കള്ളുകുടിയനായ ഒരു റിബലിന്
മുലപ്പാലോ റിബ്ബണോ വര്‍ജ്ജ്യമായിരുന്നതു പോലെ
ഭൗതികവാദിയുടെ പറുദീസയില്‍ നിന്നും ദൈവവും വിലക്കപ്പെട്ടിരുന്നു.
മാബലിക്കു സ്വന്തം വാക്കിലുറച്ചു നില്‍ക്കാന്‍
എല്ലാവരുടേതുമായ ഒരു പറുദീസ തന്നെ വലിച്ചെറിയണോ?
മറ്റൊരുവനായി കരുതിവെച്ച വിലക്കുകള്‍
നമ്മെത്തന്നെ വിഴുങ്ങാതെയിരിക്കുവാന്‍
വിലക്കഴിച്ച കനികളുമായി സാത്താന്‍ കാത്തിരുന്നു
ദൈവത്തിന്‍റെ മാറില്‍ പറ്റിച്ചേരുവാന്‍
അവനുമൊരു മോഹം തോന്നിയിരിക്കണം
ഹവ്വയുടെ നഗ്നതയില്‍ ആദം വീണ്ടും മുഴുകി
വിലക്കുകള്‍ തോലഴിഞ്ഞ് നാഗംപടമൂരി
ആണ്‍പാമ്പും പെണ്‍പാമ്പും നിന്നാടണകണ്ട്
മയിലുകളുടെ വിളി
ശിവന്‍റെ പുകയിടങ്ങളെ ശബ്ദമുഖരിതമാക്കി
രാവണന്‍ കള്ളിന്‍ കുടത്തില്‍ പെരുകുന്ന വിരലുകളായി
ഏതുകണ്ഠത്തിനുമിണങ്ങുന്ന പാട്ടുകള്‍
തൊണ്ടയില്‍ തന്നെ മുളപൊട്ടി
കെട്ടുതാലികള്‍ കെട്ടുപോയ്
പെട്ടുപോയ് ഏതും കെട്ടിവയ്ക്കാന്‍ നടന്ന ഋഷീശ്വരര്‍
നല്ലനടപ്പു*വിട്ട് നദികളൊഴുകി
വളര്‍ത്തുമൃഗങ്ങളെന്ന പരിഹാസത്തെ വലിച്ചെറിഞ്ഞ്
ഏതു കോഴിക്കും സ്വയം വളരാമെന്നായി
ഏതു നിറവും തിരിച്ചറിയാമെന്നായി
വാങ്കുവിളികളില്‍ മഴവില്ലുകളിടകലര്‍ന്നു
ഏതുമഴവില്ലിലും തൊടുത്തുവെച്ച
ഒരു വാങ്കുയര്‍ന്നു
ചെറോക്കിയും ചെന്നായയും കുതിരകളും
ആര്യന്‍റെ കുരുക്കുകളഴിച്ച്
മഴയില്‍ നനഞ്ഞാടി
അഴിഞ്ഞാട്ടക്കാരുടെ ഉടലുകളില്‍ പൂക്കാലം വരവറിയിച്ചു
ലക്ഷ്മണന്‍ തന്നെ താന്‍ വരച്ച രേഖകള്‍ മായ്ച്ചു കളഞ്ഞു
സീതമാര്‍ മതിലുകളെ വകവെക്കാത്തവരായിരുന്നുവെന്ന്
ശില്‍പികള്‍ ഊറുന്ന ചിരയോടെ പറഞ്ഞു
സൂസന്നയോടൊത്ത് മയിലുകള്‍ അവയുടെ നീളന്‍ പീലികളുമായി
പറന്നിറങ്ങി
ആണിസത്തിന്‍റെ വരാഹരൂപം പൊടിഞ്ഞു കാറ്റില്‍ പറന്നു
ഉടലുകളില്‍ വസന്തം അതിന്‍റെ വരവറിയിച്ചു.
(Step- well)