റബ്ബര്‍
ഞാന്‍ ജനിച്ച പട്ടണമായ കോട്ടയത്തെ പൊതുബോധത്തില്‍ അടയാളപ്പെടുത്തുന്നത് റബ്ബറാണെന്നൊരു വാദം കോള്‍ക്കാറുണ്ട്. കോട്ടയം ജില്ലയില്‍ റബ്ബര്‍ തോട്ടങ്ങള്‍ ധാരാളമുണ്ടെന്നതൊരു വസ്തുതയാണു താനും. അതേതായാലും ഏകവിളത്തോട്ടങ്ങളുടെ പാരിസ്ഥതികാഘാതം വ്യവസായങ്ങളുടേതുമായി താരതണ്യപ്പെടുത്തുമ്പോള്‍ കുറവുതന്നെയാണെന്നാണെനിക്കു തോന്നിയിട്ടുള്ളത്. തെങ്ങ്, തേയില, കാപ്പി, കവുങ്ങ് തുടങ്ങി ഈ നിലയില്‍ കൃഷിചെയ്യപ്പെടുന്ന സസ്യങ്ങള്‍ റബ്ബറിനോളം വിമര്‍ശനം ഏറ്റു വാങ്ങേണ്ടി വരാത്തത് റബ്ബര്‍ കര്‍ഷകരില്‍ ഗണ്യമായ ഒരു പങ്ക് കൃസ്ത്യാനികളായതുകൊണ്ടു കൂടയാണെന്നു തോന്നുന്നു. മറ്റൊരു കാര്യം അവയ്ക്കു ഭക്ഷ്യക്രമവുമായുള്ള ബന്ധമാവാം. റബ്ബറാണെങ്കില്‍ ഒരു നാണ്യവിളയാണ് താനും. കോട്ടയംകാര്‍ ക്രിസ്ത്യാനികളും പൊതുവേ ധനികരും ആണെന്നും ആ സമ്പന്നതയ്ക്കടിസ്ഥാനം റബ്ബറാണെന്നുമാണ് ഇക്കൂട്ടരുടെ വാദം. കോട്ടയത്തെ സാഹിത്യത്തിനെന്നപോലെ റബ്ബറിനും അതുമൂലം ഒരു വിലയിടിവു സംഭവിച്ചിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും കോട്ടയം പട്ടണത്തില്‍ ജനിച്ച ഞാന്‍ ആ കഥയിലെ വില്ലനായ റബ്ബര്‍ മരവുമായി ആദ്യം അടുത്തിടപഴകുന്നത് മിഡില്‍ സ്കൂള്‍ പഠനകാലത്താണെന്നു തോന്നുന്നു.
റബ്ബര്‍ പന്തുകളും ചെരുപ്പുകളും ടയറുകളും മായ്ക്കാനുള്ള റബ്ബറും ഒക്കെയായി അത് പരിചിതമായിരുന്നെങ്കിലും ഈ മരവുമായി അടുത്തിടപഴകുന്നത് അക്കാലത്താണെന്നു ചുരുക്കം. ഞങ്ങളുടെ വീടിന്‍റെ അടുത്ത പരിസരങ്ങളില്‍ റബ്ബര്‍ കൃഷി കാര്യമായുള്ള ഇടങ്ങള്‍ കുറവായിരുന്നതാണ് ഒരു കാരണം. നാടന്‍ പന്തു കളിക്കുന്നതുമായി ബന്ധപ്പെട്ട ആവശ്യങ്ങളാണ് കുട്ടികളായിരുന്ന ഞങ്ങളെ ഈ മരം തേടിപ്പോവാന്‍ പ്രേരിപ്പിച്ചത്. നാടന്‍പന്തുകളി കോട്ടയം,ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ നടപ്പുള്ള ഒരു വിനോദമാണ്, ഈ കളിക്കാവശ്യമായ പന്തുകള്‍ നിര്‍മ്മിച്ചിരുന്നത് പ്രാഥമികമായും മൂന്നു വിധത്തിലാണ്. അല്പം ഉയര്‍ന്ന നിലവാരത്തിലുള്ള ടൂര്‍ണ്ണമെന്‍റുകള്‍ക്ക് തോല്‍പ്പന്തുകള്‍ ആണ് ഉപയോഗിക്കുക. വൃത്താകൃതിയിലുള്ള ഏതാണ്ട് പന്ത്രണ്ടോ പതിമൂന്നോ സെന്‍റീമീറ്റര്‍ വ്യാസമുള്ള രണ്ട് തുകല്‍ക്കഷണങ്ങള്‍ അകത്ത് പഞ്ഞ നിറച്ച് ഇരുവശവും പരന്ന് തുന്നക്കൂട്ടി പോളീഷ് ചെയ്തെടുത്തതാണു തുകല്‍ പന്തുകള്‍. അവ താരതമ്യേന കൂടുതല്‍ സമയം നിലനില്‍ക്കുന്നതും മയമുള്ളവയും ആണ്. സാധാരണ കളികള്‍ക്ക് അധികവും കട്ടിയുള്ള തുണി ഇങ്ങനെ തുന്നിക്കൂട്ടി അകത്തു തുണിക്കഷണങ്ങളോ പഞ്ഞിയോ നിറച്ച പന്തുകളോ നീണ്ട തുണിക്കഷണങ്ങള്‍ ചുറ്റിച്ചുറ്റി (ഭാരത്തിനായി ചിലപ്പോള്‍ അകത്തൊരു ചെറിയ കല്ലോ മറ്റോ വെക്കും)റബ്ബര്‍ പാല് തേച്ചുണ്ടാക്കിയ പന്തുകളോ ആണുപയോഗിക്കുക. തുണിപ്പന്തുകള്‍ എളുപ്പം വയറുപൊട്ടി അകത്തെ സാമഗ്രികള്‍ പുറത്തു ചാടുമെന്നതിനാല്‍ റബ്ബര്‍ പന്തുകള്‍ക്കാണ് കുറേക്കൂടി പ്രിയം.. ക്രിക്കറ്റിന്‍റ ഭാഷ ഉപയോഗിച്ചു പറഞ്ഞാല്‍ സാമാന്യം ബൗണ്‍സ് ലഭിക്കുന്നവയും. ഈ പന്തുണ്ടാക്കാനാണു ഞാനും സുരേഷും ചിലപ്പോള്‍ റെജിയും ഒക്കെച്ചേര്‍ന്ന് റബ്ബര്‍ മരം തേടി മുട്ടമ്പലം ഗവണ്‍മെന്‍റ് സ്കൂളിലെത്തുക.
ഇതെങ്ങിനെയുണ്ടാക്കും ഈ പന്ത്?
-റബ്ബര്‍പാലുമുക്കിയ ചന്ത് ആദ്യമായി കണ്ടപ്പോള്‍ ഞാന്‍ സുരേഷിനോടു തിരക്കി..
അതിന് സ്വല്പം പണിയുണ്ട്. എന്‍റെ കൂടെ വരാമെങ്കില്‍ നമ്മള്‍ക്കു പന്തുണ്ടാക്കാം.
പിന്നെന്താ? ഞാന്‍ പറഞ്ഞു.
അങ്ങനെയാണ് ഞങ്ങള്‍ മുട്ടമ്പലം സ്കൂളിലെത്തുന്നത്. തുണിചുറ്റിച്ചുറ്റി പന്തിന്‍റെ ഷേപ്പിലാക്കിയത് ഓരോരുത്തരുടേയും കയ്യിലുണ്ട്. സ്കൂളിന്‍റെ പിന്നിലെ ചെറിയ ഗ്രൗണ്ടിന്‍റെ അരികിലാണ് മൂന്നു വയസ്സന്‍ റബ്ബര്‍ മരങ്ങള്‍ നില്ക്കുന്നത്. ഒരു തോട്ടത്തിലായിരുന്നെങ്കില്‍ പണ്ടേ സ്ളോട്ടര്‍ ടാപ്പിങ്ങും കഴിഞ്ഞ് വെട്ടി മാറ്റപ്പെടുമായിരുന്ന ആ മരം (സ്ലോട്ടര്‍- കൊലപാതകം എന്ന പദമാണ് ഈ വെട്ടിമാറ്റലിനെ കുറിക്കാന്‍ ഉപയോഗിക്കുന്നതെന്നുള്ളതു ശ്രദ്ധേയമാണ്. ഒരു മരം വെട്ടുന്നതും സ്ലോട്ടര്‍ തന്നെയാണല്ലോ) ടാപ്പിങ്ങ് ഇല്ലായിരുന്നെങ്കിലും സ്കൂളിന്‍റെ പറമ്പിലായതു കൊണ്ട് അന്നും നിലനിന്നിരുന്നു.
രണ്ടു ടീമുകളായി തിരിഞ്ഞുള്ള കളിയില്‍ എത്ര കളിക്കാര്‍ ഓരോ ടീമിലുമുണ്ടാവണം എന്ന് കൃത്യമായി നിജപ്പെടുത്തിയിട്ടില്ല. ഒറ്റയ്ക്കൊറ്റയ്ക്ക് രണ്ടു പേര്‍ തമ്മിലോ ഗ്രൗണ്ടിന്‍റെ വലുപ്പമനുസരിച്ച് എട്ടോ പത്തോ പേരുള്ള ടീമുകളായോ ഒക്കെ കളിക്കാം എന്നു ചുരുക്കം. വെട്ടുപന്തു കളിക്കായിത്തന്നെ ഒരുക്കിയിട്ടുള്ള ഒരു മൈതാനം ഞാന്‍ കണ്ടിട്ടുള്ളതു പുതുപ്പള്ളി.യിലാണ്. ഒരു ടീമിലെ അംഗങ്ങള്‍ പന്തു കൈകൊണ്ടു വെട്ടി എതിര്‍ വശത്തെ ടീം നില്‍ക്കുന്നതിനു പിന്നിലെ അതിര്‍ത്തിയലേക്കു പായിക്കുന്നു. എതിര്‍ ടീം പന്ത് അതരു കടക്കാതെ തിരിച്ചടിക്കുന്നു. ആരുടെയെങ്കിലും വശത്തെ അതിരുകടന്ന് പന്തു പോകുന്നതു വരെ പന്ത് അങ്ങോട്ടുമിങ്ങോട്ടും തട്ടിക്കൊണ്ടിരക്കും.എതിരാളികളുടെ അതിര്‍ത്തി പന്തു ഭേദിച്ചാല്‍ വെട്ടുന്ന ടീമാണെങ്കില്‍ അവര്‍ക്കൊരു പോയിന്‍റു കിട്ടും. മറുടീം പന്തടിച്ചു ഇപ്പുറം കളഞ്ഞാല്‍ ആരാണോ വെട്ടിയത് അയാളുടെ കളി പോവും. പിന്നെ ആ ടീമിലെ അടുത്ത ആള്‍ വെട്ടും. സുരേഷ്, സുനില്‍, അനില്‍ തുടങ്ങിയവരൊക്കെയായിരുന്നു ഞങ്ങളുടെ കളത്തിലെ നല്ല കളിക്കാര്‍. ഒറ്റ, പെട്ട, പിടിയന്‍, താളം, കീഴ്, ഇണ്ടന്‍ ഇങ്ങനെയായിരുന്നു സ്കോറിങ്ങിന്‍റെ കണക്ക്. ഓരോന്നിനും മൂന്നെണ്ണമെടുത്താല്‍ അടുത്തതിലേക്ക് കടക്കും. ഇണ്ടന്‍ മൂന്നു കഴിഞ്ഞാല്‍ വീണ്ടും ഒറ്റ മുതല്‍ തുടങ്ങും. ഒരു ടീമിലെ ആളുകളെല്ലാം വെട്ടിക്കഴിഞ്ഞാല്‍ എതിര്‍ ടീം വെട്ടി അവരെടുത്തതിനപ്പുറം സ്കോറെടുക്കണം. കൂടുതല്‍ സ്കോറെടുക്കുന്ന ടീം ജയിക്കും.
സുരേഷ് വെട്ടുപന്തു കൂടാതെ വടികളുപയോഗച്ചുള്ള പയറ്റ്, കത്തിയെറിഞ്ഞു മരത്തില്‍ കുത്തിനിര്‍ത്തുക, പമ്പരം കുത്ത് തുടങ്ങിയവയിലും വിദഗ്ദ്ധനാണ്. റബ്ബര്‍ മരങ്ങള്‍ വേറെയുമാണ്ടായിരുന്നിരിക്കാമെങ്കിലും അടുത്ത പ്രദേശത്ത് ഞങ്ങള്‍ക്കു കയറി പാലെടുക്കാവുന്നതുള്ളത് ആ സ്കൂളിലേതു മാത്രമായിരുന്നു.
ഓരോ തരത്തിലുള്ള വെട്ടും വ്യത്യസ്തമാണ്. ഒറ്റയ്ക്ക് ഒരു കൈ കൊണ്ടു പിടിിച്ച് അതേ കൈയുപയോഗിച്ച് അല്‍പം പൊക്കിയട്ടിട്ട് തട്ടയകറ്റണം. ഫെട്ടയ്ക്ക് ഒരു കൈയല്‍ പിടിച്ചിട്ട് മറ്റെ കൈകൊണ്ട് തട്ടണം. പിടിയന് ഒരു കൈ പുറകില്‍ വെച്ച് മറ്റേ കൈകൊണ്ട് തട്ടണം. താളത്തിന് പന്തു പൊക്കിയിട്ടിട്ട് തുടയില്‍ താളം കൊട്ടിയട്ട് തട്ടിയകറ്റണം. കീഴിന് ഒരു
കാലുയര്‍ത്തി അതിനു കീഴലൂടെ പന്തിട്ട് തട്ടിയകറ്റണം. ഇണ്ടന് പന്തിട്ടിട്ട് അന്തരീര്ഷത്തല്‍ വെച്ചു തന്നെ കാലുകൊണ്ടു എതിര്‍ ടീമിന്‍റെ അതിരനപ്പുറത്തേക്കു വെട്ടണം. മുന്നില്‍ കയറി നില്‍ക്കുന്ന പിടുത്തക്കാരും പിന്നില്‍ നിന്നു പന്തു കൊത്തിയകറ്റുന്ന കളിക്കാരുമുണ്ടാവും. കളത്തിനു പുറത്തേ വശങ്ങളലേക്കു തട്ടിക്കളഞ്ഞാല്‍ പന്ത് ഔട്ടാണ്. കാലുകൊണ്ടുള്ള തട്ടുകള്‍ക്കും പല പേരുകളുണ്ട്. കാല്‍പാദം നേരെ വച്ച് പന്തു കൊത്തിയകറ്റുന്ന മടക്കന്‍, കൊത്ത്, ഉള്ളം കാലുകൊണ്ട് തൊഴിച്ചകറ്റുന്ന ചടയന്‍, ചട്ടപ്പാതി ഇവ കൂടാതെ കളത്തില്‍ നിശ്ചലമാവുന്ന പന്ത് കാലുകോണ്ടു കോരിയെറിയുന്ന കോരാണ് മറ്റൊന്ന്. പിടുത്തക്കാരില്‍ പൊക്കി വെട്ടി പന്ത് അതിരു കടത്താന്‍ കഴിവുള്ളവര്‍ക്കാവും കേറിനിന്നു പൊങ്ങി വരുന്ന പന്ത് പിടിക്കാനുള്ള ദൗത്യവും വരുക.
സുരേഷിനോടൊപ്പം ഞങ്ങളുടെ ചെറുസംഘം സ്കൂളിലെ മരച്ചുവട്ടിലെത്തി. അന്ന് എന്‍റെ അമ്മയുടെ ചേച്ചി സരോജിനി ആ സ്കൂളില്‍ അദ്ധ്യാപികയാണ്. പിന്നീടവര്‍ അവിടെ ഹെഡ്മിസ്ട്രസ്സായി. ഞങ്ങളവിടെ വെച്ച് അമ്മച്ചിയെ കാണാനിട വന്നിട്ടേ ഇല്ല. ഞങ്ങളുടെ സാന്നിധ്യം അവര്‍ അറിഞ്ഞരുന്നോ എന്നും നിശ്ചയമില്ല.
സാധാരണ കാണപ്പെടുന്ന റബ്ബര്‍മരങ്ങള്‍ പോലെ മെലിഞ്ഞു നീണ്ടുയര്‍ന്നു പോകുന്ന മരങ്ങളായിരുന്നില്ല അവ. പ്രായം കൊണ്ടും വണ്ണം കൊണ്ടും മുഴകള്‍ നിറഞ്ഞും ഒറ്റത്തടിയായി നേരെ മുകളിലേക്കു വളരാതെ അല്പമുയര്‍ന്നു കഴിഞ്ഞ് ശാഖകളായി പിരിയുന്ന തായ്ത്തടിയുമായും ആണ് അവ നന്നിരുന്നത്. താണഭാഗങ്ങളില്‍ തൊലി വളരെ കമ്മിയായിരുന്നു ഈ മരങ്ങള്‍ക്ക്.. പന്തുണ്ടാക്കാന്‍ വരുന്ന കുട്ടികള്‍ കല്ലു കൊണ്ടു ചതച്ച് ആ തോലുള്ള ഭാഗത്തു നിന്നും പാലെടുത്തെടുത്താണോ അതങ്ങിനെ മുഴകള്‍ നെറഞ്ഞ് തോലില്ലാത്ത പരുവത്തിലായതെന്നു സംശയമുണ്ട്. അതു കൊണ്ട് പലപ്പോഴും അല്‍പം മുകളിലേക്കു പൊത്തിപ്പിടച്ചു കയറി മരം ശാഖകളായി പിരിയുന്നടത്തിരുന്നും മറ്റുമാണ് പലപ്പോഴും ഇടിച്ചാല്‍ പാലു കിട്ടുക. മണ്ണിലുരയ്ക്കണമെങ്കില്‍ പന്ത് താഴെ നില്‍ക്കുന്നവര്‍ക്കു കൈ മാറുകയോ ആരും താഴെയില്ലെങ്കില്‍ തുണിചുറ്റി ഉണ്ടാക്കിയ പന്തില്‍ മരത്തിലെ പാലുരച്ച് പിടിപ്പിച്ചിട്ട് താഴെയിറങ്ങി നിലത്തുരച്ച് വേണ്ടുന്നത്രയാകും വരെ ഈ പ3ക്രിയ തുടരുകയോ വേണം. അല്പാല്പമായ മാത്രമ ഊറുന്ന പാല്‍ ഇങ്ങനെ തേച്ചെടുക്കല്‍ കുറേ സമയം എടുക്കുന്ന പ്രക്രിയയായരുന്നു എന്നു ചുരുക്കം. മിക്കവാറും എല്ലാ കുട്ടികളുടേയും കയ്യില്‍ അവരുടേടായ ഒരു പന്തുണ്ടാക്കാനുള്ള സാമഗ്രി ഉണ്ടാവുമെന്നതു കൊണ്ട് ചിലപ്പോള്‍ പലവട്ടം മരത്തില്‍ കയറിയിറങ്ങിയാലേ ഒരു നല്ല പന്തു രൂപപ്പെടൂ.
അക്കാലത്ത് ആ ഭാഗങ്ങളിലെ പ്രധാന കളിക്കാര്‍ കുഞ്ഞൂട്ടി, ബേബി, ബെന്നി, സാബു, ബാബു, സണ്ണി എന്നു പേരായ രണ്ടു പേര്‍, അച്ചന്‍കുഞ്ഞ്, തുടങ്ങിയവരൊക്കെയായിരുന്നു..അപൂര്‍വ്വമായി വീണോ കൂട്ടിയിടിച്ചോ ഉണ്ടാകുന്ന ഒടിവുകളും ചതവുകളും മുറിവുകളും,, നിലത്തെ കല്ലിലോ മറ്റോ തട്ടിയുണ്ടാവുന്ന ചതവ്, നഖം ഇളകുക തുടങ്ങിയവയൊക്കെയായിരുന്നു ഇതു മൂലം സാധാരണഗതിക്ക് ഉണ്ടാവാറുണ്ടായിരുന്ന പരുക്കുകള്‍. ഞങ്ങള്‍ ഇളയ കുട്ടികളുടെ കളിക്കളങ്ങളിലെ അംഗങ്ങള്‍ സുനില്‍, സുരേഷ്, കുര്യന്‍, റോയി, സാജന്‍, ജോസി, എബി, കുരുവിള, അനില്‍ തുടങ്ങി പലരുമായിരുന്നു. മിക്കവാറും പുരുഷന്മാരായിരുന്നു ഈ കളിയില്‍ പങ്കെടുക്കാറുണ്ടായിരുന്നതെന്നു തോന്നുന്നു. വലിയ പ്രചാരമില്ലാത്തതാമെങ്കിലും അങ്ങേയറ്റം രസകരമായിരുന്നു വെട്ടുപന്തു കളി.
എതായാലും ഈ വയോധിക വൃക്ഷങ്ങള്‍ തങ്ങളുടെ അവസാന കാലത്തു ചെയ്തുതന്ന ഉപകാരമോര്‍ക്കുമ്പോള്‍ കോട്ടയത്തെ അവ അടയാളപ്പെടുത്തുന്നത് അത്ര മോശപ്പെട്ട കാര്യമായി എനിക്കു തോന്നിയിട്ടില്ല. റബ്ബറുല്‍പന്നങ്ങളുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട പാരിസ്ഥിതിക പ്രശ്നങ്ങള്‍, വളമായെത്തുന്ന കോഴിക്കാട്ടത്തില്‍ നിന്നും വരുന്ന മുപ്ലി വണ്ടുകളുടെ ആക്രമണം ഇവയൊന്നും മറന്നു കൊണ്ടല്ല, ഞാനവയെ സ്മരിക്കുന്നതെങ്കിയും.
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home