കിളിക്കൂടിന്‍റെ തച്ചുശാസ്ത്രം
ഒരു ബദാം മരത്തിന്‍റെ അഴകുള്ള പന്തലിപ്പില്‍
(ഒരു ഫ്ളാറ്റ് ഫ്ളാറ്റല്ലാത്തതു പോലെ
ഇവിടെയും ഇലകളുടെ മേലുകീഴ് വ്യവസ്ഥകളുള്ളതു
മറന്നല്ല പറയുന്നത്)
ഇലയ്ക്കുള്ളില്‍ പഞ്ഞിയും നാരും കൊണ്ടു മെനഞ്ഞ
പതുപതുപ്പില്‍ കുരുവി മുട്ടയിടുന്നതും
ഇരതേടിപ്പോവുന്നതും
കുട്ടി നിത്യേനയെന്നോണം പിന്തുടര്‍ന്നു.
കിളിയുടെ തൂവലിനിടയിലൂടെ മുട്ടകള്‍
പ്രത്യക്ഷമാവുന്നതും
ക്രമേണ അവ പിളര്‍ന്ന് കിളിക്കുഞ്ഞുങ്ങള്‍
ബദാംമരച്ചില്ലയില്‍ തത്തിക്കളിക്കുന്നതും
അവന്‍ കണ്ടു.
മുറ്റത്തെ ഹൈഡ്രേഞ്ചിയയുടെ ഇലകള്‍
കൂട്ടിത്തുന്നിയായിരുന്നു കിളിയുടെ
മറ്റൊരു പരീക്ഷണം.
പൂച്ചകളില്‍ നിന്നവയെ കാക്കുവാന്‍
ഒരു പ്രാര്‍ത്ഥനയുടെ ഇടവരമ്പു മാത്രമേ
ഉണ്ടായിരുന്നുള്ളുവെങ്കിലും
ആ കുഞ്ഞുങ്ങളും പറക്കമുറ്റി.
കായല്‍ വരമ്പിലെ തെങ്ങില്‍ കൂടുകൂട്ടിയ
തൂക്കണാംകുരുവി
ആരെയാവും ഭയന്നിരക്കുക?
പക്ഷിക്കൂടുകളുടെ തച്ചുശാസ്ത്രം
അവയേതു സ്ഥാപനത്തില്‍ നന്നു പഠിച്ചു?
എത്ര ലളിതവും സുതാര്യവുമാണവയുടെ വഴികള്‍.
എത്ര കാലത്തെ ജീവിതം കൊണ്ടാണ്
ഒരു കുരുവിക്കു മതി തീരുക?
എത്ര കൂടുകളാണ് അവളുടെ കൊക്കുകള്‍
പണിതീര്‍ത്തിട്ടുണ്ടാവുക?
എത്ര ഇണകളുടെ പ്രണയസാഫല്യങ്ങളെയാണ്
ഈ മുട്ടകള്‍ കുടത്തിലടച്ചിട്ടുള്ളത്?
ഏതെങ്കിലും മുട്ടയില്‍ നിന്ന് ഇരട്ടകള്‍ വിരിയുന്നത്
വളവില്ലാത്ത ഒരുമലയാളമക്ഷരം (ഗൗതമിനോടു കടപ്പാട്)
പോലെ വിരളമല്ലേ?
എന്തുകൊണ്ടാണ് നേര്‍വരകളെ ഈ ഭാഷ കയ്യൊഴിഞ്ഞത്?
രണ്ടു ബിന്ദുക്കളെ ബന്ധിപ്പിക്കുവാന്‍
ഏതക്ഷരവും ഒരു വളവിന്‍റെയെങ്കിലും
ചിന്താദൈര്‍ഘ്യത്തെ കൂട്ടുപിടിച്ചത്?
രണ്ടുണ്ണികളുള്ള മുട്ടകള്‍ ചന്തയിലെത്തുമ്പോള്‍
നാമവയെ എങ്ങിനെ വരവേല്‍ക്കണം?
പല നിലകളുള്ള കുരുവിക്കൂടിനെ,
നൂല്‍ക്കമ്പികളാല്‍ തീര്‍ത്ത കാക്കക്കൂടിനെ-
അസാധ്യത അസാധ്യമാണെന്നു തിരിച്ചറിയപ്പെടുന്ന
ഒരു കാലത്ത്.
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home