Friday, March 27, 2020

ഭൂമിയും പാതിയുരഗമാം പറവയും




ഉയരുവാന്‍ വെമ്പി, നനഞ്ഞ പറവയായ്
മണ്ണിലിന്നുമിരിക്കുമിളംകിളി തന്നുടെ
തൂവലില്‍ ഭാരമേറ്റുവതെന്ത്
വാനമിരുണ്ടു തൂകിയോരശ്രു കണികയോ?

നീയുമീ നീല വിണ്ണിനെ മോഹിച്ചു
മണ്ണിലാഴ്ത്തുന്നു നന്നേ മെലിഞ്ഞകാല്‍
ഇന്നിതേതു കായ്ച്ച പഞ്ഞിക്കാട്ടില്‍ നിന്നു
മൂര്‍ന്നുമുയര്‍ന്നും പറന്നു പോം
ചുഴല്‍ക്കാറ്റിനാലാകെയുലഞ്ഞതാം
പാറി നീങ്ങുന്നൊരപ്പൂപ്പന്‍ താടിയില്‍
നീ വിരല്‍ കൊരുക്കുന്നു.

മാടത്ത മാറിലേക്കു മറഞ്ഞോരു താരമേ
വിത്തു മെല്ലനേ വലുതായുരുണ്ടതായ്
സൂര്യകിരണനായ് മാറുന്ന
ഭൂമിയപ്പോള്‍ ചിരിക്കുന്നു ചഞ്ചലം
ഈര്‍ക്കിലിച്ചൂലു കൊണ്ടു നീ മേടുന്ന
നെഞ്ചിതെന്‍റെയതിന്‍ പാല്‍ നുകര്‍ന്നു നീ
പാറുമോ കിളിച്ചുണ്ടും ഉരഗമുടലുമായ്
പ്രണയമേ,യിന്നില്‍നിന്നുമുയര്‍ന്നു പോകുമ്പൊഴും
കൂടണയുവാന്‍ ഇന്നു മാത്രം കിടയ്ക്കും പതംഗമേ!

Thursday, March 26, 2020

രണ്ടു നദികളുടെ കഥ




രണ്ടാറുകള്‍ക്ക് നടുവിലായിരുന്നു
എന്‍റെ വീടും പട്ടണവും
ഇരട്ടയാര്‍ എന്നൊരു സ്ഥലപ്പേര് മറ്റെങ്ങോ ഉള്ളതുകൊണ്ട്
ഞങ്ങള്‍ കോട്ടയംകാരായി അറിയപ്പെട്ടു.
കൊടൂരാറും മീനച്ചിലാറും
ഏതാണ്ട് ഒരേയകലമിട്ട് ഞങ്ങളെ കടന്നു പോയി.
ഏതാനും മൈലുകള്‍ മാത്രം നീളം വരുന്ന കൊടൂരാറായിരുന്നു
കുറച്ചുകൂടി അടുത്തുള്ളതെന്നു പറയാം.
ചെറുപ്പത്തില്‍ അച്ഛനോടൊപ്പം
അവിടെ കുളിക്കാന്‍ പോകാറുണ്ടായിരുന്നു,
ഞങ്ങളെ നീന്തല്‍ പഠിപ്പിക്കാനുള്ള
അച്ഛന്‍റെ ശ്രമങ്ങളൊന്നും ഫലം കണ്ടില്ല.
പിന്നീടും പല ആറുകളില്‍ കുളിക്കാനിറങ്ങിയിട്ടും
ഏതാനും വര്‍,ങ്ങള്‍ കടപ്പുറത്തു കഴിഞ്ഞിട്ടും
അതു നടക്കാത്ത സ്വപ്നമായിത്തന്നെ തുടര്‍ന്നു.
വീതി കുറവാണെങ്കിലും നല്ല ആഴമുള്ള പുഴയായിരുന്നു
കൊടൂരാര്‍
ഒരിക്കല്‍ എണ്ണയും കയറ്റിവന്ന ഒരു ഗുഡ്സ് ട്രെയിന്‍
പാളംതെറ്റി ആറ്റിലേക്കു വീണിട്ട്
അതന്‍റെ ബോഗികള്‍ പലതും കാണാന്‍ പോലുമില്ലായിരുന്നു
ഒരു തെങ്ങിനോളം ഉയരത്തില്‍ തീകത്തിയെങ്കിലും
തൊട്ടടുത്ത് ആള്‍പ്പാര്‍പ്പില്ലാതിരുന്നതു കൊണ്ട്
വന്‍ അപകടമൊഴിവായി.
ജീമോനോടും അബുവിനോടുമൊപ്പം ചൂണ്ടയിടാന്‍ പോയി
ഒന്നു രണ്ടു ചില്ലാന്‍ പിടിച്ചതും അവിടെത്തന്നെ.
വെള്ളപ്പൊക്കകാലത്ത് ചിറയിലുള്ള കൂട്ടുകാരന്‍റെ വീട്ടില്‍
ചിലപ്പോള്‍ അഞ്ചും ആറും വട്ടം വെള്ളം കേറി.
മഴക്കാലത്ത് പാലത്തിനടിയില്‍ വള്ളത്തിലിരുന്ന്
ഇടിവെട്ടുന്നതു കണ്ട് ഭയന്നതെക്കുറിച്ച്
മീന്‍പിടുത്തക്കരനായ അയാള്‍ പറഞ്ഞതോര്‍മ്മിക്കുന്നു.
നദീ സംയോജനം വന്നപ്പോള്‍
കൊടൂരാര്‍ മിനച്ചിലാറുമായി കൂട്ടുകൂടി.
മീനച്ചിലാര്‍ കുറേക്കൂടി ദൂരം ഒഴുകുന്ന പുഴയായിരുന്നു
എന്‍റെ പെങ്ങളും കൂട്ടുകാരന്‍ ശങ്കറുമൊക്കെ
അതിന്‍റെ കൈവഴികള്‍ക്കരുകില്‍ താമസിച്ചു.
കണ്ടന്‍ചിറക്കുന്നിന്‍റെ മുകളില്‍
പള്ളിപ്പറമ്പില്‍ നിന്നാല്‍ കൊടൂരാര്‍ കാണാം.
ഈരയില്‍ക്കടവില്‍ പാലം വരുവോളം അതു കടത്തുകാരനെ കരുതിയിരുന്നു
പട്ടണത്തിന്‍റെ നടുവിലെ ആ തുരുത്ത്
വഴി വന്നതോടെ പട്ടണത്തോടു ചേര്‍ന്നു.
കൊടൂരാറും അതിന്‍റെയാഴങ്ങളെ അടച്ചുതന്നെ പിടിക്കുന്നു
ചെറിയദൂരങ്ങള്‍ ഒഴുകുമ്പോഴും
കരിമീനും വരാലുകളും പുല്ലനും ആരകനും
മൊരശും പള്ളത്തിയുമൊക്കെ അതിനെ അവരുടെ ഇടമാക്കിയിരുന്നു
പ്ലാസ്റ്റിക്കും നഗരമാലന്യങ്ങളും അതിനെ അവയുടേതാക്കും മുന്‍പു തന്നെ.



Sunday, March 15, 2020

SCARCITY




To live in scarcity, dear
The scars are so pronounced
And roam  round the city-cars

And villages, does it not disturb?
While you, reduced to the elemental
Clean fish and boil the rice.

Friendship ain’t no safe vessel either
You know it as the cock crows
And spot the sinking ship go under.
The poke-marks of time
Are pronounced and clear
You tell yourself that this game
That words hold
Ain’t gonna end
When they split
And spill the beans
One aught to take note, oh dear!


Sunday, March 1, 2020

നിക്കോളാസ് ഗിയന്‍ കവിതകൾ


വെസ്റ്റ് ഇന്‍ഡീസ്


കരിമ്പ്


കരിമ്പിന്‍ പാടത്തെ നീഗ്രോ
കരിമ്പിന്‍ പാടത്തിനു മേലെയുള്ള 
വെള്ളക്കാരന്‍
കരിമ്പുപാടത്തിനടിയിലെ
ഭൂമി.
നമ്മളില്‍ നിന്നൊഴുകുന്ന 
ചോര.

ഗ്വാദലൂപ്പെ, വെസ്റ്റ് ഇന്‍ഡീസ്

Pointe- a- Pitre

കപ്പലിനടുത്ത്
കറുത്തവര്‍ പണിയെടുക്കുന്നു
അറബികള്‍ കച്ചവടം ചെയ്യുന്നു
ഫ്രഞ്ചുകാര്‍ കളികളിലും വിശ്രമത്തിലും
മുഴുകുന്നു
സൂര്യന്‍ കത്തിജ്ജ്വലിക്കുന്നു.

തുറമുഖത്ത് കടല്‍
ഉറങ്ങാന്‍ കിടക്കുന്നു, അന്തരീക്ഷം
പനമരങ്ങള്‍ക്ക് പാനോപചാരം അര്‍പ്പിക്കുന്നു...
ഗ്വാദലൂപ്പേ! ഞാന്‍ ഉച്ചത്തില്‍ വിളിക്കുന്നു
മറുപടിയില്ല.

നുരയുടെ കലമ്പലോടെ
അസാധ്യമായ ജലത്തെ ഉഴുതുമറിച്ചു
കപ്പല്‍ പുറപ്പെടുന്നു:
അവിടെ ഇപ്പോഴും കറുത്തവര്‍ പണിയില്‍ തന്നെ
അറബികള്‍ വാണിഭത്തിലും
ഫ്രഞ്ചുകാര്‍ വിനോദത്തിലും വിശ്രമത്തിലുമേര്‍പ്പെടുന്നു
സൂര്യന്‍ കത്തിജ്ജ്വലിക്കുന്നു.


ബ്ളൂസ്



പണിയെടുക്കാതെയിരുന്നാല്‍
ഞാന്‍ മരിക്കുന്നു,
പണിയെടുത്താലും, ഞാന്‍ മരിക്കുന്നു
ഏതായാലും ഞാന്‍ മരിക്കുന്നു
ഏതുവഴി തെരഞ്ഞെടുത്താലും
ഞാന്‍ മരിക്കുന്നു.

ഇന്നലെ ഞാന്‍ തുറിച്ചുനോക്കുന്ന
ഒരുവനെ കണ്ടു,
അസ്തമന സൂര്യനെ തുറിച്ചുനോക്കുന്ന ഒരുവനെ.
അയാള്‍ ഗുരുതരാവസ്ഥയിലായിരുന്നു
കാരണം അയാള്‍ക്കു കണ്ണു കാണില്ലായിരുന്നു.
ഏയ്, അന്ധര്‍ സൂര്യാസ്തമയത്തില്‍
ഒന്നും കാണാതെ ജീവിക്കുന്നു,
സൂര്യനസ്തമിക്കുമ്പോള്‍
സൂര്യനസ്തമിക്കുമ്പോള്‍.

ഇന്നലെ ഞാന്‍ ഒരു കുട്ടി കളിക്കിടെ
മറ്റൊരു കുട്ടിയെ കൊല്ലുന്നതായി നടിക്കുന്നതു കണ്ടു:
വലിയവര്‍ പണിയെടുക്കുമ്പോലെ
കളിക്കുന്ന കുട്ടികളുണ്ട്!
അവരോടാരു പറഞ്ഞുകൊടുക്കും
വളര്‍ന്നു കഴിഞ്ഞാല്‍
ആളുകള്‍ പിന്നെ കുട്ടികളേയല്ലയെന്ന്,
അവര്‍ പിന്നെയതല്ല,
അവരതല്ല
അവരത് അല്ലേയല്ല?
പണിയെടുക്കാതെയിരുന്നാല്‍ ഞാന്‍ മരിക്കും
പണിയെടുത്താലും ഞാന്‍ മരിക്കും
ഏതായാലും ഞാന്‍ മരിക്കും, ഞാന്‍ മരിക്കും
ഏതു വഴി തെരഞ്ഞെടുത്താലും ഞാന്‍ മരിക്കും.



വിയര്‍പ്പും ചാട്ടവാറും



ചാട്ടവാര്‍,
വിയര്‍പ്പും ചാട്ടവാറും.
സൂര്യന്‍ നേരത്തേയുണര്‍ന്ന്
നഗ്നപാദനായ കറുത്തവനെ കണ്ടു.
കൃഷിസ്ഥലത്തെ തല്ലേറ്റ അവന്‍റെ ശരീരവും
നഗ്നമാണ്.

ചാട്ടവാര്‍,
വിയര്‍പ്പും ചാട്ടവാറും.
കാറ്റ് മുറവിളിയിട്ടുകൊണ്ട് കടന്നു പോയി:
ഓരോ കയ്യിലും എന്തൊരു കറുത്ത പൂവ്!
ചോരയവനോടു പറഞ്ഞു, നമുക്കു പോകാം!
അവന്‍ രക്തത്തോടു പറഞ്ഞു, നമുക്കു പോകാം!
അവന്‍ ചോരപുരണ്ട്, നഗ്നപാദനായി
വിറച്ചുകൊണ്ട് പോയി,
കരമ്പിന്‍ പാടം അവനു മുന്നിലൊരു
വഴി തുറന്നുവെച്ചു.
പിന്നീട്, ആകാശം നിശ്ശബ്ദയായി
ആകാശച്ചുവട്ടില്‍, യജമാനന്‍റെ ചോരയില്‍
ആഴത്തില്‍ പുതഞ്ഞ ഒരടിമയും.

ചാട്ടവാര്‍,
വിയര്‍പ്പും ചാട്ടവാറും
യജമാനന്‍റെ ചോരയില്‍ ആഴത്തില്‍ പുതഞ്ഞ്,
ചാട്ടവാര്‍,
വിയര്‍പ്പും ചാട്ടവാറും
യജമാനന്‍റെ രക്തക്കറ പുരണ്ട്
യജമാനന്‍റെ രക്തക്കറ പുരണ്ട്.