Tuesday, January 29, 2019

മീശക്കണക്ക്


                                       





വാസ്തവത്തില്‍ എന്‍റെ മുഖം ശ്രീമതിയെ സംബന്ധിച്ചിടത്തോളം വളരെ അലോസരമുണ്ടാക്കുന്ന ഒന്നാണെന്നു എനിക്കു മനസ്സിലായത് ഈയിടെയാണ്. താടിയും മീശയും ശരിയായ അളവിലും ഭംഗിയായും വെട്ടി നിര്‍ത്താത്തത് അലസതകൊണ്ടാണെന്നു അവള്‍ പറയാറുണ്ടായിരുന്നുവെങ്കിലും കാര്യങ്ങള്‍ക്ക് ഇത്ര ഗൗരവമുണ്ടാവുമെന്നു ഞാന്‍ കരുതിയിരുന്നില്ല.

ڇതെക്കേതിലെ രഘൂത്തമന്‍റെ മീശ നോക്ക് മനുഷ്യാ, നിങ്ങടെ മോറുപോലെ കാടുകയറി പാമ്പും നരിയും ഇത്തിള്‍ക്കണ്ണിയും പിടിച്ചു കിടക്കലല്ല. സേവനവാരത്തിനല്ലാതേം ചെരച്ചതുകൊണ്ട് കേടൊന്നുമില്ലെന്നു മനസ്സിലാവാനെങ്കിലും അതൊന്നു കാണുന്നതു നല്ലതാ. മീശകണ്ടാലറിയാം ആളുടെ സ്വഭാവം. ദിലീപിനെ നോക്ക്. ആ മീശകണ്ടാലറിയാം നല്ല തറവാടിത്തമൊള്ള നടനാണെന്ന്. അല്ലാതെ ഒന്നു തെക്കോട്ടും മറ്റേതു വടക്കോട്ടുമായിട്ടു ഒരുതരം നാറ്റോമായിട്ടുള്ള കളിയൊന്നുമല്ല. ആ ഇതൊക്കെ ഇനി പറഞ്ഞിട്ടെന്താ, തോന്നണ്ടപ്പം തോന്നിയില്ലല്ലോ?ڈ

ڇഓ...ഓ.....ڈ

ڇമീശയില്ലെങ്കിലും കുഴപ്പമില്ല, ആ മിഥുന്‍ ചക്രവര്‍ത്തിയൊക്കെ എത്ര സുഖമായി ജീവിക്കുന്നു.ڈ

സാമാന്യം ചടച്ചതും താരതമ്യേന ഇരുണ്ടതുമായ എന്‍റെ മുഖത്ത് ദിലീപിന്‍റേതുപോലൊരു മീശ ചേരാനിടയില്ലെന്ന് അറിയാമെങ്കിലും, എന്‍റെ മേല്‍ച്ചുണ്ടിലെ മീശയുടെ അസമമായ വളര്‍ച്ച ബോദ്ധ്യമുണ്ടെങ്കിലും ഗാര്‍ഹിക സമതുലനത്തെ സംബന്ധിച്ച കാഴ്ചപ്പാടു പ്രകാരം ഇക്കാര്യത്തിലൊരു മേല്‍നടപടിയെന്ന നിലയ്ക്ക് ഞാന്‍ അയാളുടെ കുറേ സിനിമകള്‍ മെനക്കെട്ടിരുന്നു കണ്ടു. അസുഖകരമായകാര്യങ്ങള്‍ പൊതുവായി ചര്‍ച്ചചെയ്യരുതെന്ന് ഗാന്ധിയദ്ദേഹം പറഞ്ഞത് ഒരു പ്രമാണമായി സ്വീകരിച്ചിട്ടുള്ളതുകൊണ്ട് ഇക്കാര്യത്തിലുള്ള എന്‍റെ അനുഭവം പ്രസ്താവനായോഗ്യമല്ല എന്നു മാത്രം ഇവിടെ ബോധിപ്പിക്കുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും സിനിമകളില്‍ ദിലീപ് പ്രത്യക്ഷപ്പെട്ടത് പലതരം മീശകളുമായാണെന്നും അവയുടെ ഒരു ആദര്‍ശഘടന കണ്ടെത്തണമെന്നുണ്ടെങ്കില്‍ കുറേക്കൂടി സങ്കീര്‍ണ്ണമായ വിശകലന സമ്പ്രദായങ്ങള്‍ ആവശ്യമാണെന്നും എനിക്കു ബോദ്ധ്യമായി.

മീശകളുടെ ഘടനയെക്കുറിച്ച് കാര്യമായ അവഗാഹമില്ലാതെ ഒരു മീശ വെച്ചുകൊണ്ടു നടക്കാനിടയായതില്‍ കുറച്ചൊരു കുറ്റബോധവുമുണ്ടായി എന്നു പറയാതെ വയ്യ. വിശ്വ പ്രശസ്ത മീശക്കാരുമായുള്ള ഒരു താരതമ്യത്തിനാണ് ഞാനാദ്യം മുതിര്‍ന്നത്. നീത്ഷെ, ഐന്‍സ്റ്റീന്‍, മാര്‍ക്കേസ് മുതല്‍പ്പേരുടേതുള്‍പ്പെടെ മീശകള്‍ ഈയുദ്ദേശത്തോടെ പരിശോധിക്കാനിടയായത് അടുത്തിടെയായി മുതലക്കൂപ്പു കുത്തിയിരുന്ന എന്‍റെ ആത്മാഭിമാനത്തെ കുറച്ചൊന്നുമല്ല വിജൃംഭിപ്പിച്ചത്. മഹാന്മാരുടെ പേരുകള്‍ ഇടയ്ക്കിടെ ഉച്ചരിച്ചുകൊണ്ടിരുന്നാല്‍ നമ്മളുടെ മഹത്വത്തിനും അല്പം വര്‍ദ്ധനവുണ്ടാവുമെന്നുള്ളത് സുവിദിതമാണല്ലോ? അബദ്ധത്തില്‍ പോലും ഒരു ഹിറ്റ്ലറുടെയോ സ്റ്റാലിന്‍റെയോ അദ്വാനിയുടെയോ മീശവെക്കാനിടയാവാഞ്ഞതില്‍ എനിക്കഭിമാനം തോന്നി. അങ്ങനെ വല്ലതും സംഭവിച്ചിരുന്നെങ്കില്‍!! ഒരു മീശവെയ്ക്കുന്നതില്‍ ഇങ്ങനെയുള്ള ഏടാകൂടങ്ങളുണ്ടാവുമെന്ന് ആരു വിചാരിച്ചു!.

എന്‍റെ പ്രിയപ്പെട്ട പുരുഷ എഴുത്തുകാരായ ജയിംസ് ബാള്‍ഡ്വിന്‍, നികാനോര്‍ പാര്‍റ, ഇമ്മാനുവല്‍ ലെവിനാസ്, ബ്രഹ്ത്, കാല്‍വിനോ തുടങ്ങിയ പലരുടേയും ലഭ്യമായ ചിത്രങ്ങളില്‍ അവര്‍ക്ക് മീശ തന്നെ ഉണ്ടായിരുന്നില്ല, നാട്ടിലെ എഴുത്തുകാരില്‍ പട്ടത്തുവിളയും, സി.അയ്യപ്പനും, ബഷീറും, ജോസഫുമൊക്കെ മീശക്കാരായിരുന്നെങ്കിലും എഴുത്തല്ലാതെ അവരിലാരുടേയും മീശ എനിക്കത്ര സ്വീകാര്യമായി തോന്നിയതുമില്ല.
 ഏതുകാര്യമാണെങ്കിലും വേണ്ടത്ര പഠിച്ചുവേണം ചെയ്യാനെന്ന സ്കൂളിലെ മലയാളം മാഷായിരുന്ന മോസ്സസ് സാറിന്‍റെ ഉപദേശമായിരുന്നു എനിക്കു പഥ്യം. അതുകൊണ്ട് ഞാനെന്‍റെ സുഹൃത്തുക്കളുമായി മീശയെക്കുറിച്ച് പലപ്പോഴും ചര്‍ച്ചചെയ്തുതുടങ്ങി.
ڇഒരാട് ഒരിക്കലും അതിന്‍റെ പൂടയെക്കുറിച്ചു ആലോചിച്ച് സമയം കളയുന്നുണ്ടാവില്ല, മനുഷ്യരാണ് എപ്പോഴും ഒരുപ്രയോജനവുമില്ലാത്ത ഇത്തരം കാര്യങ്ങളാലോചിച്ച് നേരം കളയുക.ڈഎന്ന് സുരേഷ് പറഞ്ഞത് ഞാന്‍ കാര്യമായെടുത്തില്ല.
രവീന്ദ്രനാണ് ഒരുദിവസം മീശയെക്കുറിച്ചു ചര്‍ച്ച ചെയ്യുന്ന ചില വെബ്ബ്സൈറ്റുകളെക്കുറിച്ച് പറഞ്ഞത്. അവന്‍ നല്കിയ വെബ്ബ് അഡ്ഡ്രസ്സ് ഉപയോഗിച്ച് വിശദമായി സേര്‍ച്ചുചെയ്യുവാനായി ഞാന്‍ കംപ്യൂട്ടറിനു മുന്നിലിരുന്നു.


ڇസ്വന്തം മുഖമൊന്നു ചെരയ്ക്കാന്‍ നേരമില്ലാത്തപുള്ളി ദേ കംപ്യൂട്ടറിനു മുന്‍പിലിരുന്ന് ചെര പഠിക്കുന്നു.ڈ
അമ്മ പറഞ്ഞതു കേട്ടപ്പോള്‍ ദേഷ്യം വന്നെങ്കിലും ഒന്നും മിണ്ടിയില്ല.
ജനാലയ്ക്കപ്പുറത്ത് തെളിഞ്ഞ നീലാകാശത്ത് വെണ്മേഘം ഒരു മീശയുടെ ആകൃതി പ്രാപിച്ചിട്ട് മെല്ലെ നീങ്ങിപ്പോയി.
ڇലോകത്തിനുമുഴുവന്‍ സ്വീകാര്യമായ ഒരൊറ്റ മീശയേയുള്ളൂ. അത് മീശയില്ലാത്ത അവസ്ഥയാണ്.ڈ എന്ന നാം വോണ്‍ പൈക്കെന്ന കൊറിയന്‍ എഴുത്തുകാരന്‍റെ അഭിപ്രായം ഏതാണ്ടു പതിനേഴുവയസ്സു വരെയുള്ള എന്‍റെ കാഴ്ചപ്പാടിനെ അടയാളപ്പെടുത്തുന്നതായിരുന്നു. എന്നാല്‍ മേല്‍ച്ചുണ്ടില്‍ കുനുകുനുന്നനെ രോമങ്ങള്‍ പൊട്ടിമുളയ്ക്കുവാന്‍ തുടങ്ങിയ പതിനെട്ടാം വയസ്സിനപ്പുറത്തേക്ക് ഈ വാദം സ്വീകരിച്ചിരുന്നുവെങ്കില്‍ നിത്യേനയെന്നോണം എനിക്കു ക്ഷൗരം ചെയ്യാന്‍ അരമണിക്കൂറെങ്കിലും ചെലവഴിക്കേണ്ടതായി വന്നേനെ. ശരാശരി അരമണിക്കൂറ് വെച്ച് മുന്നൂറ്റിയറുപത്തഞ്ച് ദിവസവും ആകെ എനിക്കു കിട്ടാനിടയുള്ള പരമാവധി ആയുസ്സായ അറുപത് വര്‍ഷത്തില്‍ നിന്ന് മീശയില്ലാത്ത പതിനേഴുവര്‍ഷം കുറച്ചാല്‍ ബാക്കിവരുന്ന നാല്‍പത്തിയേഴുമായി ഗുണിച്ചാല്‍ കിട്ടുന്ന അത്രയും സമയം, അതായത് ഏഴായിരത്തി എണ്ണൂറ്റി നാല്‍പ്പത്തിയേഴു മണിക്കൂറും മുപ്പതു മിനിറ്റും,  അതിനായി ചെലവഴിക്കേണ്ടതായി വന്നേനെ. ഹെന്‍റെയമ്മോ! എന്തൊരു നഷ്ടം.(ഞാന്‍ വെറുതേയിരുന്നും മറ്റ് അനാവശ്യകാര്യങ്ങള്‍ക്കായും ചെലവഴിക്കുന്ന സമയമെത്രയാണ് എന്ന ചോദ്യവുമായി എന്നെ നേരിടാന്‍ വരേണ്ട. ഓരോന്നിനും ഓരോ കാലമുണ്ടെന്നല്ലേ?)
മഹാന്മാരും അല്ലാത്തവരുമായ പലരും താടിവളര്‍ത്തിയതിനു പിന്നിലുള്ള രഹസ്യം ഈ കണക്കായിരുന്നു എന്ന് എന്‍റെ ശ്രീമതി എന്തുകൊണ്ട് ആലോചിക്കുന്നില്ല?. മുടിനീട്ടി വളര്‍ത്തിയിട്ടുള്ള ഒരുവളെന്ന നിലയ്ക്ക് എന്നോട് അനുഭാവപൂര്‍വ്വമുള്ള ഒരു സമീപനം സ്വീകരിക്കുവാന്‍ അവള്‍ക്കു ബാദ്ധ്യതയില്ലേ? അവള്‍ക്കു മീശയുണ്ടായിരുന്നെങ്കില്‍!.
തൊഴിലുകൊണ്ട് കണക്കപ്പിള്ളയാണെങ്കിലും ഇക്കാര്യത്തിലവള്‍ എന്‍റെ കണക്കൊന്നും സ്വീകരിക്കാനിടയില്ല.
കെന്‍ ഡികാപ്രിയോ എന്ന പ്രശസ്തനായ ബ്ളോഗറുടെ മാതൃകാ മീശകളെക്കുറിച്ചുള്ള വിശകലന മാതൃകയാണ് ഞാന്‍ അടുത്തതായി പരിഗണിച്ചത്. മീശകളെക്കുറിച്ചുള്ള ഒരു വസ്തുനിഷ്ഠ വിശകലനത്തിന് സഹായകമായ രീതിയില്‍ രൂപകല്പന ചെയ്യപ്പെട്ടിട്ടുള്ളതാണ് ഈ ബ്ളോഗ്. എന്നാല്‍ ബ്ളോഗറുടെ ചില മുന്‍വിധികള്‍ ആദ്യ പരിശോധനയില്‍ തന്നെ വ്യക്തമാണ്. രോമമില്ലാത്തതോ പറ്റെ വടിച്ചതോ ആയ മുഖങ്ങളൊന്നും ഈ ബ്ളോഗറുടെ പരിഗണനയില്‍ വരുന്നതേയില്ല. താടിവെച്ച ആളുകളേയും അയാള്‍ ഈ വിശകലനത്തില്‍ മേമ്പൊടിയ്ക്കല്ലാതെ കണക്കിലെടുക്കുന്നില്ല. മീശ..., മീശ മാത്രം!!. ലോകത്ത് മീശകളുടെ ആറുതരം ആദര്‍ശമാതൃകകളാണുള്ളതെന്നും മറ്റുള്ള മീശകളെല്ലാം ഇവയുടെ വിവിധ ചേരുവകളാണെന്നും ഘടനാവാദപരമായി സമര്‍ത്ഥിക്കുകയാണ് ഈ മീശകാര്യവിദഗ്ദ്ധന്‍. മാതൃകാ മീശകളെ കണ്ടെത്തുന്നതിനായി അയാള്‍ ഉപയോഗിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ താഴെപ്പറയുന്നവയാണ്.
1. മൂക്കിനു താഴെ മേല്‍ച്ചുണ്ട് വരെയുള്ള ഭാഗത്തിന്‍റെ വീതിയും മീശയുടെ വീതിയും തമ്മിലുള്ള അനുപാതത്തെ അടിസ്ഥാനമാക്കിയുള്ള സാര്‍വ്വദേശീയ മീശക്കണക്ക് (ഇന്‍റര്‍നാഷണല്‍ മസ്റ്റാഷ് ഇന്‍ഡെക്സ്).
2. മീശരോമങ്ങളുടെ ശരാശരി നീളവും കീഴ്ച്ചുണ്ടുമായുള്ള അതിന്‍റെ അകലവും വെച്ചു കണക്കാക്കപ്പെടുന്ന അരിപ്പ മീശക്കണക്ക് (മസ്റ്റാഷ് സീവ് ഇന്‍ഡെക്സ്).
3. മീശരോമങ്ങള്‍ മുഖത്തിന്‍റെ എത്രഭാഗം മൂടുന്നുണ്ട് എന്നതെ അടിസ്ഥാനപ്പെടുത്തിയുള്ള മീശ വിസ്തൃതിക്കണക്ക്.(മസ്റ്റാഷ് ഏരിയ ഇന്‍ഡെക്സ്).
4. മീശകളിലെ രോമസാന്ദ്രതയെ അടിസ്ഥാനമാക്കിയുള്ള മീശക്കനക്കണക്ക്(സെന്‍റിപ്പീഡ് മസ്റ്റാഷ് ഡെന്‍സിറ്റി ഇന്‍ഡെക്സ്).
ഈ നാല് വിശകലന പദ്ധതികളെ അടിസ്ഥാനമാക്കി വിവിധതരക്കാരായ 999 മീശക്കാരിലും ഒരു മീശ വടിച്ചയാളിലും നടത്തിയ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ അദ്ദേഹം ആറു പ്രാഗ് മാതൃകകളനുസരിച്ചാണ് മീശകള്‍ നിലനില്ക്കുന്നത് എന്നു സിദ്ധാന്തിച്ചു. സാധാരണ ഭാഷയില്‍ അവ 1. കപ്പടാ മീശ,2. പഴുതാര മീശ, 3. അരിപ്പ മീശ, 4. മിഡില്‍ക്ലാസ്സ് മീശ, 5. കൗബോയ് മീശ, 6.ഹിറ്റ്ലര്‍ മീശ എന്നിവയാണ്.

സാല്‍വദോര്‍ ദാലിയുടെ മീശ ഇതുപ്രകാരം പഴുതാര മീശ, കൗബോയ് മീശ, കപ്പടാമീശ എന്നിവ ചേര്‍ന്നുണ്ടായതാണെന്ന് അദ്ദേഹം തെളിവുസഹിതം സമര്‍ത്ഥിച്ചു.
വിവാദവിഷയമായ എന്‍റെ മീശ അരിപ്പ മീശയും പഴുതാരമീശയും ഇടകലര്‍ന്നതാണെന്നും ദിലീപിന്‍റേത് ഒരു ലക്ഷണമൊത്ത മിഡില്‍ക്ലാസ്സ് മീശയാണെന്നും നിങ്ങള്‍ ഇതിനകം ഊഹിച്ചിരിക്കുമല്ലോ.


ഈ കണ്ടെത്തലുകള്‍ ഞാനെന്‍റ സുഹൃത്തായ സുകുമാരനോടു പറഞ്ഞുവെങ്കിലും അയാളീ ശാസ്ത്രീയ നിലപാടുകളില്‍ വലിയ കഥയുണ്ടെന്നു കരുതിയില്ല. സാധാരണക്കാര്‍ക്കിടയില്‍ ചിട്ടപ്പെടുത്തപ്പെട്ടിട്ടില്ലാത്ത അനേകം മീശവഴക്കങ്ങള്‍ നിലനില്‍ക്കുന്നുവെന്നും അവയെയെല്ലാം ഈ സാമാന്യീകരണം ഉള്‍ക്കൊള്ളുന്നില്ലെന്നും മീശകളിലെ യഥാര്‍ത്ഥത്തിലുള്ള ബഹുലതയെ നേരിടാന്‍ കോപ്പില്ലാത്ത ഘടനാവാദചിന്ത കണ്ടെത്തിയ വ്യാജമറുപടിയാണ് മീശഘടനാശാസ്ത്രം എന്നുമായിരുന്നു അയാളുടെ വാദം. അതേതായാലും ഇക്കാര്യത്തില്‍ ഒരു നിലപാടെടുക്കുവാന്‍ ഞാന്‍ വിസമ്മതിക്കുന്നു. ശാസ്ത്രചിന്തയാണല്ലോ എന്‍റെ എക്കാലത്തേയും മികച്ച സമരായുധം.


എന്‍റെ ഗവേഷണത്വരയേയും നിഗമനങ്ങളേയും പൊതുവേ നിസ്സംഗതയോടെ കാണുന്ന ഭാര്യയുടെ മുന്നില്‍ ഈ വിഷയങ്ങളിലുള്ള എന്‍റെ പുതിയ പഠനഫലങ്ങള്‍ അവതരിപ്പിക്കുവാന്‍ അവസരം പാര്‍ത്തിരിക്കെയാണ് ڇമീശയും ആരോഗ്യവുംچ എന്ന വിഷയത്തെക്കുറിച്ച് ഡോ.ചെസ്റ്റേര്‍ട്ടണ്‍ എന്ന ശ്വാസകോശരോഗവിദഗ്ദ്ധന്‍ ഒരു ശാസ്ത്രമാസികയില്‍ എഴുതിയ ലേഖനം ഞാന്‍ കാണാനിടയായത്. മുന്‍ ധാരണകളില്‍ നിന്നു വിരുദ്ധമായി മീശയുടെ കനമേറുന്നതിനനുസരിച്ച് ആളുകളില്‍ ശ്വാസകോശരോഗസാദ്ധ്യതകള്‍ കുറഞ്ഞുവരുന്നതായി മസാച്ചുസെറ്റ്സ് സര്‍വ്വകലാശാലയില്‍ നടന്ന പഠനങ്ങള്‍ തെളിയിക്കുന്നതായി ആ ലേഖനം ശക്തമായ തെളിവുകള്‍ നിരത്തി വാദിച്ചു.

മീശരോമങ്ങള്‍ ശ്വാസകോശത്തിലേക്കുള്ള അന്തരീക്ഷ മാലിന്യങ്ങളുടെ സുഗമമായ ഒഴുക്കിനെ തടയുന്നു എന്ന വസ്തുതയെങ്കിലും എന്‍റെ അരിപ്പ/പഴുതാര മീശയ്ക്ക് മിഡില്‍ക്ലാസ്സ് മീശയുടെ മേല്‍ ഒരു താത്കാലിക വിജയമെങ്കിലും നേടിത്തരും എന്ന പ്രതീക്ഷയിലാണ് ഞാനിപ്പോള്‍.


0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home