Wednesday, April 21, 2021

ആ ജീവിയുടെ മാളത്തില്‍


ആ ജീവിയുടെ മാളത്തില്‍

തങ്ങി നില്‍ക്കുന്ന നിശ്ശബദതയെ

അടഞ്ഞുചേര്‍ന്ന വാതിലിനപ്പുറം

വീഴുന്ന നിശ്വാസത്തെ

പരന്നൊഴുകുന്ന ദിവസത്തെ, ദീപ്തിയെ

വിടരുന്ന കന്തിന്‍കാന്തിയെ

കവിതയെ

വിളിക്കുവാന്‍ വാക്കുകളില്ലാതെ അയാള്‍.


നിശ്ശബ്ദതയുടെ മടിയില്‍

അതിന്‍റെ മുലക്കണ്ണുകളില്‍ ചുണ്ടുകോര്‍ത്ത്

കാലുകള്‍ ജനല്‍പടിയിലേക്കുയര്‍ത്തി 

കടന്നുപോവുന്ന നിമിഷത്തിന്‍റെ മദംപിടിപ്പിക്കുന്ന മണം.

കാത്തിരിപ്പിന്‍റെ വടവൃക്ഷം അതിന്‍റെ വേരുകളൂരി ഉയര്‍ന്നുപോവുന്നു

ശ്മശാനങ്ങളുടെ ഉപ്പറിഞ്ഞ മരം

മേഘങ്ങളെ ഉമ്മവെക്കുന്നു.


മാളുകളില്‍ നിന്നു മാളുകളിലേക്കുപോവുന്ന

നേര്‍രേഖയില്‍ 

ഫാഷനും പാഷനും മേളിക്കുന്ന

ഉടലിന്‍റെ സന്ധികളില്‍

ച്യൂയിങ്ഗം വില്‍ക്കുന്ന ചായലാറിക്കാരി

ഉമ്മയാല്‍ മൂടിയ നെറ്റിത്തടം.

രോമരാജികളോടു രാജിയായ കാറ്റിന്‍റെ ഉഭയത.


മറന്നുപോയ ഒരു മുദ്രാവാക്യത്തില്‍ ഉയര്‍ന്നു പൊങ്ങിയ മുഷ്ടി

താഴ്ത്താന്‍ മറന്നുപോയ 

പറുദീസയിലെ പൂന്തോട്ടം സൂക്ഷിപ്പുകാരി.

മാളമുണ്ണുന്ന പാമ്പുകള്‍

നാവിന്‍ നിറവും നനവും

കൊതിപുരണ്ട നിമിഷരതി-

ദൈവത്തെ അഭ്യസിപ്പിക്കേണ്ടുന്ന ശരികള്‍

തെറ്റുകള്‍.

കലാപകാരിയുടെ ദിനസരിയിലില്ലാത്ത വിശ്രമമുഹൂര്‍ത്തം

പ്രണയിയുടെ കെട്ടുപൊട്ടിക്കുന്ന തിരയിളക്കങ്ങള്‍

വിട്ടുവീഴ്ചയില്ലാത്ത ആസക്തികള്‍, സ്നേഹപ്പകര്‍ച്ചകള്‍

വിരസതയുടെ വഴിയില്‍ പൊട്ടിത്തെറിക്കുന്ന

വിരാമചിഹ്നം പോലെ തേനും തീയും പുരണ്ട ഒരുമ്മ.





0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home