്ടിയൊടിച്ചീ രാവിനെ
സഞ്ചിയിലാക്കാന്‍ വെമ്പീ
കാഞ്ചിയില്‍ വിരലു പതിച്ചവര്‍
കാമത്തിന്‍ പരകോടിപ്പിരിവുകള്‍
പണ്ടേ വശമായുള്ളോര്‍
തൊപ്പിയണിഞ്ഞൊരു പട്ടാളക്കാര്‍
പര്‍വ്വതഗര്‍വ്വുകളുള്ളോര്‍
അതിരുകള്‍ തീര്‍ക്കാനാഞ്ഞൂچ
രാവിനെവട്ടം ചുറ്റിച്ചല്‍പം നേരം പോക്കും
കതിരവനപ്പോള്‍ പൊട്ടിയുണര്‍ന്നത്യുച്ചം നിന്നുചിരിച്ചൂ:
മതിലുകള്‍ ലോകം മുഴുക്കെ നിരത്തീ
സൈന്യമിതെത്ര നടന്നൂ
എന്നിട്ടും പടിവാതില്‍കടന്നിങ്ങകമേ പുക്കു
മിരുട്ടില്‍ കണ്ണുതെളിഞ്ഞവരകമേ ദീപം
തെളിഞ്ഞുനില്‍ക്കും മനുജര്‍
ചിരിയോടോതീ:
പൊന്നേ നിന്നെവേണം രാത്രിയില്‍
ഒന്നിച്ചൊന്നു മയങ്ങാന്‍
കണ്ണിലിരുട്ടുകയറ്റും വെയിലിനെ
യാറ്റും തണലുകളല്ലോ
വേര്‍പ്പുമിരുട്ടും ചേര്‍ന്നതിവേഗം
കത്തും മലകളെ മുക്കിയൊതുക്കീ
സാന്ത്വനമേകീ ചുറ്റും.
ഇരുളിനെ റാഞ്ചാന്‍ തഞ്ചം നോക്കിയ
കള്ളന്‍ നിന്നു പരുങ്ങീ
സഞ്ചിയിലിരുളിന്‍ പൂക്കുലയൊന്നു
പറിച്ചതിവേഗം മണ്ടീ
ഇല്ലീയിരുളില്‍ കണ്ണുതെളിഞ്ഞൊരു മനുജര്‍ക്കെന്നെ ഭയവും
കല്ലുകള്‍ പോലും പിളരുന്നൂ
പകലറിവുകള്‍ രാത്രിയു
മൊരുപോല്‍ വേണമവയ്ക്കും
കാലം മറ്റൊന്നാണിതു
കലികള്‍ പലതുമൊടുങ്ങീ
കലിപൂണ്ടെങ്ങും സാമ്രാജ്യങ്ങള്‍
തീര്‍ത്തു നടന്നവരെല്ലാം
വാതിലുതേടാതകമേ വന്നോരിരുളില്‍
മുങ്ങി മരിച്ചൂ പോലും!.
പുലരിക്കള്ളു രുചിച്ചൊരു കുരുവികള്‍
ചാമ്പക്കൊമ്പിനു ചുറ്റും കൂടി
ഇലകളിലിഴുകിച്ചേര്‍ന്നോരിരുളിനെ
മൊത്തിയെടുത്തു പറന്നൂ.
എവിടെപ്പോയീ കള്ളന്‍?
വന്നൊരു പോലീസായതുതന്നേ!
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home