Tuesday, April 13, 2021

തിരുഹൃദയ ആശുപത്രി

 


ചാരിയിട്ടിരുന്ന വാതില്‍ 

തള്ളിത്തുറന്ന്

കടന്നുവന്ന കാറ്റില്‍

ഞാനപ്പോള്‍ നിന്‍റെ കണ്ണടയുടെ ചില്ലിനിടയിലൂടെ തെളിയുന്ന

കണ്‍മണികള്‍ കിലുങ്ങുന്നതു കേട്ടു

നിറഞ്ഞപുരികങ്ങളുടെ, ഇമകളിലെ കൗതുകത്തിന്‍റെ,

കൈത്തണ്ടിലെ കൊച്ചുരോമങ്ങളുടെ, മാര്‍ദ്ദവം

വാക്കുകള്‍ തമ്മിലുമ്മവെക്കുന്ന നേര്‍ത്ത ഇടവേളയില്‍

കുറിപ്പടിയിലില്ലാത്ത ഈ മരുന്ന്

എനിക്കില്ലാത്ത രോഗങ്ങള്‍ വിസ്മയകരമായി ഭേദമാക്കുന്നു

വിരലുകള്‍ ഒഴുകാന്‍ തുടങ്ങുന്നു.


എവിടെയോ നിന്ന് തിമിരം വഴിമാറിയ കണ്ണുകള്‍

എന്നെ കുടഞ്ഞുടുക്കുന്നു

അളവുയന്ത്രത്തിലേക്കെടുക്കപ്പെട്ട സ്മരണകളില്‍

നീലച്ചാടുകള്‍ കറങ്ങുന്നു.

പെയ്തുപോവുന്ന ഒരു മഴ മേശയെ നനയ്ക്കുന്നു

ഉടലരിച്ചുപോവുന്ന പ്രകാശത്തില്‍

ഒരു മരം മെല്ലെ തളിര്‍ക്കുന്നു.

വീല്‍ചെയറിന്‍റെ ഭ്രമണപാതയില്‍

വരയ്ക്കപ്പെടാത്ത ആ അടയാളത്തിനു കീഴില്‍

ഒരു നിമിഷം നിന്ന് പരസ്പരം കാണുന്ന സങ്കോചമില്ലായ്മയില്‍

പേരുചൊല്ലിവിളിക്കുന്ന ഇരുള്‍ക്കിനാവുകളില്‍

ഗന്ധം ഗന്ധത്തെ സ്പര്‍ശിക്കുന്നു

കൂട്ടിലടയ്ക്കപ്പെട്ട/ കൂട്ടിലേക്കുതുറക്കപ്പെട്ട കിളിക്കണ്ണുകള്‍.

കടന്നു പോയ നിമിഷത്തിലേക്കു

തിരികെ നടക്കുവാനായുന്ന

വിശ്രമമറിയാത്ത കാല്‍ച്ചുവടുകള്‍.


ചിലപ്പോള്‍ ആകാശങ്ങളില്‍ നിന്നൊരു തീവണ്ടി

നിന്നെ വിളിക്കുന്നുണ്ടാവാം

ഗതികിട്ടാത്ത ചെരുപ്പുകളില്‍ 

ആണിപ്പഴുതുകള്‍ തെളിയുന്നുണ്ടാവാം

ദിവസം അതിന്‍റെ പാളങ്ങളിലൂടെ

ഇടമുറിയാതെ പായുന്നുണ്ടാവാം

എങ്കിലും ആ നിമിഷത്തിലേക്കു തിരികെ നടക്കുകയാണ് 

എന്‍റെ ചുണ്ടുകള്‍

തലയ്ക്കെതിരേ തിരിഞ്ഞ ഉടല്‍

കഴുത്തില്‍ തൂങ്ങിയാടുകയാണ്

നിസ്സഹായതയെ മെരുക്കുവാന്‍

ഇളകിയാടുന്ന ഈ വാതില്‍ ശൂന്യതയോടു

ചേര്‍ന്നു നൃത്തം വെക്കുകയാണ്

കലണ്ടറും അതേറ്റു പാടുന്നു.




0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home