Wednesday, August 7, 2019

ദി ഓര്‍ഡര്‍ ഓഫ് തിങ്സ് (Short story)


ഓരോന്നിനും അതാതിന്‍റെ സ്ഥാനമുണ്ടെന്നു അതവിടെത്തന്നെ വെക്കുകയാണു വേണ്ടതെന്നും അയവുള്ള ഒരു തത്വം കുട്ടിക്കാലത്ത് അച്ഛനമ്മമാര്‍ ഞങ്ങള്‍ കുട്ടികളെ ഉപദേശിച്ചിരുന്നു. ഒരു വസ്തു- ഒരു തൂമ്പ, സൂചി, തേപ്പുപെട്ടി, സോപ്പ് എന്നിങ്ങനെ പലതും പിന്നീടാവശ്യം വരുമ്പോള്‍ അധികം ബുദ്ധിമുട്ടില്ലാതെ കണ്ടെത്തുവാന്‍ അത് ഒരു നിശ്ചിത സ്ഥലത്ത് വെക്കുന്നതു നല്ലതാണെന്ന് ഞങ്ങള്‍ കുട്ടികള്‍ക്കും തോന്നിയിരുന്നു.

ഓലിപ്പോ (OULIPO) സംഘത്തിന്‍റെ പരീക്ഷണാത്മകതയുടെ കുന്തമുനയായിരുന്ന څപെരക്കിന്‍റെ ലൈഫ് ഏയൂസേഴ്സ് മാന്വലില്‍چ ഇതേ ജാഗ്രതയോടെ വസ്തുക്കളും സ്ഥലങ്ങളും കഥാപാത്രങ്ങളായി മാറുന്നത് അല്പമൊരു കൗതുകത്തോടെ ഞാന്‍ വായിച്ചു പോയിട്ടുണ്ട്. വസ്തുക്കളുടെ സുദിര്‍ഘവും സൂക്ഷമവുമായ വിവരണങ്ങളിലൂടെ ആ കൃതി നാം പരിചിയച്ചതല്ലാത്ത ഒരു റിയലിസത്തെ മുന്നോട്ടു വെച്ചപ്പോഴാണ് യാഥാതഥ്യത്തിന്‍റെ കുഴമറിച്ചില്‍ ഒന്നു കൂടി തെളിഞ്ഞു വന്നത്. ആധുനിക കലയോടൊപ്പം ഉടലെടുത്ത ഭാഷാപരമായ പരീക്ഷണ പരത അതിന്‍റെ അതിരുകളോളം കൊണ്ടു പോയ ഒരെഴുത്തുകാരനായിരുന്നു അദ്ദേഹം.


ഫ്രഞ്ച് ആധുനികതയുടെ ഈ പരീക്ഷണഘട്ടത്തെക്കുറിച്ചു പന്യസിക്കുകയല്ല, പ്രത്യുത, ഈ സാധാരണ തത്വം അസാധാരണമായ അളവുകളോളം പോയ ചില കേരളീയ സന്ദര്‍ഭങ്ങളെ ഓര്‍ത്തെടുക്കുവാനാണ് എന്‍റെ ശ്രമം.
എണ്‍പതുകളുടെ ഒടുവില്‍, എണ്‍പത്തിയേഴിലോ എണ്‍പത്തിയെട്ടിലോ ആണ് ഞങ്ങളുടെ സ്നേഹിതന്‍ സത്യജിത്തിന്‍റെ വീട്ടിലെ ആ പ്രവണത ഞങ്ങള്‍ സുഹൃത്തുക്കള്‍ ക്കിടയില്‍ ചര്‍ച്ചാവിഷയമാകുന്നത്. കൃത്യമായി പറഞ്ഞാല്‍ ആ വീടിനടുത്തുള്ള ചാരായഷാപ്പില്‍ വെച്ചു മദ്യപിച്ചു കൊണ്ടിരിക്കെ ഒരു സുഹൃത്ത് വിവസ്ത്രനാവാന്‍ തുടങ്ങിയതും ഒടുവില്‍ ഷഡ്ഡിയൊഴികെ മറ്റെല്ലാമുരിഞ്ഞു മാറ്റി മദ്യം സേവിച്ചതുമായ ഒരു സംഭവത്തോടടുത്താണ് ഈ വിചിത്ര സംഗതിയും ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടത്.

സത്യജിത്തിന്‍റെ മാതാപിതാക്കള്‍ അവന്‍റെ കുട്ടിക്കാലത്തു തന്നെ മരണപ്പെട്ടിരുന്നു. കോട്ടയത്തെയും തിരുവല്ലയിലേയും തെരുവു നാടക സംഘങ്ങള്‍, അരാജകവാദികള് ,ഒഡേസ, എസ്.സി.എം. ഡൈനമിക് ആക്ഷന്‍, പിന്നീട് സമീപനം കളക്ടീവ് എന്നിങ്ങനെ കീഴാളവും സാംസ്കാരികവുമായ ഒരു സവിശേഷ ചേരുവയായിരുന്നു സത്വജിത്തിന്‍റെ ആദ്യകാല രൂപീകരണത്തിനു പിന്നിലുണ്ടായിരുന്നത്. സി.ജെ. കുട്ടപ്പന്‍റെ നാടന്‍ പാട്ടുകളിലും അദ്ദേഹവും  മറ്റുപലരും ചേര്‍ന്നു രൂപപ്പെടുത്തിയ നാടകങ്ങളിലും തുടങ്ങി സംഗീതത്തെക്കുറിച്ചും കലയെക്കുറിച്ചും വ്യത്യസ്തമായോരു കാഴ്ചപ്പാടുള്ള പ്രതിഭാധനനും ഫോട്ടോഗ്രാഫറും  ഫലിത രസികനുമായ ഒരു വ്യക്തി യായിരുന്നു സത്യജിത്.

സി.എസ്. ഐ സഭക്കാരനായ പിതാവും ഈഴവ സമുദായക്കാരിയായ മാതാവും ചേര്‍ന്നതായിരുന്നു ആ കുടുംബം. സത്യജിത്തിന്‍റെ കാര്യങ്ങള്‍ നോക്കി നടത്തുവാനായി ഒരു ബന്ധുവും കുടുംബവും അവനോടൊപ്പം താമസിച്ചിരുന്നു. കുറച്ചു കാലം മുന്‍പ് മുബൈയിലെ ഒരാസ്പത്രിയില്‍ വെച്ച് അന്ത്യശ്വാസം വലിച്ച സത്യജിത്ത് അക്കാലത്തു തന്നെ ഒരു തികഞ്ഞ ബൊഹീമിയന്‍ ജീവിതശൈലിയുടെ ഉടമയായിരുന്നു. ഒരു അരാജക വാദപരമായ ജീവിതശൈലി പിന്തുടര്‍ന്ന അദ്ദേഹം താമസിച്ചിരുന്ന വീട്ടിലെ വിശേഷങ്ങള്‍ കുറേകൂടി സൂക്ഷ്മമായി ഞാന്‍ ശ്രദ്ധിക്കുന്നത് ഒരു ദിവസം രാത്രി അവനോടൊപ്പം അവിടെ ചെലവഴിച്ച് പിറ്റേ ദിവസം രാവിലെ എണീറ്റ് സത്യജിത് പല്ലു തേക്കാന്‍ ബ്രഷ് എടുക്കുമ്പോള്‍ മുതലാണ്. ഓരോ ആളിന്‍റേയും ബ്രഷുകള്‍ ഒരു ചരടു കൊണ്ട് ബ്രഷ് ഇട്ടുവെക്കുന്ന കണ്ടേനറുമായി ബന്ധിച്ചിരുന്നു. പിന്നീട് ടി.വി. കാണാന്‍ വേണ്ടി കസേര വലിച്ചിടാന്‍ ശ്രമിക്കുമ്പോള്‍ വലിച്ചിട്ട് ഇരിക്കാനായുമ്പോഴേക്കും കസേര പൂര്‍വ്വസ്ഥിതിയെ പ്രാപിച്ച് ഒരു കൂട്ടുകാരന്‍ വീഴുന്നതു കണ്ടു. സൈക്കിള്‍ ട്രൂബു കൊണ്ട് കസേരയും ഇങ്ങനെ യഥാസ്ഥാനത്ത് ഉറപ്പിച്ചിരുന്നു.

വസ്തുക്കളുടെ ക്രമം (The order of things) മിഷേല്‍ ഫൂക്കോ എഴുതിയത് ഞങ്ങളുടെ വായനാ പരിധിയിലെത്തും മുന്‍പായിരുന്നുവെങ്കിലും ചില ക്രമങ്ങള്‍ അക്രമത്തോളമെത്തുന്നില്ലേ എന്ന ന്യായമായ സംശയം ഇതു ഞങ്ങളിലുണര്‍ത്തി. എന്നാല്‍ ബൈക്കു യാത്രക്കാരനായിരുന്ന ആ ഗൃഹനാഥന്‍റെ കണ്ണാടി വഴിയില്‍ വീണു പോയത് അതില്‍ അദ്ദേഹത്തിന്‍റെ പേരും വിലാസവും എഴുതിയ ടാഗ് ഉണ്ടായിരുന്നതു കൊണ്ട് തിരികെ കിട്ടിയതും മറ്റും ഈ സംശയങ്ങളില്‍ ചിരിയോടൊപ്പം അല്പം ഗൗരവം കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തിന്‍റെ മറവിയാണ് ഇതിനു കാരണമായി ചൂണ്ടിക്കാട്ടിയിരുന്നത്. "വസ്തുക്കള്‍ ചിതറി വീഴുന്നു, കേന്ദ്രത്തിനു പിടിച്ചു നില്ക്കാനാവുന്നില്ലڈ (Things fall apart, the centre doesn't hold) എന്നതിനു സമാനമായ ഒരുത്കണ്ഠ അദ്ദേഹത്തിലും പ്രതിഫലിച്ചതെങ്ങിനെയാണെന്ന് ഇന്നാലോചിക്കുമ്പോള്‍ സംശയം തോന്നുന്നു. ലോകത്തിന്‍റെ കേന്ദ്രമായി സ്വയം സങ്കല്പിച്ച ഒരു ജനതയ്ക്ക് അപരങ്ങളുടെ കര്‍തൃത്വവല്ക്കരണം ഉണ്ടാക്കിയ അസ്തിത്വ പരമായ ഭയം ചിനുവാ അച്ചബേ  ആ വരികളെ തന്‍റെ കൃതിയുടെ തലക്കെട്ടാക്കിക്കൊണ്ട് എടുത്തു ക്കാട്ടിയിരുന്നു. സര്‍വ്വാശ്ലേഷിയായ രചനാ കര്‍തൃത്വത്തിന്‍റെ ഭാഷയില്‍

I contain multitudes
I am many. (Walt Whitman, Leaves o Grass)

എന്നു കരുതിയിരുന്നവര്‍ ക്രമേണ തങ്ങളുടെ സ്വത്വം സമുദായം, വര്‍ണ്ണം, ജാതി, ദേശം, ലിംഗം, മതം, വര്‍ഗ്ഗം എന്നിങ്ങനെ അനേകം ഏകകങ്ങളുമായി ഒരു രാഗ- ദ്വേഷ ബന്ധത്തി ലാണെന്നും അപരത്തെ നിഷേധിക്കാന്‍ ബുദ്ധിമുട്ടാണെങ്കിലും അതുമായി സഹോദര്യത്തിലെ ത്തുക എന്നത് പോലും അനേകതലങ്ങളെ സ്പര്‍ശിക്കുന്ന അധികാരത്തെ എതിരിട്ടു കൊണ്ട് ഭാഷാശീലങ്ങളെ അട്ടിമറിച്ചു കൊണ്ടുമേ നടക്കുകയുള്ളു എന്ന തിരിച്ചറിവിലേക്ക് എത്തിച്ചേരാതെ നിവൃത്തിയില്ലാത്ത ഗതിയിലായിരുന്നു. നമ്മുടെ കഥാപാത്രമായ മുരളീധരന് ഇതിനെ ഇത്തരം അംശങ്ങളിലല്ല, താനും ചുറ്റുപാടുമുള്ള വസ്തുക്കളുമായുള്ള ഒരു നിര്‍ണ്ണയനമായി ആണ് അഭിമുഖീകരിച്ചത്. ചുറ്റുപാടുമുള്ള സ്വന്തം വരുതിയിലുള്ള ഓരോ വസ്തുവിന്‍റേയും മേല്‍ സ്ഥലപരമായ ഒരു നിര്‍ണ്ണയനം സാധ്യമാക്കുന്നതിലൂടെ വ്യക്തികള്‍ക്ക് - വിശേഷിച്ചും സത്യജീത്തിനോ തനിക്കു ചുറ്റുമുള്ള മറ്റനേകം പേര്‍ക്കോ മേല്‍, അതല്ലെങ്കില്‍ അവര്‍ക്കുള്ളിലെ ആത്മവത്തകളുടെ സങ്കീര്‍ണ്ണ പ്രക്രിയകളെ നിയന്ത്രിക്കുവാനുള്ള അസാധ്യതയെ മാറ്റി വെച്ചു കൊണ്ട് വസ്തുപ്രപഞ്ചത്തിന്‍റെ ഒരു ചെറിയ അംശത്തിന്‍റെയെങ്കിലും മേല്‍ അതു സാധ്യമാക്കി അദ്ദേഹം സായൂജ്യമടയുകയായിരുന്നിരിക്കണം.

എന്നാല്‍ സ്വന്തം മക്കളുടെയും ഭാര്യയുടേയും മേല്‍ ഇത്തരമൊരു നിര്‍ണ്ണയനത്തിന് അദ്ദേഹം കൊതിച്ചില്ല എന്നു പറയാനാവില്ല. അതു കൊണ്ടാവണം ഒരു ദിവസം അവിടെ സന്ദര്‍ശിച്ച ഒരു സുഹൃത്തു കണ്ടത് അയാള്‍ സ്വന്തം മകനെ ഒരു ചങ്ങലയ്ക്കിട്ട് രണ്ടു താഴുകള്‍ ഉപയോഗിച്ചു പൂട്ടിയിട്ടിരിക്കുന്നതാണ്. സ്വന്തം മകനെയും വസ്തുവല്ക്കരിക്കുവാനും സ്ഥാനപ്പെടുത്തുവാനുമുള്ള അദ്ദേഹത്തിന്‍റെ ശ്രമത്തെ നമ്മുടെ സുഹൃത്ത് എന്തു കൊണ്ടോ വേണ്ട രീതിയില്‍ മനസ്സിലാക്കുകയോ ശ്ലാഘിക്കുകയോ ചെയ്യാന്‍ മടിച്ചു എന്നു മാത്രമല്ല ഒന്നാന്തരം തെറിവിളിച്ച് ദേഷ്യപ്പെടുകയും ചെയ്തു. ഒന്നാലോചിച്ചാല്‍ വസ്തു പ്രപഞ്ചത്തിനും മനുഷ്യര്‍ക്കു തന്നെയും പല തരം ക്രമീകരണങ്ങളും അഴിച്ചു പണികളും സാധ്യമായതു കൊണ്ട് ഈ ക്രമീകരണം നമ്മുടെ സുഹൃത്തിന് ഇഷ്ടമായില്ല എന്നും അദ്ദേഹത്തിനതില്‍ അരുതായ്ക തോന്നി എന്നും അനുമാനിക്കുകയല്ലാതെ എന്തു വഴി?

ഭ്രാന്തന്മാര്‍, കുറ്റവാളികള്‍, സ്വാതന്ത്ര്യകാംക്ഷികളായ സ്ത്രീകള്‍, രാഷ്ട്രീയ എതിരാളികള്‍, ന്യൂനപക്ഷങ്ങള്‍ തുടങ്ങി പലരിലും സമൂഹം വിജയകരമായി പരീക്ഷിച്ച ഈ ക്രമീകരണത്തെ ഒരു വ്യക്തി എതിര്‍ക്കുന്നതു ശരിയോ തെറ്റോ എന്ന നൈതിക പ്രശ്നം നൈതികവേദിക്കു വിട്ടുകൊടുത്തു തല്‍ക്കാലം ഞാനീ ആഖ്യാനത്തില്‍ നിന്നും പിന്മാറുന്നു.               

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home