അടുത്തുണ്ടകലങ്ങള്‍
ഇന്നുമിദ്ദിക്കില്‍ നീ വന്നുപോമെങ്കിലും
കണ്ടുമുട്ടാറില്ല തമ്മില്‍
പണ്ടോരു കത്തി മുറിച്ചിട്ടുപോയൊരാ
രണ്ടു ഖണ്ഡങ്ങള്‍
കല്ലിന്‍റെ ചുണ്ടുകള്‍, ഘരത്വമാര്‍ന്നന്യോന്യം
നോക്കാതെയായ മിഴികള്‍
ചിലപ്പോഴൊരൊച്ച,
മാഞ്ഞു മറയും നിഴല്‍,
ചേലാഞ്ചലം, സ്മൃതി തരംഗം
മെത്തയില്‍ വിരിച്ചിട്ട മഞ്ഞയാം ശൂന്യത
പരതും വിരലുകള്‍
പകല്‍ക്കാലമാരുതി കിളച്ചിട്ടൊരുള്‍ത്തലം
ശ്യാമതീരത്തെ വെളുത്ത പൂമ്പാറ്റതന്‍
നേര്‍ത്ത ചിറകടി
നെഞ്ചിലെ കാട്ടിലൊളിപ്പിച്ച ഭൂപടം
പാതിമാത്രം തുറന്ന വചസ്സുകള്‍
തമ്മില്‍ പുണരാത്ത സമാന്തരതകളായ്
നീണ്ടുനീണ്ടഗാധമായ് തീര്‍ന്നൊരാപ്പാതകള്‍
ഇപ്പോള്‍ ഇതള്‍ വിരിഞ്ഞെത്തും സുഗന്ധവും
കൂട്ടിവെയ്ക്കുന്നൂ ഞാനീ സ്ഫടിക മിനാരത്തില്‍
രാക്കിളികള്‍ കൊത്തിപ്പറക്കുന്ന താരകാരാജികള്‍
വന്നു നില്‍ക്കാറുള്ള മാനത്തു കൊമ്പുരസ്സുന്ന
നിശ്ശബ്ദത കുടിച്ചകലങ്ങള്‍ കണ്‍മിഴിക്കുമ്പോള്‍.
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home