Friday, October 27, 2017

ഇക്കിളിയേതു മരത്തില്‍?


"വണ്ണാത്തിക്കിളിയിക്കിളിയിട്ടതു
കൊണ്ടു തളിര്‍ത്തൊരു മരമേ!"

"വന്നിങ്ങാശു കളിച്ചു നടന്നോ
പുഞ്ചിരിതൂകും കിളിയേ!"

"പൂവുകളൊന്നു വിടര്‍ന്നവ തോറും
പാറിനടക്കാന്‍ മോഹം!"

"ആകാശത്തിന്‍ പൂവേ നിന്നുടെ
മോഹം ഞാനുമറിഞ്ഞു!"

"മഞ്ഞക്കിളിയുടെ ചിറകിന്നരികിലെ
ഏറ്റം നല്ല കറുപ്പായ്
ഉപ്പന്‍കണ്ണിലുറങ്ങിയെണീല്‍ക്കും
കതിരിന്‍ കതിര്‍മണിമുത്തായ്
ഏതോ ചിരിയില്‍ നിന്നെപ്പുണരും
മോഹമരുത്തിനെയോര്‍ത്തും
തഴുകിപ്പോവും കണ്ണിന്‍ കോണിലെ
നനവിനെ മുത്തിയെടുത്തും
പൂവിന്‍ മുന്നില്‍ കൊക്കാല്‍ ചിറകാല്‍
പുളകം പകരും കുരുവീ
ജയമിഹ നിന്‍റെ വിശേഷം
പകരാന്‍ പല കുളിരുള്ളീ ദിക്കില്‍
അന്‍പുള്ളവളേ കാത്തൂ നിന്നെ
കാമുകനായ പരുന്തും
കാണാതായോ നിന്നെപ്പിന്നേം?
ഞാനിനിയെവിടെ തെരയും?"

"കുഞ്ഞിക്കളിയില്‍ പന്തുമുരുട്ടി
പോയവനെവിടെപോയീ?
ഏതുകനത്തകരത്താലവനുടെ
വഴികളടയ്ക്കാന്‍ നോക്കീ
എന്നിട്ടുമേതോകരിഷ്മകള്‍
വന്നു നിന്നെന്തേ
പറത്തുന്നു പന്തിതെങ്ങും!
കൊത്തിപ്പറക്കുവാന്‍ ഞാനുണ്ടു പായുന്നു
സ്നേഹം നിറച്ച മധുചഷകം."

"മല്ലികപ്പൂവില്‍ മധുനുകരാന്‍ വന്ന
മഞ്ജുളാകാരികള്‍ പാര്‍പ്പതെങ്ങോ?
മാറിലെ രോമനികരത്തില്‍ നിന്നെയും
തേടി തിരയുന്നുണ്ടെന്‍ കൈവിരല്‍കള്‍!
നീ പൂത്ത താഴ്വരയല്ലാതെ മറ്റെന്തു
ണ്ടാശാസരിത്തിന്‍ തെളിയൊഴുക്കില്‍!"

"ഇക്കിളി തന്നൂ നീയും നെഞ്ചിനു
പുളകം വന്നു പുളഞ്ഞൂ ഞാന്‍
നിന്നെക്കാണാന്‍ ഞാനണയില്ലേ
ഞാണു തൊടാത്തോരന്‍പായി
ഒന്നു മുറിക്കാനല്ലാ നെഞ്ചിലെ
യമ്പുകളൊക്കെയൊഴിക്കാന്‍
ഇക്കിളിയേതെന്നറിയില്ലെങ്കിലു
മിക്കിളി തന്നൂ നീയും!"

"മൃദുവാം ചുണ്ടിനു കാതോര്‍ത്തല്ലേ
ഞാനും കഴിവതു പെണ്ണേ!
നിന്നുടെ രാഗസരിത്തില്‍ മീനായ്
അലയുന്നോനീ ഞാനും.
ചിറകടി നെഞ്ചില്‍ പെരുകുന്നൂ
കൂടവിടെത്തന്നെ പണിയൂ!"

"നാവിന്‍ചാമ്പത്തിരകള്‍ വന്നു
കളിപ്പതുമുണ്ടീ കാലിന്നിടകളിലവിടേം
തിരയുന്നുണ്ടു തിരക്കുകളില്ലാ
മനുജരുമുപ്പും പുളിയും
എരിവും മധുരവുമുള്ളൊരു ദിക്കില്‍
വന്നെത്തുന്നൂ ഞാനും
പുതുതായ് ചിലതുരചെയ്തിട്ടെന്നുടെ
രുചിമാറ്റൂ നീ കണ്ണേ!"

"അരുചികളനഭിരുചികളുമനവധിരുചികളുമുള്ളോ
രുലകത്തെന്നെ ദിക്കുകളനവധി കാട്ടുന്നോളേ
മധുരയിലുള്ളൊരു മീനാക്ഷിപ്പെണ്‍
കണ്‍കളിലുള്ളൊരു കിളിയേ!
നബിയുടെ മാറിലുറങ്ങാന്‍ വാവാ
കൊഞ്ചുംകിളിയേ നീയും!
അഗ്രണിമാരുടെ തുഞ്ചത്തഗ്രം വിട്ടുകളഞ്ഞൊരു കിളിയേ!"

"പണ്ടേ വന്നവളാണേ നിന്നെ
നെഞ്ചിലെടുത്തവളാണേ!
മതിലുകളേറിമറിഞ്ഞും
നിന്നെ കാണെണ്ടേ ഞാന്‍ കള്ളാ!
കാളിയനാണീ കാളിന്ദീനദി
പുളകം കൊണ്ടു നിറച്ചോന്‍
അനന്തനാഗഫണങ്ങള്‍ തണലായ്
മരുവീടുന്നോനാണേ
പിന്നെയതെങ്ങിനെയൊഴിവാക്കീടും
പാര്‍ശ്വങ്ങള്‍ക്കഥിനാഥാ!
ബലിയും ബാലിയുമംബാലികകളു
മൊന്നിക്കുന്നൊരു രാവില്‍
നന്നേനീണ്ടൊരു രാവതു നിന്നെ
തന്നുവെനിക്കും പൊന്നേ!
രാവണസൂര്യന്‍ നാടോടുന്നൊരു
ചെറുകരയാണീ ദേശം!
പൂതനവന്നു മുലപ്പാലേകും
ജനതയിതെന്നുടെ ജനത!
ഇക്കിളിയേതു മരത്തിനുമരുളും
ഇക്കിളി പാറും വാനം1"

"വണ്ണാത്തക്കിളി നിന്‍റെ കറുപ്പിനു
ചേരുംപടിയാണേതു വെളുപ്പും
റായുടെ ചിറകടി
വാഴും വാനില്‍ റാകുന്നുണ്ടൊരു മീനും
മുള്‍മുടിയുണ്ടൊരു കുരുവിക്കൂടായ്
കുരുവികളാണതിലെങ്ങും
അസ്ഥിക്കൂടിനെ നീലഞരമ്പുകള്‍
പുണരുന്നിടമാണേതും
മാംസം വന്നു നിറഞ്ഞൂ രാഗം
രോഗവുമങ്ങു മറഞ്ഞൂ
കാത്തൂ നിന്നുടെ ജയമെന്‍ ജയമായ്
മാറും പുതുപുതു കാലം
ഇക്കിളിതന്നുടെ പൊരുളാമക്കിളി
യെപ്പൊഴുമുണ്ടെന്‍ മാറില്‍!
ശാന്തി ജഗത്തിനു നള്‍കുന്നോ
നാണെങ്ങും വാഴും നാഥന്‍!"

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home