Saturday, January 23, 2021

അടുത്തുണ്ടകലങ്ങള്‍



ഇന്നുമിദ്ദിക്കില്‍ നീ വന്നുപോമെങ്കിലും

കണ്ടുമുട്ടാറില്ല തമ്മില്‍

പണ്ടോരു കത്തി മുറിച്ചിട്ടുപോയൊരാ

രണ്ടു ഖണ്ഡങ്ങള്‍

കല്ലിന്‍റെ ചുണ്ടുകള്‍, ഘരത്വമാര്‍ന്നന്യോന്യം 

നോക്കാതെയായ മിഴികള്‍

ചിലപ്പോഴൊരൊച്ച, 

മാഞ്ഞു മറയും നിഴല്‍,

ചേലാഞ്ചലം, സ്മൃതി തരംഗം

മെത്തയില്‍ വിരിച്ചിട്ട മഞ്ഞയാം ശൂന്യത

പരതും വിരലുകള്‍

പകല്‍ക്കാലമാരുതി കിളച്ചിട്ടൊരുള്‍ത്തലം

ശ്യാമതീരത്തെ വെളുത്ത പൂമ്പാറ്റതന്‍

നേര്‍ത്ത ചിറകടി

നെഞ്ചിലെ കാട്ടിലൊളിപ്പിച്ച ഭൂപടം

പാതിമാത്രം തുറന്ന വചസ്സുകള്‍

തമ്മില്‍ പുണരാത്ത സമാന്തരതകളായ്

നീണ്ടുനീണ്ടഗാധമായ് തീര്‍ന്നൊരാപ്പാതകള്‍

ഇപ്പോള്‍ ഇതള്‍ വിരിഞ്ഞെത്തും സുഗന്ധവും

കൂട്ടിവെയ്ക്കുന്നൂ ഞാനീ സ്ഫടിക മിനാരത്തില്‍

രാക്കിളികള്‍ കൊത്തിപ്പറക്കുന്ന താരകാരാജികള്‍

വന്നു നില്‍ക്കാറുള്ള മാനത്തു കൊമ്പുരസ്സുന്ന

നിശ്ശബ്ദത കുടിച്ചകലങ്ങള്‍ കണ്‍മിഴിക്കുമ്പോള്‍.


Monday, January 18, 2021

ശരി



ചിലപ്പോഴെല്ലാമൊന്നു 

ശരിപ്പെടുത്തിയെടുക്കാന്‍ ശ്രമിക്കുന്നു

ചിലപ്പോള്‍ വലിയ ശരികളാല്‍

വിഴുങ്ങപ്പെടാതെ ഒരു ചെറിയതെറ്റിനെ

നിവര്‍ത്തി നിര്‍ത്തുന്നു. 

ഒരു ശരി അതിനെത്തന്നെ ശരിപ്പെടുത്തുന്നത് 

എങ്ങിനെയെന്നു തിരയുന്നു

അതിരുകളില്‍ പാളി മറയുന്ന വ്യത്യാസത്തെ

തോണ്ടിയെടുക്കുന്നു.

ഉറപ്പുകളിലേക്കു സന്ദേഹത്തെ വഴിനടത്തുന്നു

സന്ദേഹത്തിലേക്ക് ഉറപ്പുകളേയും.

കലി ബാധിക്കാത്ത കാലങ്ങളുണ്ടെന്ന നുണയെ

ഒന്നു കിഴുക്കിവിടുന്നു.

പെന്‍ഡുലമില്ലാത്ത ഒരു നാഴികമണി

അതിന്‍റെ കറക്കങ്ങളെ ദൃശ്യപ്പെടുത്തുന്ന

കയ്യുകളെ അയച്ചുവിട്ടിട്ടെന്നോണം

പരസ്പരം മത്സരിക്കുന്ന സമയങ്ങളെ 

തുറന്നു വിടുന്നു.

ദീര്‍ഘദൂര ഓട്ടക്കാരന്‍ സ്പ്രിന്‍ററോടെന്ന പോലെ

കടന്നു പോവുമ്പോള്‍ കൈവീശുന്നു..

ശരി തെറ്റുകള്‍ക്കപ്പുറമെന്തെന്ന്

ധമ്മപദയോടൊപ്പം സങ്കല്‍പിക്കുന്നു

എല്ലാം സാത്താനും ദൈവവും തമ്മില്‍

കണ്ടുമുട്ടും വരെ മാത്രം.


Thursday, January 14, 2021

ഘട്ഘടം

 



മുറിയിലിരിക്കുമ്പോഴും

ഞാനേതോ തീവണ്ടിയില്‍

എങ്ങോട്ടോ പായുകയാണെന്നു

ഫോണ്‍ വിളിക്കുന്ന കൂട്ടുകാര്‍ക്കു തോന്നുന്നു.

പങ്കയുടെ കടകട ശ്വാസം

ഇരിപ്പിനെ യാത്രയാക്കുന്നുവോ?

അല്ലെങ്കില്‍ ഒരിരുപ്പല്ലേ 

പല യാത്രകളും?

ഒരു യാത്രയല്ലേ ചില ഇരിപ്പുകളെങ്കിലും?


പങ്കയഴിച്ച് കുഴപ്പം മാറ്റിക്കുവാന്‍ മടിതോന്നുന്നു.

അനാവശ്യവും അലോസരമുണ്ടാക്കാവുന്നതുമായ

അതിന്‍റെ ഘട്ഘടവും ചിലപ്പോള്‍ അര്‍ത്ഥപൂര്‍ണ്ണം.

അതില്ലായിരുന്നുവെങ്കില്‍ അപൂര്‍ണ്ണമാവുമായിരുന്ന

ചില യാത്രകളെങ്കിലും 

ചില ഇരിപ്പുകളെങ്കിലും ഓര്‍മ്മ വരുന്നു.

യന്ത്രമേ നിന്‍റെ കറക്കങ്ങളെനിക്കു കാട്ടിത്തരുന്ന അപൂര്‍ണ്ണതയില്‍,

ചിലപ്പോഴീ അധികത്തില്‍

എന്‍റെ കറക്കങ്ങളേയും ചേര്‍ത്തുവെച്ചു നോക്കുമ്പോള്‍

എന്‍റെ ചിരിയിലും ചിലപ്പോഴീ ഘട്ഘടം മുഴങ്ങുന്നു.