Monday, August 19, 2019

നന്ദി



ഇത്ര താണു വന്ന്
ചുംബിച്ചു കടന്നു പോവുന്ന
കാറ്റിനു നന്ദി
വസ്ത്രങ്ങളെ നനച്ച്
ഉടലിലേക്കൂര്‍ന്നിിറങ്ങുന്ന മഴയ്ക്ക്,
ചിലപ്പോഴാ ഉടലിനെ പെയ്യിക്കുന്ന
അകംപുറം മറിച്ചിടുന്ന സൂര്യനും
നന്ദി.

എന്‍റെ ഉടുപുടവകളിലെ കീറലുകളെ
മൂടുന്ന രാത്രിക്ക്,
അതെനിക്കു തന്ന
നക്ഷത്രഘചിതമായ
മഴക്കോട്ടിന് നന്ദി..
നിന്നെയും എന്നെയും ഒന്നു പോലെ
നനയ്ക്കുന്നവെയലിനും
അതു വരയ്ക്കുന്ന നിഴലിനും നന്ദി.

എന്നിലെ അപൂര്‍ണ്ണതകളെ പൂരിപ്പിക്കുന്ന
അഴകും സൂക്ഷ്മതയുമുള്ള അനേകം കണ്ണുകള്‍ക്ക്
ചിലപ്പോള്‍ ചുറ്റും കൂടി നാടകമാടുന്ന
നാവിന്‍മുന കൂര്‍ത്ത
തെരുവിലെ അയല്‍പക്കത്തിന് 
ഗന്ധരാജനില്‍ നിന്നും കാറ്റു മോഷ്ടിച്ചു കൊണ്ടുവന്ന
നിലാവിനും
പൂവുകളുടെ വെളുപ്പിനെ
കടും കാപ്പിയുടെ ഊര്‍ജ്ജവും ഇരുളിമയും കൊണ്ടു തിരുത്തുന്ന
ചുവപ്പും പച്ചയും കുരുക്കളുള്ള കാപ്പിച്ചെടികള്‍ക്കും
മുട്ടയുടെ വെള്ളയിലൊളിച്ചിരുന്ന്
ഒടുവില്‍ ചിറകുനീര്‍ത്തി പുറത്തുവരുന്ന മഞ്ഞയ്ക്കും നന്ദി.

വീഞ്ഞു മണക്കുന്ന കണ്ണുകളോടെ
ഉപ്പുവെച്ചു കളിക്കുന്ന ചെമ്പോത്തിന്
തരിശായ പാടങ്ങളില്‍ മേയുന്ന പോത്തിന്
മുറിഞ്ഞും കൂടിച്ചേര്‍ന്നും പൊരുള്‍ മാറിയും
വരുന്ന സൗഹൃദങ്ങള്‍ക്ക്
അന്‍പതു കഴിഞ്ഞ എന്നെയും പേറി
ഇന്നും നടക്കുന്ന അമ്മയ്ക്ക്,
ഭൂമിയാല്‍ തിരിച്ചെടുക്കപ്പെട്ട്
വളമായി ഇഴുകിച്ചേര്‍ന്ന്
ലോകത്തിന്‍റെ ഒഴുക്കുകളില്‍
ചെന്നു ചേര്‍ന്ന അച്ഛനും നന്ദി.





0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home