തഥാഗതം
തഥാഗതര്‍ക്കിരിക്കാന്‍ നേരമില്ലാ
യിരുന്നാല്‍ പോയീ കാര്യം
ആകാശത്തെപ്പൂട്ടിത്താഴിട്ട്
താക്കോലുമായാരോ പോയിട്ടുണ്ടാം
ഒന്നു മൂത്രമൊഴിക്കാന്‍ നിന്നാല്‍
അതിനാലിറങ്ങണം വീട്ടില്‍നിന്നും
എളുപ്പം നിലത്തെത്തി
വീണ്ടുമാകാശത്തെ സന്ധിക്കുവാന്‍.
ഇരുട്ടിലുണ്ടാനന്ദം നിനക്കതിനാല്‍
അനന്ദത്തെ അവര്‍ണ്ണനീയത്തെ
യറിഞ്ഞു നീ.
ആദ്യത്തെ ദൈവം
പൂച്ചക്കാലിലെത്തി പതുങ്ങുമാകാശത്തെ
പുള്ളിമാനിലെ പുഴുക്കുത്തിനെ
കുപ്പിയില്‍ നിറച്ച വെള്ളത്തിന്‍ ആയുസ്സിനെ
തേനീച്ചകള്‍ ശേഖരിച്ചുണ്ണും തേനിനെ
ഇരുട്ടാണെന്‍റെ ദേശമതിനാല്‍ പൂച്ചയോടൊപ്പം ഞാനും
തുറന്നിടും രാവിനെ
തേനിനെ, അറകളെ, വീടിനെ
പരസ്പരം ബന്ധിപ്പിക്കും രതിയെ
ആകാശത്തേയും ഭൂമിയേയും
തുറന്നിടും
ചെറുപുല്ലുകള്‍ പടര്‍ന്ന തൊടിയെ, തുടകളെ,
കിണറിനെ, അതിലെ ചന്ദ്രനെ
ദൈവത്തിന്‍റെ കൈപിടിച്ചെങ്ങും
ദീര്‍ഘയാത്രകള്‍ പോകും പുത്രനെ
മടങ്ങിവരവിനെ
വസ്തുക്കളിലേക്കു വീണ്ടും പകരും പ്രകാരത്തെ
വേപ്പിനെ, വയമ്പിനെ
അറിയുന്നു നീ.
കൊളോസ്സസ്സിന്‍ ഭൂമിസ്പര്‍ശത്തെ
യാകാശ സഞ്ചാരത്തെ
രമണനെ/രമണിയെ
പലപ്രായങ്ങളെ
അങ്ങോട്ടുമിങ്ങോട്ടും യാത്ര ചെയ്ത്
എത്തിച്ചേര്‍ന്ന ഇടങ്ങളെ
പലകാലങ്ങളെ
ഏകാന്തതയെ, വെറുപ്പിനെ, യറപ്പിനെ
വിദ്വേഷത്തിന്‍ മീതെ ലേപനം ചെയ്യേണ്ടും
പച്ചയെ, പുകകളെ, തേനിനെ
തൃഷ്ണയാല്‍ ഉടലാര്‍ജ്ജിക്കുവാന്‍ വെമ്പും ചില്ലക്ഷരങ്ങളെ
യാത്മാവിനെ,ചുംബനങ്ങളെ
മദ്ധ്യ മാര്‍ഗ്ഗത്തു നിന്നും തുടങ്ങുന്ന യാത്രകള്‍
പോക്കുന്ന ദൂരങ്ങളെ
വെട്ടിവെട്ടിത്തിളങ്ങും പല സൂര്യന്മാരെ
അവയ്ക്കുണ്ടാം ദിശാവ്യതിയാനങ്ങളെ
പിന്നില്‍ കതകു തുറന്നിട്ട്
നീയിറങ്ങിപ്പോയവീടനെ
വീട്ടിലേക്കും പുറത്തേക്കുമുള്ള വഴികളെ
(കതകട പതിവില്ല നാണി പാര്‍ക്കുന്ന വീട്ടില്‍)
ഗുരു ചവിട്ടിക്കുഴച്ച മണ്ണിനെ
പലപാടു പോകും വഴികളെയൊന്നിപ്പിക്കും കവലകളെ
പച്ചവെളിച്ചത്തെ, ഗതിതടയും ചുവപ്പിനെ
പൊതിഞ്ഞു മൂടാന്‍ വെമ്പും കാവിയെ
കയറ്റിറക്കങ്ങളെ, മണിയടികളെ
ചില തടസ്സങ്ങളെ, കുഴപ്പങ്ങളെ
ചെളിയിളക്കേണ്ടും കാലത്തെ
ചക്രം വീണ്ടും തട്ടിയുരുട്ടും
വീണ്ടും വരവിനെ
ഒരു പെന്‍സിലിന്‍ ലെഡ്ഡിനെ
കറക്കത്തെ തിരികെയെത്തിക്കും വരകളെ
ചൂടിനെ, തണുപ്പിനെ
ഒക്കേറ്റിനേയും കൂട്ടിയിണക്കും
പരസ്പര ബന്ധങ്ങളെ
ഈ നിമിഷത്തില്‍ നാം സന്ധിക്കും
കടന്നു പോയ നിമിഷത്തെ
അവിശ്വാസത്തെ.
വരാനുള്ളോരനേക കാലങ്ങളെ
അവയില്‍ നിന്നും നാം പകര്‍ന്നെടുത്ത
ചില അടയാളങ്ങളെ, ഇരുളിനെ.
ബഷീറിന്‍റെ യാത്രയെ, യാത്രാമൊഴിയെ
വ്യര്‍ത്ഥമാം തിക്കും തിരക്കും നിറഞ്ഞ
നാടകങ്ങളെയര്‍ത്ഥവത്താക്കും
വ്യര്‍ത്ഥതയെ, അതിനെക്കെട്ടിവെക്കാനായ്
ഇട്ടുവെച്ചുപോയ കുരുക്കുകളെ.
ട്രാഫിക് സിഗ്നലിനെ
വഴിയിലുറക്കത്തെ, സമയ സഞ്ചാരത്തെ
ദൈവങ്ങള്‍ക്കിടയിലുള്ളതാം ചുംബനങ്ങളെ, രതിയെ
ഒന്നിലെയനേകങ്ങളെ
അനേകങ്ങളില്‍ നിന്നഴിച്ചെടുത്തോ-
രനേകത്തെ, സ്പര്‍ശത്തെ
മുലഞെട്ടുകളുടെ തിടുക്കത്തെ,
നീരൊഴുക്കിനെ, കാമത്തെ,
താണിറങ്ങും വിമാനത്തിന്‍റെ റണ്‍വേയിലെ സ്പര്‍ശത്തെ
ഒരു തറയില്‍, ഏതോ മരച്ചോട്ടില്‍
ഇരുന്നും കിടന്നുമുള്ള സഞ്ചാരത്തെ
ഇരു ദിശയിലും ഒരേ സമയം നീങ്ങുന്ന ചിന്തയെ
മഹാബലിയുടെ വരവിനെ, പറുദീസയെ
ഉറപ്പിക്കും വിശ്വാസത്തെ
എപ്പോഴുമതിന്‍ മീതെ പൂമൂടി
പുകമൂടി തെളിച്ചങ്ങളെ നശിപ്പിക്കും വെളിച്ചത്തെ
ടെറസ്സിലും തെരുവിലും മുറിയിലും
സിമന്‍റുബെഞ്ചിലുമുള്ള ഇരുപ്പിനെ
തുടര്‍ന്നു പോം യാത്രകളെ, അടച്ചിടാന്‍ വെമ്പും
കതകുകളെ, കടന്നു പോകുന്ന വണ്ടിയില്‍ നിന്ന്
നിന്നെ നോക്കും ഇരുട്ടിനെ
മെല്ലെ നിന്നിതള്‍ വിരിയും പറുദീസയില്‍
മുഴങ്ങുന്ന വാങ്കിനെ,
സൈറണുകളെയരികിലെത്തിക്കും യാനങ്ങളെ
വീടും തേനീച്ചതന്‍ അറയും തമ്മിലുള്ളോരു ബന്ധത്തെ
തേനിന്‍ സ്പര്‍ശത്തെ, രതിമൂര്‍ച്ഛയെ
അറവിട്ടു പുറത്തേക്കു പോകാന്‍
വീണ്ടും വെമ്പുന്ന മനസ്സിനെ,
അന്തമില്ലാത്തതാം യാത്രയെ, ശ്രീയല്ലാത്ത ചക്രത്തെ,ഇരുട്ടിനെ.
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home