കണ്ണുമൂടിടും വഴികള്‍
ഒരു നാടിന്‍റെ കണ്ണു മൂടുവാന്‍
ശ്രമിക്കുന്നവര്‍
തഴുതിട്ടു വെച്ച നിങ്ങളുടെ ശബ്ദം
ഇതിനകം നിഴലുകള്‍ മാത്രം പതിയുവാന്‍
തുടങ്ങിയ നമ്മളുടെ കണ്‍കാഴ്ചകളെയൊളിച്ച്
തെളിഞ്ഞു തുടങ്ങിയ
ആധിപത്യത്തിന്‍റേയും
അതിക്രമങ്ങളുടേയും ക്രമബദ്ധധത
അവിശ്വസിക്കുന്നതിലൂന്നി നില്‍ക്കുന്ന വിശ്വാസം
ആരിലും ചാപ്പ കുത്താവുന്ന നിയമ ഭീകരത
തടവുമുറിയിലെ വേദനകളുടെ
കുഴിവെട്ടിമൂടലുകള്‍
പശുവിന്നു ചവയ്ക്കാന്‍ മാത്രമായിപ്പോവുന്ന
പൗരസ്വാതന്ത്ര്യകാംക്ഷ
യുദ്ധത്താല്‍ മാറ്റിവെക്കപ്പെടുന്ന ധമ്മം
സാഹോദര്യത്തിന്‍റെ കഴുത്തറുക്കുവാനുള്ളത്
ഭരണമൊരു കൂടമായെടുക്കും ഏടാകൂടം
ആയുധവില്‍പനക്കാര്‍ വിറ്റ (അ)ക്രമസമാധാനം
ഒരുമിക്കുവാനുള്ള, ചെറുക്കുവാനുള്ള
വഴികളെ ആദ്യമേ അടയ്ക്കുവാനുള്ള
കര്‍മ്മ കുശലത
എന്നിട്ടും നശിക്കാത്ത പ്രജ്ഞയെ പൊള്ളിക്കുന്ന
വായ്ത്താരികള്‍
അരിയപ്പെട്ട നാവുകള്‍ കോര്‍ത്തുണ്ടാക്കിയ
മാലകളണിയിച്ചു പൂജയ്ക്കുവെച്ച കാഞ്ചനവിഗ്രഹങ്ങള്‍
എന്നിട്ടും ഓര്‍മ്മകളില്‍ ഇരുന്നു കുറുകുന്ന ഒരു കിളിയുടെ
ചിലമ്പല്‍ പോലെ നിന്‍റെ നാദം
നാട്ടിന്‍പുറങ്ങളില്‍ മുഴങ്ങിക്കേട്ടത്
ഇടിയോ ചവിട്ടോ കൊണ്ടു ഞെരിഞ്ഞു തീരാത്തത്
മുറിച്ചു മാറ്റുവാന്‍ ഇനിയും ശരീരഭാഗങ്ങളവശേഷിക്കുന്നത്
ദിശയറിയാത്ത ആ വടക്കുനോക്കിയുടെ
ദിശചൂണ്ടിക്കാട്ടുന്ന ഒരു ജീവന്‍!
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home