Sunday, August 25, 2019

പാക്ക് ചാരന്‍





അല്ലാ, അബ്ദുള്ളാക്കാ, ങ്ങള് പാക്ക് ചാരനാണെന്നോ മറ്റോ ഒക്കെയാ ആളുകള് പറേണത്, കേട്ടല്ലോ
?
റഫീക്ക് ചോദിച്ചു

എന്‍റെ ഹിമാറേ, ഓരിക്കെന്താപ്പോ പറഞ്ഞൂടാത്തത്. ചന്തേല് പാക്ക് (അടയ്ക്കാ) വില്‍ക്കണ നമ്മളെ കേറി പാക്ക് ചാരനെന്നും മറ്റും വിളിച്ചാല്‍ അതില് ലേശമൊരു കാര്യമില്ലാന്നെങ്ങിനാ പ്പം പറയ്യ്വാ? പേരുകൊണ്ടു മ്മളെ കച്ചോടം പ്പം അദാ. പിന്നെ അതിനല്‍പം ഗുണം പിടിക്കണേന് മ്മക്കിപ്പം എന്താ മോശം തോന്നാന്‍. ആരേലും പറഞ്ഞതും ബെച്ച് ജ്ജ് മ്മളെ മക്കാറാക്കല്ലേന്‍റെ റഫീക്കേ. ആകേള്ള പറമ്പിലല്പം കൃഷീള്ളതു പാക്കാണെങ്കി മ്മള് പിന്നെന്താ വിക്ക്വാ? പിന്നെ അയലത്തുകാരനുമായിട്ടു ലഹളേണ്ടാക്കണോനു പലേ വഴീം കാണും. അതോണ്ട് ഇതിപ്പം എങ്ങനെടുത്താലെന്താ?

ആമിന ചിരിച്ചു.
ഇങ്ങടടുത്തായോണ്ട് ഇമ്മാതിരി കുണ്ടന്മാരിക്കും ബന്നു തോന്ന്യാസോം പറഞ്ഞു പോവാം. നിക്കു കേട്ടാല്‍ കലി വരും. ക്രിസ്ത്യാനികളെല്ലാം ഇറ്റലീടെയോ അമേരിക്കേടെയോ ചാരമ്മാരാ? ഓരോരോ സംശയങ്ങളേ. കാലങ്ങളായിട്ടു മ്മളെ അറിയാവുന്ന ആള്‍ക്കാരും കൂടിക്കൂടും ഉപ്പാനെ മക്കാറാക്കാന്‍. ഞാനെന്താ അനുഭവിക്കുന്നേന്ന് എനിക്കറിയാം.

പോട്ടെ മോളേ. മ്മടൊക്കെ ചെറുപ്പത്തില് ഇതൊക്കെ ഒറ്റ രാജ്യാ. പിന്നതു മുറിഞ്ഞു പല കഷണായി. ഒന്നിപ്പിക്കാനറിയാത്തോര് മുറിച്ചിടും. ജ്ജ് കൂടുതല് പറയാനൊന്നും നിക്കണ്ട. അവരിക്ക് ഈടെന്തോ ഭീകരവാദോക്കെ ഒണ്ടെന്ന തോന്നലാ. എന്നാ ഏതാന്നൊന്നും നോക്ക്വേല. മ്മളൊക്കെ താടീമ്മേ ലേശം രോമോള്ളതും കൂടി വടിച്ചേച്ച് ബല്ല കല്ലിനു ചുറ്റും കറങ്ങിയാ ഭേഷാവും. നമ്മക്കാണേലതൊട്ടു തോന്നുകേം ഇല്ല. എന്തു ചെയ്യാനാ. വെറ്റിലേടെ ചാരപ്പണീം ലേശോണ്ട്. പൊകേലേടതു ഗുജറാത്തിലൊക്കെയാണെന്നാ കേള്‍വി. സിഗരറ്റു കമ്പനിക്കാരെല്ലാം വടക്കൊക്കെയാ, ഇവിടല്ടപം ദിനേശ് ബീഡീം ഒക്കെ. അതിനു ലേശം ചാരമുള്ള കൂട്ടത്തിലാ, കേട്ടോ...

റഫീക്കിനു ചിരി പൊട്ടി. അവന്‍ കാലിലെ ചെരുപ്പൂരി അവിടെ ചുറ്റിപ്പറ്റി നിന്ന പട്ടിക്കിട്ടൊരേറു കൊടുത്തു.

മിണ്ടാപ്രാണീനെ  എറിയാതെടാ പഹയാ! അതവിടെങ്ങാന്‍ നിന്നോട്ടെ. അതവിടെ നിക്കണേനു അനക്കെന്താ ഇത്ര കലി? - ആമിന ചോദിച്ചു.

കലികാലമാണെന്നാ രമേശന്‍ പറഞ്ഞതേ..അപ്പം എനിക്കും ചെല കലിയൊക്കെ തോന്നൂലേ?

ഏതു കാലത്തും മറ്റുള്ളോരോടൊരു കലി വേണോന്നു പറഞ്ഞവരൊണ്ടേ. ഈസാ നബീനെയോ മുഹമ്മദു നബിയേയോ വല്ലോം വെറുതേ വിട്ടോ...ജ്ജ് അക്കൂട്ടിലെങ്ങും പോയി ചാടല്ലേ ന്‍റെ ഹമുക്കേ!  അബ്ദുള്ളാക്ക ചിരിച്ചു. ഓരൊക്കെ മ്മടെ ഇഷ്ടക്കാരൊക്കെ തന്നെ. പിന്നെന്താ, ഇത്തിരി കച്ചോടമൊക്കെ വന്നപ്പം ഓരുക്കും മ്മക്കും ഒക്കെ ലേശം തെരക്കായ പോയി. വേണ്ടുമ്മണ്ണം അങ്ങോട്ടുമിങ്ങോട്ടും വരത്തുപോക്കില്ലാണ്ടായി. പിന്നെ ചെലരങ്ങിനാ ഓരുടെ കഷ്ടപ്പാടിനു മ്മളാ കാരണക്കാരെന്നു കരുതും. അതിനിപ്പോ ഞാനെന്തു ചെയ്തെന്നാ? ജ്ജാ ചെരുപ്പെടുത്തിട്ടു ചന്തേലോട്ടു ചെല്ലെന്‍റെ റഫീക്കേ...ആ ജോസുകുട്ടിക്കു പോവാന്‍ നേരമായില്ലേ...

റഫീക്ക് ചെരുപ്പ് തിരിച്ചെടുത്തിട്ട് ആമിനയെ നോക്കി. അവളവനെ ഒന്നു കണ്ണിറുക്കിക്കാണിച്ചിട്ട് പൊരേലേക്കു കയറിപ്പോയി.

ചാരം കൊറേ ദേ ഈ അടുപ്പിലും ഒണ്ടു കേട്ടോ... ഗ്യാസു മാത്രം കത്തിച്ചാല്‍ മതീന്നു വെച്ചാലോ? പടച്ചോനേ, മ്മളേം കൂടി അവരു ചാരാക്കാതെ കാക്കണേ!! ആമിന പിറുപിറുത്തു.





0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home