Sunday, November 11, 2018

മരുഭൂമിയിലെ ഇരുൾ


(ജലാലുദ്ദീൻ  റുമിക്ക്)

1.
കൊടും പാതകികൾ
ചെറു കുറ്റവാളികളെ വിധിക്കുന്ന
പതിവ് കോടതിയല്ല റൂമിയുടെ മുറി
ആ പേര് പോലെ അതും എത്ര വിശാലം
ഉൾക്കാഴ്ച്ചയുടെ ബലത്താൽ
ചുരുൾ നിവരുന്ന ഒരു ഭൂഭാഗം

സൂഫിയുടെ വീട്ടിൽ
അയാളെ ഒളിച്ചു ജാരനുമായി ആനന്ദിക്കുന്ന
ഭാര്യയെ അയാൾ തൂക്കിലേറ്റുന്നില്ല
അപ്രതീക്ഷിത സമയത്തു് കടന്നു ചെല്ലുന്ന
അയാളോട് പർദ്ദയണിഞ്ഞു മറഞ്ഞു നിൽക്കാൻ ശ്രമിക്കുന്ന
കാമുകൻറെ  ശരീരം
ഏണിപ്പടിയിലെ ഒട്ടകമെന്നോണം സത്യം വിളിച്ചു പറയുന്നുണ്ട്
എന്നാലുമയാൾ മകൾക്കൊരു ആലോചനയുമായി വന്ന 'മാഡത്തെ'
"പോയി മുഖം കഴുകി വരൂ" എന്ന വാക്കുകളോടെ
പറഞ്ഞുവിടുന്നതേയുള്ളു
കണ്ണു തെളിഞ്ഞവൻറെ
ലോകത്തെ മാറ്റിപ്പണിയുന്ന
കുസൃതിച്ചിരിയൂറുന്ന  മുഖത്തോടെ.

2.

ഖലീഫ ഉമർ, ആ വൃദ്ധ സംഗീതജ്ഞൻ
പറയുന്നതു ശ്രദ്ധിക്കുന്നു
"ദൈവത്തെക്കാൾ മനോഹരമായി
ഒരു സംഗീതവുമില്ല
ജീവിത കാലം മുഴുവനും ഞാൻ മുഴുകിയിരുന്ന
നാനൂറ്റി ഇരുപതു രാഗങ്ങളെക്കാൾ
ഉച്ച സ്വരത്തിലും ഗാഢ സ്വരത്തിലും
ഞാൻ ചിലവഴിച്ച ശബ്ദത്തിൻറെ
ഗതിവിഗതികളിലും
എനിക്കറിയാവുന്ന ഏതിനേക്കാളും
എത്രയോ മനോജ്ഞമാണത്
ചെവിയേക്കാൾ ആഴത്തിൽ മനുഷ്യനിലേക്ക് കടന്നു ചെല്ലുന്ന
അവൻറെ  ശബ്ദം 
എന്റെ കേൾവിയെ പുതുക്കി നിശ്ചയിച്ചിരിക്കുന്നു.
ഭൂതത്തിൽ നിന്നും ഭാവിയിൽ നിന്നും വിടുവിച്ചു
ഇന്നിനെ തെളിച്ചെടുക്കുന്നു
ഏറ്റവും ആഴമുള്ള ഇരുട്ടും തീവ്രമായ പ്രകാശവും
എനിക്ക് തുണയായ്തീർന്നിരിക്കുന്നു
നീയെന്നിൽ വിരലോടിക്കുമ്പോൾ, പടച്ചോനെ,
അപരിമിതമായതിൻറെ സ്വരവിന്യാസം
എന്നിൽ സജീവമാകുമ്പോൾ
എൻറെ നരച്ച മുടിയിഴകൾ ബലപ്പെടുന്നു
ഈ നിമിഷത്തെ ജീവിതത്തിലേക്ക്
ഞാൻ എത്തിച്ചേരുന്നു.

3.

അംഗങ്ങളായി ഛേദിക്കപ്പെട്ട
കാലത്തിൽ നിന്നകന്ന്
ഇരുളിൻറെ മണിയറയിൽ വെച്ച്
ഭൂമിയുമായി രഹസ്യ സംയോഗത്തിലായ
ദഖ്യൂകി
അഹത്തെ കൈയൊഴിഞ്ഞു
തൻറെ സത്യമായ സത്തയിൽ എത്തിച്ചേരുന്നു
നിരാപേക്ഷിക കാലത്തിൻറെ സ്വാതന്ത്ര്യത്തെ
അറിയുന്നു.
നാശവും വളർച്ചയും
ചെറുപ്പവും വാർദ്ധക്യവും
ഇല്ലാത്ത അളക്കപ്പെടാത്ത സമയത്തിൻറെ  തോണി.

മനുഷ്യൻ സ്വയം അകപ്പെട്ടു പോയ
അധികാരത്തിൻറെ തൊഴുത്തുകളെ
മറികടന്നു
ഇരുകാലുകളിൽ പുരയും കട്ടിലും യാത്രയും കണ്ടെത്തുന്ന
ചങ്ങലകളില്ലാത്ത ഒരു ജീവിത മാർഗ്ഗത്തെ
കണ്ടെത്തുകയല്ലാതെ മറ്റെന്തു വഴി?

തക്ബീർ വിളിക്കുന്ന ആത്മാവിൻറെ
"ഞാനിതാ നിനക്കുള്ള ബലിമൃഗം"
എന്ന തിരിച്ചറിവിനെ ആഴമുള്ളതാക്കുന്നവനെ
എന്നിൽ നിന്ന് പാഴായിപ്പോയതെല്ലാം
എടുത്തു നീക്കേണമേ! എന്നാണെൻറെ പ്രാർത്ഥന.

ഒരു കുറുക്കൻ
തൻറെ വാലാണ്  തൻറെ വേഗതയ്ക്കടിസ്ഥാനം
എന്ന് കരുതുന്നവൻ
കറങ്ങിനിന്ന പാറയ്ക്കു മുകളിൽ
പാറിനടക്കുന്ന മേഘശകലമേ
നിന്റെ മുഖത്തെ സാന്ദ്രമാക്കുന്ന ചിരി
ഞങ്ങൾ ശ്രദ്ധിക്കുന്നു.
കൊടുങ്കാറ്റിലകപ്പെട്ട കപ്പലിനെ
കരയേറ്റിവിട്ട പ്രാർത്ഥന
ഏതായാലും ഈ വാലിൻറെതല്ല!. 

4.

മരണത്തോടെ തൻറെ വീട് കണ്ടെത്തുന്നവൻറെ 
ഉത്കർഷമാണ് ബിലാലിൻറെ കൺവെളിച്ചം.
അത് ദുരന്തമെന്നു വ്യാഖ്യാനിക്കപ്പെടുന്ന
അവസാനത്തെ
ഒരു തുടക്കമായി തിരിച്ചു പിടിക്കുന്നു.
കുടുംബത്തിന് വലിപ്പമേറുകയാൽ
പുതുക്കിപ്പണിയപ്പെടുന്ന
വീടായി ഒരു മരണത്തെ.

5.

ഷെയ്ഖ് അബ്ദുള്ളാ മഗരിബി
മരുഭൂമിയിലെ ഇരുളിൽ വഴികണ്ടെത്തുന്നോൻ
മറ്റുള്ളവർക്ക് കൂടി കണ്ണായി തീരുന്നത്
ഇരുളിൻറെ പൊരുളറിയുകയാലാണ്
ഈശ്വരനിലല്ലാതെ
കറുത്ത വെളിച്ചത്തെ മറ്റെവിടെ കണ്ടെത്താനാവും?
വെളിച്ചം സൃഷ്ടിക്കപ്പെടുംമുൻപുള്ള
ആദിമമായ ബന്ധത്തിൽ.

6.


തൻറെ  കഴുതയെ  മോഷ്ടിച്ചു വിറ്റു
വിരുന്നൊരുക്കിയ പട്ടിണിക്കാരായ സൂഫികളോടൊപ്പം
ആഘോഷമായി വിശപ്പാറ്റിയ സൂഫി
"കഴുത പോയല്ലോ" എന്ന അവരുടെ പാട്ട്
ഏറ്റുപാടി നിൽക്കുന്നവൻ
അവനിൽ നമുക്ക്
തെറ്റുകുറ്റങ്ങൾക്കതീതനല്ലാത്ത
എങ്കിലും ദൈവത്തിന്റെ പരിരക്ഷയെ
ആശ്രയിക്കുന്ന ഒരുവനെ കാണാനാവും
വിശന്നു തെണ്ടി നടന്നു
ദൈവത്തെ പ്രാർത്ഥിച്ചിരുന്ന ഒരുവന്
ഒരു മാടിനെ കിട്ടുന്നതിൽ അന്യായമില്ലെന്നും
ഉടമസ്ഥത മിക്കവാറും
തട്ടിപ്പറിക്കലിൻറെ മറ്റൊരു രൂപം മാത്രമാണെന്നും. 

   

     

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home