Wednesday, October 31, 2018

പന


പനയെക്കുറിച്ച്
എല്ലാവര്‍ക്കുമറിയാം.
പറ, പന എന്നിങ്ങനെയാണു
നമ്മുടെ എഴുത്തു പദ്ധതി
തുടങ്ങുന്നതു തന്നെ.
(തറ മോശമാണെന്നു കരുതുന്നവര്‍
പൊറുക്കുമല്ലോ,
ഇതല്‍പം തറയായ പ്രയോഗം തന്നെ.)
പയ്യെത്തിന്നാവുന്ന പഴഞ്ചൊല്ലുകളും പുറകെയെത്തും
പനങ്കൈവെട്ടി ആനയ്ക്കു വിളമ്പാം,
തോട്ടിറമ്പില്‍ ചൂണ്ടക്കൈയുമായി പതുങ്ങാം
തുഴ, കോടാലിക്കൈ എന്നിങ്ങനെയുള്ള അവതാരങ്ങളുമുണ്ട്
കോടാലിക്കഞ്ഞി കുടിക്കാന്‍
അതു വേണമോ എന്തോ?
ആരും ചോറും വേര്‍തിരിക്കാതെ
കൈക്കാരനാക്കാനാവുമോ
ഒരു പരശുരാമനെ?
പരനില്‍ അശുദ്ധിയും അരശുവഴികളും
കാണും മഴുവേന്തിയ വേന്ദ്രനെ?
ചെത്തുകാര്‍ക്കു പനയുടെ രസതന്ത്രം
അത്രയെങ്കിലും അറിയാം.
എന്നിരിക്കിലും
അതിന്‍റെ ആയിരിക്കലില്‍
നമുക്കു പ്രയോജനപ്പെടാത്ത
ചിലതുമുണ്ടാവുമല്ലോ-
ഒരു പക്ഷേ
പലകോലത്തിലുള്ള മരണാനന്തര
ജീവിതങ്ങളെക്കാള്‍
ഉപയോഗം ബാധകമല്ലാത്ത
ആ ഇരുണ്ട ഇടങ്ങളിലാവുമോ
ഒരു പന
പനയായ്ത്തിളങ്ങുക?

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home