അകമൊഴിയലകള്‍
കുന്നിനു മീതെ ഒഴുകുന്ന നിഴല്‍
പ്ര]കാശവതിയായ തൊട്ടാവാടി വിടര്‍ത്തിയ സൂര്യനില്‍ തടയുന്നു-
ഏതു മെതിയടി വെയിലിലോ ഇലകള്‍ കൂമ്പിയത്?
മുള്ളുകളുള്ള ഒരു കാലത്തിന്‍റെ
കൈവഴികളോ തലയില്‍ ചുറ്റിയത്?
ഞെരിഞ്ഞിലുകളുടെ രഹസ്യമയമായ മുനയന്‍ പേച്ചുകളില്‍
തിണര്‍ത്തുണരുന്ന പൊള്ളലേറ്റ ഉടലോ
ആധിപത്യത്തിന്‍റെ ഒളിയിടങ്ങള്‍ക്കുമീതെ പടുക്കപ്പെട്ട
ഉദാരപൗരുഷങ്ങളുടെ ആട്ടപ്രകരങ്ങളോ
ഏതു സൂചിയാലെടുക്കാമീ മുള്ള്?
ഏതു പാലതന്‍ കറ,
ഏതു കാരിയിന്‍ മുന?
ഒഴുകിവീണിരുന്ന അരുവി
മുകളിലേക്കു തിരിച്ചൊഴുകിയ
ദിവസത്തിലെ പകലിലെന്നോണം
ആകാശങ്ങള്‍ മഴയെ തിരിച്ചെടുത്ത
ഓര്‍മ്മ മണല്‍ത്തരികളെ കിരുകിരുപ്പിക്കുന്നു.
മുള്ളിന്‍ മെത്തയിലെ ചിന്നസൂര്യന്‍
കുതിപ്പിനിടയിലും വിട്ടിലിനെ പിടിച്ചു നിര്‍ത്തുന്നു.
കുരുപ്പയ്ക്കിടയിലൊളിച്ച
ഞാഞ്ഞൂല്‍ തീവണ്ടി പുകതുപ്പിക്കൊണ്ട്
തുരങ്കത്തിലേക്കു കടക്കുന്നു.
അകമൊഴിയലകളില്‍ രാവ് അരച്ചുചേര്‍ത്ത ലേപനം
ഉറക്കത്തെ തുറന്നുവെയ്ക്കുന്നു
ശബ്ദങ്ങളില്‍ നിന്ന് അര്‍ത്ഥത്തെ വേര്‍തിരിക്കുന്ന യന്ത്രം
പണിമുടക്കിയ സുഖശീതളിമയില്‍
കണ്ണുതുറിച്ച പട്ടാംപൂച്ചികള്‍
പാറിനടക്കുന്നു.
പല വെയിലിനാലിരുണ്ട മേനിയില്‍
ഒച്ചവെയ്ക്കാതൊഴുകുന്ന ചോരയില്‍
ആരിറക്കുന്ന തോണിയിലിന്നു നാം
അക്കരയ്ക്കു തുഴഞ്ഞുപോകുന്നുവോ?
തിട്ടമില്ലതിലാര്‍ക്കും
പകല്‍ക്കിനാവിട്ടുമൂടിയ വള്ളം
വെളിച്ചത്തിന്നോളങ്ങളില്‍ തട്ടി മായുമോ
കിനാവള്ളിയപ്പൊഴും തേടുമോ
നേരിന്‍ തുഴക്കുത്ത്
കുത്തഴിഞ്ഞൊഴുകും ത്രിസന്ധ്യയില്‍?.
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home