നടയിറങ്ങിപ്പോയ ആ രൂപം
മലകയറിപ്പോയ കാട്ടാടിന്‍റെ യൗവ്വനം- അതാണയാള്‍ ആദ്യം ഓര്‍ത്തത്. ദുഷാംപിന്‍റെ നടയിറങ്ങുന്ന നഗ്നരൂപം ഒരു പുഞ്ചിരിപൊഴിച്ച് തിരികെ കയറിപ്പോയതു പോലെ അയാളിലാ ദൃശ്യം തങ്ങി നിന്നു. ഓളംവെട്ടുന്ന ഒരു സുതാര്യതയ്ക്കുള്ളില്‍ നഗ്നമാക്കപ്പെട്ട കമ്പനംകൊള്ളുന്ന ഒരു ഹൃദയം. മറഞ്ഞിട്ടും മറയാതെ. അയാളവളെ പ്രതീക്ഷിച്ചു, പതിവു സ്ഥാനത്ത്. വട്ടത്തിലുള്ള ആ ബസ് സ്റ്റാന്‍ഡിന്‍റെ ഒരു മൂലയില്‍, അടഞ്ഞ ഷട്ടറിനു മുന്നില്‍, തുളൈപേച്ചിയിലേക്കു മുഖം ചേര്‍ത്ത്. വട്ടത്തിലുള്ള ഒന്നിനു മൂലയുണ്ടോ? ഉണ്ടാവണം, അല്ലെങ്കില്‍ അവളെങ്ങിനെ അവിടെ നില്‍ക്കും? അജ്ഞാതമായ ഏതു ലക്ഷ്യത്തിലേക്കാണ് അവളുടെ കണ്ണുകള്‍ നീളുന്നത്? അയാളെന്തുകൊണ്ടാണ് അവളെ കാണുന്നത്. അവളയാളെ കാണുന്നുണ്ടോ? മാസ്കു വെക്കാന്‍ മറന്നു പോയ ഒരു ദിവസമൊഴിച്ചാല്‍ അവളുടെ കണ്ണുകളയാളില്‍ തറഞ്ഞിട്ടുണ്ടോ എന്നു സംശയമാണ്. അന്നു പക്ഷേ ആ നോട്ടം താന്‍ മുഖാവരണം വെച്ചിട്ടില്ല എന്നയാളെ ഓര്‍മ്മിപ്പിച്ചു. അയാള്‍ കടയില്‍ കയറി ഒരു മാസ്കു വാങ്ങിവെച്ച് പുറത്തിറങ്ങി നിന്നു.
അല്ലെങ്കില്‍ തന്നെ അതിലൊക്കെ എന്തര്‍ത്ഥം? അവര്‍ക്കിടയില്‍ പൊതുവായി എടുത്തു വെയ്ക്കാവുന്നതായി എന്തുണ്ട്? ഒരേ നേരത്തുള്ള വണ്ടികാത്തു നില്‍പിന്‍റെ ആ ഇടവേളകളൊഴിച്ചാല്‍.. അയാള്‍ ജീവിച്ച തീക്ഷ്ണതകള്‍ അയാളുടെ രോമങ്ങളെ വെളുപ്പിച്ചിട്ടുണ്ട്.അവളുടെ ചെറുപ്പം ആ മുടിച്ചുരുളുകളുടെയും പുരികത്തിന്‍റെയും കറുപ്പില്‍ തെളിഞ്ഞു കാണാം. മുഖാവരണത്തിനുള്ളിലെ അവളുടെ പുഞ്ചിരി എങ്ങിനെയുണ്ടാവുമെന്ന് അയാള്‍ക്കറിയാം. വിടര്‍ന്ന ചുണ്ടുകള്‍, നൃത്തം വെയ്ക്കുന്ന തിളങ്ങുന്ന കണ്ണുകള്‍. അവളാരാണ്? വണ്ടികാത്തു നില്‍ക്കുന്ന ഒരു കോളേജ് വിദ്യാര്‍ത്ഥിനി? കോളേജുകള്‍ രോഗകാല നിദ്രയിലാണല്ലോ. പിന്നെ. ഏതോ സ്ഥാപനത്തിലെ ജോലിക്കാരി.? ഏതോ സുഹൃത്തിനെ, കാമുകനെ കാത്തുനില്‍ക്കുന്ന പെണ്‍കുട്ടി?. രാത്രിയിലെ ജോലി കഴിഞ്ഞു മടങ്ങുന്ന ഒരു നേഴ്സ?്. ചെറു പ്രായത്തിലേ ലൈംഗിക തൊഴിലിലെത്തിപ്പെട്ട ഒരുവള്‍? വെറുതെ അലസമായി ലോകം കാണാനിറങ്ങിത്തിരിച്ച ഒരുവള്‍? ഏതായാലും പതിവു നേരത്ത് ഇന്നവളെ കാണാനില്ല. ബസ് സ്റ്റാന്‍ഡു കെട്ടിടത്തിന്‍റെ പ്രധാനപ്പെട്ട ഒരു തൂണ് എടുത്തു മാറ്റപ്പെട്ടതായി അയാള്‍ക്കു തോന്നി. അയാളുടെ മനസ്സില്‍ ആ രൂപം നടകയറുകയും ഇറങ്ങുകയും ചെയ്തുകൊണ്ടിരുന്നു.
ബസ് ആ ശൂന്യതയെ മറികടന്ന് മുന്നോട്ടു നീങ്ങിയിട്ടും അയാളിലാ അഭാവം തങ്ങിനിന്നു.വഴിയരികിലെ മരച്ചില്ലയില്‍ നിന്ന് ഒരു വെളുത്ത പൂവ് ബസിനുള്ളിലെ അയാളുടെ മടിയിലേക്ക് വീണപ്പോഴാണ് അയാള്‍ കണ്ണു തുറന്നത്. അയാളാ പൂവ് കയ്യിലെടുത്തു. അതിന്‍റെ വിളറിയ വെളുപ്പ് അയാളെ അസ്വസ്ഥനാക്കി. അയാളതു മൂക്കിനോടടുപ്പിച്ചു. അതിന്‍റെ മണം നേര്‍ത്തതും അവ്യക്തവുമായി തോന്നി. കളയാതെ അയാളതു കീശയിലിട്ടു. ആ മണമെങ്കിലും അതു നിലനിര്‍ത്തട്ടെ. അയാള്‍ വീണ്ടും അവളെക്കുറിച്ച് ആലോചിച്ചു. അവളെ അതിസുന്ദരി എന്നൊന്നും വിശേഷിപ്പിച്ചു കൂടാ. സത്യത്തില്‍ സാധാരമവും സുന്ദരവുമായിരുന്നു അവളുടെ രൂപം. അതിന്‍റെ മിഴിവുകള്‍ വിശദീകരിക്കുവാന്‍ അയാള്‍ക്കു പാങ്ങില്ല. അതി സുന്ദരം എന്നുതോന്നിക്കുന്ന പലതും മുഷിപ്പനായി മാറുന്നതു കണ്ടിട്ടുള്ള ഒരാള്‍ക്കേ സാധാരണമായതിന്‍റെ ലാവണ്യം വഴങ്ങുകയുള്ളൂ. അന്യൂനവും മോശമല്ലാത്തതുമായ ഒരവസ്ഥ അതിനുണ്ട്. മാസ്കിനുള്ളിലെ അവളുടെ പുഞ്ചിരി അതി മനോഹരമാണെന്നു അയാള്‍ക്കറിയാം. ആ കണ്ണുകളിലുള്ള തിളക്കം അയാളുടെ തലയോടിനുള്ളില്‍ പൂത്തിരികള്‍ കത്തിക്കുന്നു. അയാളുടെ നേര്‍ക്ക് അവള്‍ പുഞ്ചിരിച്ചിരിക്കാന്‍ ഇടയില്ല. എന്നാലും ആ പുഞ്ചിരി അയാള്‍ സൂക്ഷിച്ചു വെക്കുന്നു. മറ്റുള്ളവരില്‍ നിന്നു മോഷ്ടിച്ച് കീശയിലൊളിപ്പിച്ച വിലനിര്‍ണ്ണയിക്കാനാവാത്ത ഒരു കൊച്ചു ഗോളം. ഓ... ഒരു പൂവ്, വിളറി വെളുത്തത്. വെളുപ്പ് അയാളില്‍ മരണത്തെക്കുറിച്ചുള്ള ചിന്ത കൊണ്ടുവന്നു.ആരുടെ മരണമാണ് ഈ പൂവ്? അതിന്‍റെ തന്നെ...? നരകയറിയ തന്‍റെ മുടിയിലൂടെ അയാള്‍ വിരലോടിച്ചു. അവയ്ക്കു യൗവ്വനം തിരികെ നല്‍കാനുള്ള കറുപ്പ് എവിടെ നിന്നു കിട്ടാനാണ്. അയാള്‍ എന്തുകൊണ്ടോ മൈക്കിള്‍ ജാക്സണിനെക്കുറിച്ചോര്‍ത്തു.. അയാള്‍ക്കിഷ്ടമുള്ള ഭൂമിഗീതം, ചടുല ചലനങ്ങള്‍. ഈ മരണം... ഇതു തന്‍റേതു തന്നെയാണോ? അയാള്‍ കീശയില്‍ പരതി ആ പൂവില്‍ തൊട്ടു.
മരണത്തെക്കുറിച്ചോര്‍ക്കേണ്ട ശരിയായ പ്രായമേതാണ്? അയാള്‍ അവളെ ഒരു കൗണ്ടറിനു പിന്നില്‍ നില്‍ക്കുന്നതായി സങ്കല്പിച്ചു. ആശുപത്രിയിലെ ഫാര്‍മസിയില്‍. അയാള്‍ ഡോക്ടറെ കാണാന്‍ പോയതാണ്. മരുന്നെടുത്തു വെച്ചിട്ട് അവള്‍ അയാളുടെ പേരു വിളിച്ചു.ഏറിയ പങ്കും വെളുത്ത ആ ഗുളികകള്‍ക്കിടയിലൂടെ അയാള്‍ അവളുടെ നേര്ത്ത രോമങ്ങളുള്ള കൈത്തണ്ടയിലേക്കു നോക്കി. അവള്‍ ഒരു യൂണിഫോമിട്ട് അയാളെ കടന്നു പോകുന്നു.ബസ്സിലേക്കു കയറുന്നു.
വണ്ടി മുന്നോട്ടെടുക്കുന്നു. ബസ്സിന്‍റെ നടകയറി വരുന്ന അവള്‍ ഒരര്‍ദ്ധവൃത്തം കറങ്ങി മുന്നിലെ സീറ്റിലിരിക്കുന്നു. തിളങ്ങുന്ന കണ്ണുകള്‍. അയാളവളുടെ മുഖം ഓര്‍മ്മിച്ചെടുക്കാന്‍ ശ്രമിച്ചു. പുറത്തുള്ളത് മറ്റൊരു നഗരമാണ്. ഒരു തുണിക്കടയിലെ വസ്ത്രങ്ങള്‍ തൂക്കിയിടുന്ന കറങ്ങുന്ന വളയം തിരിച്ചു വിടുമ്പോള്‍ വന്നെത്തുന്ന പുതിയ കുട്ടിയുടുപ്പുകള്‍പോലെ അവളുടെ കഴുത്തിനു മീതെ മാറിമാറിയെത്തുന്ന മുഖങ്ങള്‍ പതിച്ച മുഖംമൂടികള്‍ വന്നു പോയി. വളവുതിരിയുന്ന ബസ്സില്‍ തിരിഞ്ഞു നോക്കി പുഞ്ചിരി പൊഴിക്കുന്ന പെണ്‍കുട്ടി. അയാള്‍ അല്പമൊരമ്പരപ്പോടെ പിന്നിലേക്കു തിരിഞ്ഞു നോക്കി. ആരുടെ നേര്‍ക്കാവും അവള്‍ പുഞ്ചിരി പൊഴിച്ചത്? ബസ്സിന്‍റെ പടവു കയറിയിറങ്ങുന്ന ഒരു രൂപം അയാളുടെ മനസ്സില്‍. തന്‍റെ കണ്‍പീലികളിലും കണ്ണിലും അപ്പോഴും ഒരു കറുപ്പ് ബാക്കിനില്‍ക്കുന്നതായി അയാള്‍ക്കു തോന്നി.
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home