അയല്‍ക്കാരനോടുള്ള സ്നേഹവും അതിര്‍ത്തി യുദ്ധങ്ങളും
തൊട്ടടുത്ത വീട്ടുകാരനുമായുള്ള
അതിരു മാന്തിയതേക്കുറിച്ചുള്ള തര്‍ക്കത്തില്‍
ജീവിതകാലം ചെലവഴിച്ച പലരേയും നമുക്കറിയാം.
അവര്‍ക്കിടയിലുണ്ടാവേണ്ടിയിരുന്ന സ്നേഹവും കരുതലും
ഒരു മതിലോ കോടതി വ്യവഹാരങ്ങളോ
കൊണ്ടു മറയ്ക്കപ്പെട്ടുപോയി.
ബ്രാഹ്മണര്‍ ഇന്ത്യയെ ഭരിച്ചതങ്ങിനെയാണ്
അയല്‍വാസിയായ ബൗദ്ധനോ മുസല്‍മാനോ
ജൂതനോ ക്രിസ്ത്യാനിയോ
ഉള്ളില്‍തന്നെയുള്ള സിഖുകാരനോ പാഴ്സിയോ
ദളിതനോ ആദിവാസിയോ
ഭിന്നലിംഗക്കാരിയോ വര്‍ണ്ണക്കാരിയോ
അന്യ വര്‍ഗ്ഗമോ ജാതിയോ ഒക്കെയുമായി സഹകരിച്ചാല്‍
പരസ്പരം സ്നേഹിച്ചാല്‍
ആകാശം ഇടിഞ്ഞു വീണു നമുക്കു പരുക്കു പറ്റുമെന്നവര്‍
വിളിച്ചു പറഞ്ഞു കൊണ്ടേയിരുന്നു.
അനീതി നിറഞ്ഞ ഒരു അടിമവ്യവസ്ഥയെ
ജാതിയെ- പരിപാലിക്കണമെങ്കില്‍
മാനുഷരെല്ലാരുമൊന്നുപോലെ
എന്നു പരയുന്ന ഏതു പ്രവാചകനേയും
വിശ്വാസിയേയും കല്ലെറിയണം.
അയല്‍ നാട്ടിലെയോ അയല്‍പക്കത്തെയോ
മുസല്‍മാനുമായി സഖ്യത്തിലായാല്‍
ഇന്ത്യയിലെ കീഴ്ജാതിക്കാര്‍
ജാതിയുടെ നുകം ഊരിയെറിഞ്ഞ്
അവരോടൊപ്പം ചേര്‍ന്നാലോ?
ഇന്ത്യയിലുണ്ടായിരുന്ന ബൗദ്ധരെ
ഉന്മൂലനം ചെയ്ത് അവരുടെ ഗ്രന്ഥശേഖരങ്ങള്‍
അപ്പാടെ ചുട്ടുകരിച്ച ഹിന്ദുവിനെ അവരെങ്ങിനെ
ഒപ്പം കൂട്ടും?
അശോകന്‍റെ സ്തംഭത്തെ
ഒന്നുകൂടി ഗംഭീരമായി അടയാളപ്പെടുത്തിയ
കുതബ് മീനാര്‍
ദൈവദര്‍ശനം ലഭിച്ചവര്‍ ഏതു നാട്ടിലുമുണ്ടെന്നും
അവര്‍ സ്വാതന്ത്ര്യവും തുല്യതയും
ജനായത്തവും പലനിലകളില്‍
ആഗ്രഹിച്ചവരായിരുന്നു എന്നും
വിളംബരം ചെയ്തു.
യുദ്ധങ്ങള്‍, ചതി, ഭ്രാതൃഹത്യ
ഭൂസ്വത്തെല്ലാം പിടിച്ചടക്കി ബ്രാഹ്മണരുടേതാക്കി വെക്കല്‍
ഇതൊന്നുമായിരുന്നില്ല യഥാര്‍ത്ഥത്തില്‍
പ്രവാചകരെ അലട്ടിയത്
അവര്‍ കഷ്ടപ്പെടുന്ന മനുഷ്യരോടൊപ്പം നിന്ന്
അടിമത്തവും അധികാരഗര്‍വ്വും രക്തപ്പുഴകളും
ശത്രുതാപരമായ അപര വിരോധവും
നശിപ്പിച്ച് ലോകത്തിനു ശാന്തി നല്‍കാന്‍ ശ്രമിച്ചു.
ആത്മസുഖത്തിനൊപ്പം അപരന്‍റെ സുഖത്തേയും കരുതണമെന്ന്
നാണുഗുരു പറഞ്ഞതതു കൊണ്ടാണ്.
കൊട്ടാരങ്ങളും അധികാരികളും അവരെ വീര്‍പ്പു മുട്ടിച്ചു
അഭ്യൂഹങ്ങളും നുണകളും പരത്തി
ജനങ്ങളെ കൊണ്ടു തന്നെ കല്ലെറിയിച്ചു.
എന്നിട്ടും തന്‍റെ അയല്‍ക്കാരനേയും
ശത്രുവിനെ തന്നെയും സ്നേഹിക്കാനാണ്
യേശു പറഞ്ഞത്
മറ്റുള്ളവരെ വിധിക്കാതിരിക്കാനും
അധികാരികള്‍ ക്രിസ്തുവിന്‍റെ പേരു പറഞ്ഞ്
കുരിശുയുദ്ധങ്ങളും
യക്ഷി വേട്ടയുടെ പേരുപറഞ്ഞ് പ്രബുദ്ധത നേടിയ
സ്ത്രീ ജനങ്ങളെ ചുട്ടെരിക്കലുമെല്ലാം നടത്തി
ബ്രാഹ്മണര്‍ യക്ഷികളെ കല്ലെറിഞ്ഞ് ദേവാംഗനകളെ
സ്ഥാപിച്ചെടുത്തതു പോലെതന്നെയെന്ന് കൊടുങ്ങല്ലൂരമ്മയെ
ഓര്‍ക്കുന്നവര്‍ക്കറിയാം.
സ്നേഹം കുടുംബംകൊണ്ട് അതിരിടേണ്ട
ഒരു ചരക്കായി മാറി.
സ്നേഹിക്കാന്‍ പഠിപ്പിച്ച പ്രവാചകന്‍റെ പേരിലുള്ള സഭകള്‍ പോലും
സ്നേഹത്തില്‍ ആപത്കരമായ ചിലതുണ്ടെന്നു കണ്ടറിഞ്ഞ്
കോളനീകരണവും നരഹത്യകളും അടിമത്തവുമെല്ലാം കൊണ്ട്
അദ്ദേഹത്തെ അപ്രസക്തനാക്കാന്‍ നോക്കി-
പീലാത്തോസ് യേശുവിനു വേണ്ടി
സദാചാരം പ്രസംഗിക്കുമത്രേ!
ബുദ്ധനും പാര്‍ശ്വനാഥനും പൊയ്കയില്‍ അപ്പച്ചനുമെല്ലാം
അലഞ്ഞു നടന്ന് ആളുകളോട് സംസാരിച്ചു
പാഴ്മരങ്ങളെക്കുറിച്ചുള്ള ഒരുപമ കൊണ്ടെന്ന പോലെ.
ശത്രുവിനെതിരായ യുദ്ധമോ
അധികാരികള്‍ പ്രചരിപ്പിച്ച
നന്മ-തിന്മകളുടെ വ്യാജ വ്യവഹാരമോ
അവരെ ബാധിച്ചില്ല-
നഷ്ടപ്പെട്ടുപോയ കുഞ്ഞാടും അവസാനത്തെ മനുഷ്യനും
അവര്‍ക്കു പ്രസക്തരായിരുന്നു.
ബുദ്ധനിലേക്ക്
ഒരു ലോകം ഒഴുകിയെത്തി,
നബിയിലേക്കും യേശുവിലേക്കുമെല്ലാം.
പക്ഷേ രാമനു യുദ്ധം വേണമായിരുന്നു
രാവണന്‍റെ പെങ്ങളായ ശൂര്‍പ്പണഖയെ
മാനഭംഗപ്പെടുത്തിയ രാമ ലക്ഷ്മണന്മാരെപ്പോലെ
രാവണന്‍ സീതയോടു പ്രവര്‍ത്തിച്ചില്ല.
കൃഷ്ണനു യുദ്ധവും ഭ്രാതൃഹത്യയും
ധര്‍മ്മം തന്നെയായി.
പരശുരാമന്‍റെ മഴു വംശീയ യുദ്ധത്തിനുള്ള
പടക്കോപ്പായി
സ്വന്തം അമ്മ രേണുകയെപ്പോലും
ആ ആണത്തത്തിന്‍റെ ആക്രമണോഝുകത
വെരുതെ വിട്ടില്ല.
ആദിവാസിയുടേയും വാവരുടേയും
മാളികപ്പുറത്തമ്മയുടേയും കൂട്ടു കാരനായി കാട്ടിലലഞ്ഞ
അയ്യപ്പനെ കൊലപ്പെടുത്തിയ രാജാക്കന്മാര്‍
അദ്ദേഹത്തിന്‍റെ ആത്മാവിനു പോലും വിലക്കേര്‍പ്പെടുത്തി
അമ്പലം പണിത് കുടിയിരുത്തി
സ്ത്രീ സംസര്‍ഗ്ഗം നിരോധിച്ച്
അതും ഒരു കച്ചവടമാക്കിയെടുത്തു.
രാമനു ബാലിയും സുഗ്രീവനും ശത്രുക്കളായേ മതിവരൂ
കൃഷ്ണനു കുരുകുലവും യദുകുലവും നാഗവംശവുമെല്ലാം
നശിച്ചു കാണണം.
വാമനന്‍ ചതി കൊണ്ട്
ഒരു പറുദീസയെ നശിപ്പിച്ചു.
നരസിംഹം അക്രമമാര്‍ഗ്ഗം വെടിഞ്ഞ ഹിരണുകളെ
(മാന്‍പേടകളെ പോലെയുള്ളവര്‍)
കൊന്നു ചോരകുടിച്ചുരസിച്ചു.
ആദി(?) ചങ്കരനു വീണ്ടും തെങ്ങേലേറാന്‍
ആരാണു വഴി തേടുന്നത്?
അയാള്‍ സ്ത്രീകള്‍ക്കും കീഴാളര്‍ക്കും അദ്ധ്വാനിക്കുന്നവര്‍ക്കുമൊക്കെ
പഠിപ്പിച്ചു കൊടുക്കാന്‍ ശ്രമിച്ച അദ്വൈതത്തില്‍
രണ്ടാമതൊന്നിനു പോലും സ്ഥാനമില്ലായിരുന്നു-
പിന്നെയല്ലേ അപരരുടെ കഥ-
ഇതെങ്ങിനെ വൈരുദ്ധ്യത്തെ ഉള്‍ക്കൊള്ളുമെന്ന്
നമ്മുടെ ദ്വന്ദവാദികള്‍ പറഞ്ഞില്ല-
നാം ഹിന്ദുത്വമുപേക്ഷിച്ചാല്‍
നമ്മുടെ അയല്‍ക്കാരുമായടുത്താല്‍
ഏഷ്യന്‍ പ്രദേശത്തിനു തന്നെ അതൊരുണര്‍വ്വു നല്‍കാതിരിക്കില്ല
ഒരു വേള ബുദ്ധന്‍റെ കാലത്തെന്ന പോലെ
ആഫ്രിക്കയും യൂറോപ്പും പോലും
നമ്മളില്‍നിന്നും ചിലതു പഠിച്ചേക്കാനും മതി.
അതിരു കാക്കുന്ന ഭൂതങ്ങള്‍ക്ക്
യുദ്ധായുധങ്ങള്‍ വില്‍ക്കാന്‍ ഇതു പോര
(അതാണല്ലോ ലോകത്തെ ഏറ്റവും വലിയ കമ്പോളം-
ആര്‍ക്കും ഒരു പരാതിയുമില്ലാത്തത്ര സംരക്ഷിതം)
കമ്മീഷനായും മൂലധനമായും വിലയായും
കോടാനുകോടികള്‍ അവരീ കമ്പോളത്തില്‍
മുതല്‍മുടക്കിയിരിക്കുന്നു,
ലോകം മുഴുവന്‍ പട്ടാളക്കാരെ
ചെല്ലും ചെലവും കൊടുത്ത് നിലനിര്‍ത്തിയിരിക്കുന്നു.
ഏതു നാട്ടിലും വേശ്യാലയങ്ങളുണ്ടാക്കി
സ്നേഹം തേടുന്നവരെ കുരുക്കില്‍ പെടുത്തുന്നു
എന്നിട്ട് സമാധാനപ്രിയരും
അയല്‍ക്കാരെ സ്നേഹിക്കുന്നവരുമാണ്
തങ്ങളെന്നു വീമ്പിളക്കിയാല്‍
ആ യുക്തി എനിക്കു തീരെ മനസ്സിലാവുകയേ ഇല്ല.
ഈ മുള്‍വേലികളില്‍ ഒരു പൂവു വിരിയുമോ?
ശത്രുവിനെ സ്നേഹിക്കുന്നവനു
പിന്നെയാരാണു ശത്രു?
ശത്രുതയും അതിരുകളുമുയര്‍ത്തി
രാജ്യങ്ങളെ തമ്മിലടിപ്പിക്കാന്‍നടക്കുന്നവരെ
(നാസികളെപ്പോലും) ബ്രാഹ്മണ്യം
പ്രോഝാഹിപ്പിച്ചിട്ടുണ്ട്.
രാഷ്ട്രീയത്തില്‍ ശത്രുതയോ ഉന്മൂലനമോ അല്ല
സംവാദവും പ്രതിയോഗിതയുമായിരുന്നു
വേണ്ടിയിരുന്നത്
ഏതു പ്രവാചകനും തന്‍റെ കാലത്തെ
തളംകെട്ടിയ ചിന്തയുടെ കെട്ടഴിച്ചു വിട്ടയാളാണ്
ഏതു മനുഷ്യനിലുമുള്ള, തൂണിലും തുരുമ്പിലുമുള്ള
ദൈവത്തെ അയാള്‍ക്കു തന്നെ
കാട്ടിക്കൊടുത്തവന്‍
ഇടതോ വലതോ എന്നദ്ദേഹം നോക്കിയില്ല
പുതുമയെ ഉള്‍ക്കൊള്ളാനും സ്നേഹത്തെയും
നീതിയേയും സ്ഥാപിക്കുവാനും
തുല്യത ഉറപ്പു വരുത്തുവാനും
അവരെ പ്രതി ആണയിടുന്നവര്‍ പോലും മറന്നു പോയാല്‍
അതാവും ഏതു കാലത്തേയും
അധികാരത്തിന്‍റെ താല്‍പര്യം.
തടുത്തു നിര്‍ത്തപ്പെട്ട അനേകങ്ങള്‍ക്ക്
ചിന്തയെ വീണ്ടെടുക്കുവാനാകുമ്പോഴല്ലേ
അകത്തും പുറത്തുമുള്ള യുദ്ധങ്ങള്‍
പരാജയപ്പെടുന്നതും
പ്രവാചകചിന്തയുടെ ന്യൂനസ്ഥലം
പൂവുകള്‍ കൊണ്ടു നിറയുന്നതും.?
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home