Blog with writings by Benoy PJ
ആ ജീവിയുടെ മാളത്തില്‍
തങ്ങി നില്‍ക്കുന്ന നിശ്ശബദതയെ
അടഞ്ഞുചേര്‍ന്ന വാതിലിനപ്പുറം
വീഴുന്ന നിശ്വാസത്തെ
പരന്നൊഴുകുന്ന ദിവസത്തെ, ദീപ്തിയെ
വിടരുന്ന കന്തിന്‍കാന്തിയെ
കവിതയെ
വിളിക്കുവാന്‍ വാക്കുകളില്ലാതെ അയാള്‍.
നിശ്ശബ്ദതയുടെ മടിയില്‍
അതിന്‍റെ മുലക്കണ്ണുകളില്‍ ചുണ്ടുകോര്‍ത്ത്
കാലുകള്‍ ജനല്‍പടിയിലേക്കുയര്‍ത്തി
കടന്നുപോവുന്ന നിമിഷത്തിന്‍റെ മദംപിടിപ്പിക്കുന്ന മണം.
കാത്തിരിപ്പിന്‍റെ വടവൃക്ഷം അതിന്‍റെ വേരുകളൂരി ഉയര്‍ന്നുപോവുന്നു
ശ്മശാനങ്ങളുടെ ഉപ്പറിഞ്ഞ മരം
മേഘങ്ങളെ ഉമ്മവെക്കുന്നു.
മാളുകളില്‍ നിന്നു മാളുകളിലേക്കുപോവുന്ന
നേര്‍രേഖയില്‍
ഫാഷനും പാഷനും മേളിക്കുന്ന
ഉടലിന്‍റെ സന്ധികളില്‍
ച്യൂയിങ്ഗം വില്‍ക്കുന്ന ചായലാറിക്കാരി
ഉമ്മയാല്‍ മൂടിയ നെറ്റിത്തടം.
രോമരാജികളോടു രാജിയായ കാറ്റിന്‍റെ ഉഭയത.
മറന്നുപോയ ഒരു മുദ്രാവാക്യത്തില്‍ ഉയര്‍ന്നു പൊങ്ങിയ മുഷ്ടി
താഴ്ത്താന്‍ മറന്നുപോയ
പറുദീസയിലെ പൂന്തോട്ടം സൂക്ഷിപ്പുകാരി.
മാളമുണ്ണുന്ന പാമ്പുകള്‍
നാവിന്‍ നിറവും നനവും
കൊതിപുരണ്ട നിമിഷരതി-
ദൈവത്തെ അഭ്യസിപ്പിക്കേണ്ടുന്ന ശരികള്‍
തെറ്റുകള്‍.
കലാപകാരിയുടെ ദിനസരിയിലില്ലാത്ത വിശ്രമമുഹൂര്‍ത്തം
പ്രണയിയുടെ കെട്ടുപൊട്ടിക്കുന്ന തിരയിളക്കങ്ങള്‍
വിട്ടുവീഴ്ചയില്ലാത്ത ആസക്തികള്‍, സ്നേഹപ്പകര്‍ച്ചകള്‍
വിരസതയുടെ വഴിയില്‍ പൊട്ടിത്തെറിക്കുന്ന
വിരാമചിഹ്നം പോലെ തേനും തീയും പുരണ്ട ഒരുമ്മ.
്
ചാരിയിട്ടിരുന്ന വാതില്‍
തള്ളിത്തുറന്ന്
കടന്നുവന്ന കാറ്റില്‍
ഞാനപ്പോള്‍ നിന്‍റെ കണ്ണടയുടെ ചില്ലിനിടയിലൂടെ തെളിയുന്ന
കണ്‍മണികള്‍ കിലുങ്ങുന്നതു കേട്ടു
നിറഞ്ഞപുരികങ്ങളുടെ, ഇമകളിലെ കൗതുകത്തിന്‍റെ,
കൈത്തണ്ടിലെ കൊച്ചുരോമങ്ങളുടെ, മാര്‍ദ്ദവം
വാക്കുകള്‍ തമ്മിലുമ്മവെക്കുന്ന നേര്‍ത്ത ഇടവേളയില്‍
കുറിപ്പടിയിലില്ലാത്ത ഈ മരുന്ന്
എനിക്കില്ലാത്ത രോഗങ്ങള്‍ വിസ്മയകരമായി ഭേദമാക്കുന്നു
വിരലുകള്‍ ഒഴുകാന്‍ തുടങ്ങുന്നു.
എവിടെയോ നിന്ന് തിമിരം വഴിമാറിയ കണ്ണുകള്‍
എന്നെ കുടഞ്ഞുടുക്കുന്നു
അളവുയന്ത്രത്തിലേക്കെടുക്കപ്പെട്ട സ്മരണകളില്‍
നീലച്ചാടുകള്‍ കറങ്ങുന്നു.
പെയ്തുപോവുന്ന ഒരു മഴ മേശയെ നനയ്ക്കുന്നു
ഉടലരിച്ചുപോവുന്ന പ്രകാശത്തില്‍
ഒരു മരം മെല്ലെ തളിര്‍ക്കുന്നു.
വീല്‍ചെയറിന്‍റെ ഭ്രമണപാതയില്‍
വരയ്ക്കപ്പെടാത്ത ആ അടയാളത്തിനു കീഴില്‍
ഒരു നിമിഷം നിന്ന് പരസ്പരം കാണുന്ന സങ്കോചമില്ലായ്മയില്‍
പേരുചൊല്ലിവിളിക്കുന്ന ഇരുള്‍ക്കിനാവുകളില്‍
ഗന്ധം ഗന്ധത്തെ സ്പര്‍ശിക്കുന്നു
കൂട്ടിലടയ്ക്കപ്പെട്ട/ കൂട്ടിലേക്കുതുറക്കപ്പെട്ട കിളിക്കണ്ണുകള്‍.
കടന്നു പോയ നിമിഷത്തിലേക്കു
തിരികെ നടക്കുവാനായുന്ന
വിശ്രമമറിയാത്ത കാല്‍ച്ചുവടുകള്‍.
ചിലപ്പോള്‍ ആകാശങ്ങളില്‍ നിന്നൊരു തീവണ്ടി
നിന്നെ വിളിക്കുന്നുണ്ടാവാം
ഗതികിട്ടാത്ത ചെരുപ്പുകളില്‍
ആണിപ്പഴുതുകള്‍ തെളിയുന്നുണ്ടാവാം
ദിവസം അതിന്‍റെ പാളങ്ങളിലൂടെ
ഇടമുറിയാതെ പായുന്നുണ്ടാവാം
എങ്കിലും ആ നിമിഷത്തിലേക്കു തിരികെ നടക്കുകയാണ്
എന്‍റെ ചുണ്ടുകള്‍
തലയ്ക്കെതിരേ തിരിഞ്ഞ ഉടല്‍
കഴുത്തില്‍ തൂങ്ങിയാടുകയാണ്
നിസ്സഹായതയെ മെരുക്കുവാന്‍
ഇളകിയാടുന്ന ഈ വാതില്‍ ശൂന്യതയോടു
ചേര്‍ന്നു നൃത്തം വെക്കുകയാണ്
കലണ്ടറും അതേറ്റു പാടുന്നു.
്