ഘട്ഘടം
മുറിയിലിരിക്കുമ്പോഴും
ഞാനേതോ തീവണ്ടിയില്‍
എങ്ങോട്ടോ പായുകയാണെന്നു
ഫോണ്‍ വിളിക്കുന്ന കൂട്ടുകാര്‍ക്കു തോന്നുന്നു.
പങ്കയുടെ കടകട ശ്വാസം
ഇരിപ്പിനെ യാത്രയാക്കുന്നുവോ?
അല്ലെങ്കില്‍ ഒരിരുപ്പല്ലേ
പല യാത്രകളും?
ഒരു യാത്രയല്ലേ ചില ഇരിപ്പുകളെങ്കിലും?
പങ്കയഴിച്ച് കുഴപ്പം മാറ്റിക്കുവാന്‍ മടിതോന്നുന്നു.
അനാവശ്യവും അലോസരമുണ്ടാക്കാവുന്നതുമായ
അതിന്‍റെ ഘട്ഘടവും ചിലപ്പോള്‍ അര്‍ത്ഥപൂര്‍ണ്ണം.
അതില്ലായിരുന്നുവെങ്കില്‍ അപൂര്‍ണ്ണമാവുമായിരുന്ന
ചില യാത്രകളെങ്കിലും
ചില ഇരിപ്പുകളെങ്കിലും ഓര്‍മ്മ വരുന്നു.
യന്ത്രമേ നിന്‍റെ കറക്കങ്ങളെനിക്കു കാട്ടിത്തരുന്ന അപൂര്‍ണ്ണതയില്‍,
ചിലപ്പോഴീ അധികത്തില്‍
എന്‍റെ കറക്കങ്ങളേയും ചേര്‍ത്തുവെച്ചു നോക്കുമ്പോള്‍
എന്‍റെ ചിരിയിലും ചിലപ്പോഴീ ഘട്ഘടം മുഴങ്ങുന്നു.
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home