ഞാന്‍ പറയാന്‍ പോകുന്ന കഥ അല്‍പം വിചിത്രമായ ഒന്നാണ്. നിനക്കതു വിശ്വസിക്കുകയോ വിശ്വസിക്കാതിരിക്കുകയോ ചെയ്യാം, സുരേശന്‍ പറഞ്ഞു.
ചിലപ്പോള്‍ ഈ പേര് ഒരു സ്ഥലപ്പേരാവാം, ആദിവാസി സമൂഹങ്ങള്‍ അധിവസിക്കുന്ന ഒരു പ്രദേശവും. ഞാന്‍ പറയാന്‍ ശ്രമിക്കുന്ന ഈ കഥയില്‍, അല്ലെങ്കില്‍ കഥയില്ലായ്മയില്‍, വയനാട്ടിലെ ആ പ്രദേശവുമായുള്ള ബന്ധം തികച്ചും ആകസ്മികവും ഭാഷാപരവും ആണ്. അല്ലെങ്കില്‍ പക്ഷികളും അസുരന്മാരുമായുള്ള ആ രഹസ്യബാന്ധവം, ഈജിപ്തിലെ څറാچ എന്ന പക്ഷിദേവത മുതല്‍ കേരളത്തിലെ څറാകിപ്പറക്കുന്ന ചെമ്പരുന്തുچ വരെയുള്ള സൂക്ഷ്മ ബന്ധം, ആധുനിക നാഗരികത അടക്കി നിര്‍ത്തിയിട്ടും ശക്തമായി അതിജീവിച്ചുവോ? അബോധത്തെ നര്‍ണ്ണയിക്കുന്ന അനേകം ശകലങ്ങലിലൊന്നായി മലയാളിയുടെ ഉള്ളിലും അതു നിലനിന്നിട്ടുണ്ട്. ചെങ്ങന്നൂരാദിയുടെ പാട്ടിലെ, നാടന്‍ കീഴാള വഴക്കങ്ങളിലെ പരുന്തും, പുള്ളും ജോസഫിന്‍റെ കവിതയില്‍ വിരുദ്ധമായ ഒരാശങ്കയായി എങ്കിലും കടന്നു വരുന്നത് (പുള്ളു തളര്‍ത്തിയ) സങ്കല്‍പ ലോകത്തിന്‍റെ കുഴമറിച്ചിലുകളിലേക്കുള്ള ഒരു ദിശാസൂചിയാണ്. പറയര്‍ക്ക് ആയോധനവിദ്യ പകര്‍ന്നു നല്‍കിയ കരിയാത്തന്‍ പുള്ളിന്‍റേയും കരിയാത്തിപ്പുള്ളിന്‍റേയും കഥ എന്നോടു പറഞ്ഞത് പൊന്നിയുടെയും വില്‍സണിന്‍റേയുമൊക്കെ അപ്പച്ചനാണ്. പറവകളും പാതാളവും മനുഷ്യരും തമ്മിലുള്ള ഈ ബന്ധത്തിലെ സങ്കീര്‍ണ്ണതകള്‍ അതേ പാതാളത്തിലെ അന്തേവാസികളാണു നമ്മളും എന്നോര്‍മ്മിപ്പിക്കുന്നു.
പക്ഷിരൂപത്തിലുള്ള യന്ത്രപ്പറവകളുടെയും ഡ്രോണുകളുടെയും ഒരു കാലത്തും കേവലം പഴയ മട്ടില്‍ പക്ഷികളുടെ ഒരു പറുദീസ എങ്ങിനെ പാതാളമെന്നു വിളിക്കപ്പെട്ടു എന്നാലോചിച്ചാല്‍ ലോകത്തിന്‍റെ ചില കീഴ്മേല്‍ മറിയലുകള്‍ വെളിച്ചപ്പെടും. പറുദീസയെ നഷ്ടപ്പെടുത്താത്ത ചിന്തയുടെ ഉറവകള്‍ ഏറിയ പങ്കും സാധാരണക്കാരായിരുന്നു എന്ന വസ്തുതയും -സുരേശന്‍ തുടര്‍ന്നു. ഒരു ബീഡിക്കു തീ കൊട്ത്തിട്ട് സാം പള്ളി മൈതാനത്തെ ചെങ്കല്ലിന്മേല്‍ അല്പം കൂടി അയഞ്ഞിരുന്നു കഥ കേള്‍ക്കാന്‍ തയ്യാറെടുത്തു.
നന്നേ ചെറുതായിരുന്ന കാലത്ത്, എത്ര വയസ്സായി എന്നു നിശ്ചയമില്ല, ഞാന്‍ വീട്ടുമുറ്റത്തെ കിണറ്റുകരയില്‍ നില്‍ക്കെ തൊട്ടടുത്ത് ഒരു ചെത്തിയില്‍ ഒരു മയില്‍ വന്നിരുന്നതും പറന്നു പോവുന്നതും കണ്ടു. ഈ കാഴ്ച യഥാര്‍ത്ഥമാണോ അതോ ദിവാസ്വപ്നമായിരുന്നോ എന്ന് എനിക്കൊരിക്കലും നിശ്ചയിക്കാന്‍ കഴിഞ്ഞിട്ടില്ല. യുക്തിയും ഭാവനയും വേറിട്ടു നില്‍ക്കുന്ന അനേകം മുഹൂര്‍ത്തങ്ങളിലൂടെ പോകുന്ന ഈ ആഖ്യായിക അതു കൊണ്ടു തന്നെ ഇവയെ സംബന്ധിച്ച് സ്വന്തമായൊരു കാഴ്ചപ്പാടിലെത്തുവാനാണ് നിങ്ങളെ ക്ഷണിക്കുന്നത്. ഞാന്‍ താമസിക്കുന്നത് അന്നു തന്നെ സാമാന്യം ജനനിബിഡമായ പട്ടണത്തിലെ ഒരു പ്രദേശത്താകയാല്‍ അവിടെ മയിലുകളെ കാണുക സാധാരണമായിരുന്നില്ല എന്നതാണ് കൃത്യമായും ഓര്‍ക്കുന്നതെങ്കിലും ആ സംഭവത്തെക്കുറിച്ച് എനിക്കു സംശയം തോന്നിക്കുന്നത്. പിന്നീട് ആ പ്രദേശത്തു ഞാനൊരു മയിലിനെ കാണുന്നത് കുറച്ചകലെ ഒരു വീട്ടില്‍ കൂട്ടിലിട്ടു പാര്‍പ്പിച്ച നിലയിലാണ്. അതോടൊപ്പം ആ വീട്ടുകാര്‍ തന്നെയാണെന്നു തോന്നുന്നു, ഒരു മലമ്പാമ്പിനേയും വളര്‍ത്തിയിരുന്നു. സ്കൂളില്‍ പോയി മടങ്ങുന്ന കുട്ടികള്‍ക്ക് സ്ഥിരമായൊരു കൗതുകക്കാഴ്ചയായിരുന്നു അത്.
ഫ്രോയിഡ് ലിയോനാര്‍ഡോയുടെ സ്വപ്നം/ ഓര്‍മ്മയെ വ്യാഖ്യാനിച്ചെഴുതിയ ലേഖനം വായിച്ചപ്പോള്‍ സമാനമായ അനുഭവങ്ങള്‍ മറ്റു പലര്‍ക്കും ഉണ്ടാവാം എന്ന് എനിക്കു തോന്നി. പക്ഷികളെക്കുറിച്ചുള്ള ഓര്‍മ്മകള്‍ അല്‍പം അസാധാരണമായ മട്ടില്‍ എന്നിലെന്താണു തങ്ങി നില്‍ക്കുന്നത്? വിശേഷിച്ചും അവ സവിശേഷമായ ഒരു കര്‍തൃത്വമായി എനിക്കു തോന്നാന്‍ കാരണമെന്താണ്? സത്യത്തില്‍ എന്‍റെ അനുഭവങ്ങള്‍ അതിനുള്ള മറുപടിയെ യുക്തിക്കു പുറത്ത് അന്വേഷിക്കുവാന്‍- അതല്ലെങ്കില്‍ യുക്തിയെന്നത് ചിന്തയിലെ ഘടകങ്ങളെ പരസ്പരം ബന്ധിപ്പിച്ച് അവയ്ക്കു തുടര്‍ച്ച നല്‍കുന്ന ഒരു ഘടകമാണെങ്കില്‍, വ്യത്യസ്തമായ ഒരു യുക്തിയില്‍ അന്വേഷിക്കുവാന്‍- എന്നെ പ്രേരിപ്പിക്കുന്നവയാണ്. കുട്ടിക്കാലം മുതല്‍ക്കേ കിളികളുടെ വിളികള്‍ക്കു മറുവിളി വിളിച്ചു കളിക്കാറുണ്ടായരുന്ന എനിക്ക് ജോസഫിന്‍റെ څഉപ്പന്‍റെ കൂവല്‍ വരയ്ക്കുമ്പോള്‍چ എന്ന കവിത അതി മനോഹരമായനുഭവപ്പെട്ടത് അതിനാലാവണം. മനോവ്യാപാരത്തിന്‍റെ ചില അധോതല സഞ്ചാരങ്ങളെ ڇകിളി പോവുകڈ എന്നു വിശേഷിപ്പിച്ചു കേള്‍ക്കാറുണ്ട്. ഞാനൊരു കിളിപോയ മനുഷ്യനാണെന്നെങ്കിലും എനിക്കു മടി കൂടാതെ അവകാശപ്പെടാം.
ഹ..ഹ..ഹ.. ചിലപ്പോള്‍ നീ സത്യവും പറയാറുണ്ട്, അല്ലേ? സാം ഇടയ്ക്കു കയറിപ്പറഞ്ഞു. ആയിടെ മനോരോഗ ചികത്സ കഴിഞ്ഞെത്തിയതായരുന്നു സുരേശന്‍. അയാള്‍ തുടര്‍ന്നു:
ഞങ്ങള്‍ - ഞാനും ചേച്ചിയും പ്രൈമറി സ്കൂളില്‍ പഠിക്കുന്ന കാലത്ത് അച്ഛനെ ഒരിക്കല്‍ പോലീസ് പിടിച്ച് ലോക്കപ്പിലിട്ടു. അച്ഛനെ പോലീസ് പിടികൂടിയത് പോലീസ് സ്റ്റേഷന്‍റെ ബോര്‍ഡ് വഴിയിലേക്കു ചാഞ്ഞു കിടന്നത് തട്ടി പോലീസ് സ്റ്റേഷന്‍ വളപ്പിലേക്കിട്ടതിനാണെന്നാണു കേട്ടിട്ടുള്ളത്. അമ്മ എന്നേയും കൂട്ടി സ്റ്റേഷനിലെ ഒരു പോലീസ് ഉദ്യോഗസ്ഥനെ അയാളുടെ ക്വാര്‍ട്ടേഴ്സില്‍ പോയി കണ്ട് അഭ്യര്‍ത്ഥിച്ച ശേഷം മാത്രമാണ് അദ്ദേഹം വിട്ടയക്കപ്പെട്ടത്.
പിന്നീട് ഡോ. ബഷീറിന്‍റെ ഭ്രാന്താശുപത്രിയില്‍ പിടിച്ചു പൂട്ടിയിടപ്പെട്ട അച്ചന്‍ അവിടെ നിന്നും മതില്‍ ചാടി രക്ഷപ്പെടുകയായിരുന്നു. അച്ചനെ ഷോക്കുചകത്സയ്ക്കു വിധേയനാക്കുന്നത് ഞാന്‍ കണ്ടു എന്നാണെന്‍റ ഓര്‍മ്മ. ഇതും ഞങ്ങളുടെ പിന്നീടുള്ള വ്യക്തിപരമായ അനുഭവങ്ങളും പോലീസ് നിയമ സംരക്ഷകരാണ് എന്ന വാദത്തോട് എന്നില്‍ സംശയമുളവാക്കിയിട്ടുണ്ട്. കോളേജ് വിദ്യാഭ്യാസകാലത്തും പിന്നീടും എനിക്കും കൂട്ടുകാര്‍ക്കും പ്രത്യേകിച്ചൊരു കാരണവും കൂടാതെ പോലീസ് സ്റ്റേഷനില്‍ രാത്രി ചിലവഴിക്കേണ്ടതായി വന്നിട്ടുണ്ട്. ഒരിക്കല്‍ ഞാനും ഒരു സുഹൃത്തും രാത്രികാലത്ത് എന്തോ കാമ്പെയിനന്‍റ ഭാഗമായി പോസ്റ്ററിംഗോ മറ്റോ കഴിഞ്ഞു വന്ന് കോട്ടയം ബസ് സ്റ്റാന്‍ഡിലിരുന്ന് സംസാരിച്ചു കൊണ്ടിരിക്കെ പോലീസ് ഞങ്ങളെ പിടിച്ച് സ്റ്റേഷനില്‍ കൊണ്ടുപോയി. ബസ്സ്റ്റാന്‍ഡില്‍ അക്കാലത്ത് ലൈംഗിക തൊഴിലില്‍ ഏര്‍പ്പെട്ടിരുന്നവര്‍ക്ക് ഞങ്ങളവിടെ ഇരിക്കുന്നത് തടസ്സമായി തോന്നിയതിനാലാണ് അതു സംഭവിച്ചതെന്നാണു ഞങ്ങള്‍ മനസ്സിലാക്കിയത്. മറ്റൊരിക്കല്‍ ടൗണിലെ ഒരു ജംഗ്ഷനില്‍ സെക്കന്‍റ് ഷോ കഴിഞ്ഞു വന്നു നിന്ന് സംസാരിച്ചു കൊണ്ടിരിക്കെ അവിടെ അക്കാലത്തു പുതിയതായി സ്ഥാപിച്ച ഗേറ്റു പോലുള്ള സംവിധാനത്തിനു മുകളിലൂടെ വെറുതേ ചാടിക്കടക്കുവാന്‍ ഞാനൊരു ശ്രമം നടത്തി. കൈകുത്തി ചാടി ഗേറ്റിനു മുകളില്‍ എത്തിയപ്പോഴാണ് ഒരു പോലീസ് ജീപ്പ് അവിടെ കൊണ്ടു നിര്‍ത്തി ഞങ്ങളെ ഒന്നടങ്കം പിടച്ചു സ്റ്റേഷനിലേക്കു കൊണ്ടു പോയത്. അന്നു ഞങ്ങള്‍ അഞ്ചാറു പേരുണ്ടായിരുന്നു. അന്നവിടെ നഗരത്തിലെ ഒരു സുറുമ വില്പനക്കാരനേയും, ചെറുകിട പത്രത്തിന്‍റെ ലേഖകനേയും ഞങ്ങളെപ്പോലെ പിടിച്ചിട്ടിരുന്നതായി ഓര്‍ക്കുന്നു.
മനോരോഗ ചികിത്സ കഴിഞ്ഞെത്തിയ അച്ഛനും അതിനു മുന്‍പുള്ള അച്ചനും തുലോം വ്യത്യസ്തരായിരുന്നു. ചുരുങ്ങിയപക്ഷം ഞങ്ങള്‍ കുട്ടികളോടുള്ള സമീപനത്തിലെങ്കിലും. അച്ഛന്‍ രോഗിയായി മാറും മുന്‍പ് അദ്ദേഹത്തോടൊപ്പം നടത്തിയ യാത്രകള്‍ വളരെ രസകരമായിരുന്നു. അമ്മയുമായി പിണങ്ങിയട്ടാണെന്നു തോന്നുന്നു, അച്ചനെന്നെയും കൊണ്ട് വണ്ടിപ്പെരിയാറ്റിലും, മൂന്നാറിലുമൊക്കെ പോയത് ഞാനോര്‍ക്കുന്നു. ഒരു പാടു ദൂരം കാല്‍നടയായി സഞ്ചരിച്ച ശേഷം വല്ലാതെ ക്ഷീണിച്ച ഞങ്ങള്‍ക്ക് ഒരു കാള വണ്ടി കിട്ടി അതില്‍ യാത്ര തുടര്‍ന്നതും ഓര്‍മ്മയുണ്ട്. വിവാഹത്തിനു മുമ്പുള്ള കാലത്ത് അച്ഛന്‍ ദേവികുളത്ത് പെട്ടിമുടിയിലെ ട്രൈബല്‍ ബോര്‍ഡിന്‍റെ സ്റ്റോര്‍ മാനേജറായിരുന്നു. വനപ്രദേശത്ത് അച്ഛന്‍ താമസിച്ചിരുന്ന ക്വാര്‍ട്ടേഴ്സന്‍റെ ചില്ലുകള്‍ ആനകള്‍ ആക്രമിക്കുകയോ മറ്റോ ഉണ്ടായപ്പോഴാണ് താന്‍ ജോലി മതിയാക്കി നാട്ടിലേക്കു പോന്നത് എന്നാണ് അച്ഛന്‍ പറഞ്ഞിരുന്നത്. അച്ചനോടൊപ്പം പെരിയാറ്റിലോ മൂന്നാറ്റിലോ നടത്തിയ ഒരു കാളവണ്ടി യാത്ര എന്‍റെ മനസ്സില്‍ പച്ചപിടിച്ചു നില്‍ക്കുന്നു. അച്ചനുള്‍പ്പെടുന്ന ട്രൈബല്‍ ബോര്‍ഡിന്‍റെ ഒരു ഗ്രൂപ്പ് ഫോട്ടോ ഇന്നും എന്‍റ കൈവശമുണ്ട്.
പ്രൈമറി സ്കൂളില്‍ പഠിക്കുമ്പോള്‍ അച്ഛനെന്നെ അടുത്ത ഒരു കൂട്ടുകാടനെന്നോണമാണ് കൊണ്ടു നടന്നിരുന്നത്. ഉത്സവകാലത്ത് അമ്പലപ്പറമ്പുകളില്‍ ബാലേയോ, നാടകമോ, മിമിക്രിയോ, ഓട്ടന്‍തുള്ളലോ, കൂത്തോ ഒക്കെ കാണാന്‍ പോവുക പതിവായിരുന്നു. മിമിക്രിയില്‍ കോട്ടയം ജോസഫും, ബാലേക്കാരില്‍ ചെല്ലപ്പന്‍ ഭവാനിയും, തൃപ്പൂണിത്തുറ അരവിന്ദാക്ഷ മേനോനുമൊക്കെയായിരുന്നു അക്കാലത്തെ താരങ്ങള്‍. ചാക്യാര്‍ കൂത്ത് സാമാന്യം വരസമായാണ് അന്ന് അനുഭവപ്പെട്ടത്. തുള്ളല്‍ കുറേഖ്ഖൂടി രസമുള്ളതായിരുന്നു. ഇളം പ്രായത്തില്‍ ഞാന്‍ കണ്ടതായോര്‍ക്കുന്ന മറ്റൊരു നാടകം എന്‍റെ ചില അയല്‍വാസികളും അഭിനയിച്ച സ്പാര്‍ട്ടക്കസാണ്. ഞാന്‍ ആദ്യമായി സ്റ്റേജില്‍ കയറിയത് രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ അച്ഛന്‍റെ നിര്‍ബ്ബന്ധപ്രകാരം മൗണ്ട് കാര്‍മ്മല്‍ സ്കൂളിലെ മത്സരങ്ങള്‍ക്കാണ്. റണ്ടിനങ്ങളില്‍ മത്സരിച്ച ഞാന്‍ ആദ്യ ഇനമായിരുന്ന കവിതാ പാരായണത്തില്‍ ചണ്ഡാല ഭിക്ഷുകയുടെ ഒരു ഭാഗം കഷ്ടിച്ചു ചൊല്ലി ഒപ്പിച്ചെങ്കിലും അടുത്ത ഇനമായ പ്രസംഗ മത്സരം വന്നപ്പോള്‍ സ്റ്റേജ് ഭയം മൂലം വിറയലോടെ പ്രസംഗം പാതി വഴിയില്‍ ഉപേക്ഷിക്കുകയാണുണ്ടായത്. പിന്നീട് സ്കൂള്‍ വിദ്യാഭ്യാസകാലത്തൊന്നും ഞാന്‍ സ്റ്റേജില്‍ കയറിയിട്ടേ ഇല്ല.നേഴ്സറി വി്യാഭ്യാസ കാലത്ത് നാട്ടിലെ ബാലഭവന്‍ സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തില്‍ പങ്കെടുത്തതില്‍ പ്രോത്സാഹന സമ്മാനമായി കിട്ടിയ തലയട്ടുന്ന പാമ്പാട്ടിയുടേയും പാമ്പിന്‍റേയും രൂപം ഇന്നുമെന്‍റെ വീട്ടിലുണ്ട്.രാത്രികാലങ്ങളില്‍ ഉള്ള യാത്രകളില്‍ ചിലപ്പോള്‍ അച്ചനെന്നെയും കൂട്ടി ശവക്കോട്ടപ്പറമ്പിലൊക്കെ പോകുമായിരുന്നു. അല്‍പം വിചത്ര സ്വഭാവിയായിരുന്ന അദ്ദേഹം എന്നോടൊന്നിച്ച് ചില യാത്രകളില്‍ കടയില്‍ നിന്നും സിഗരറ്റു വാങ്ങി വലിക്കുമ്പോള്‍ എനിക്കും സിഗരറ്റു വലിക്കാന്‍ തരിക പതിവായിരുന്നു. നടന്നു ക്ഷീണിച്ച എനിക്കു നാരങ്ങാ വെള്ളമോ മിഠായിയോ ഒക്കെ വാങ്ങിത്തരും. പുകവലി ഒരു പ്രശ്നമായെടുത്തത് അമ്മയാണ്. ഒരു ദിവസം അമ്മ നാമം ചൊല്ലിക്കൊണ്ടിരിക്കെ ഞാന്‍ അച്ഛന്‍ സിഗരറ്റു വെച്ചിരുന്നിടത്തു നിന്നും ഒരു സിഗരറ്റെടുത്ത് നിലവിളക്കില്‍ നിന്നും തീകൊളുത്തുന്നതു കണ്ട അമ്മ എന്നെ പൊതിരെ തല്ലി. അതോടെ അക്കാലത്തെ പരസ്യമായ പുകവലി നിന്നു എങ്കിലും ഹൈസ്കൂള്‍ പഠനകാലത്തും ഞാന്‍ ഇടയ്ക്കൊക്കെ ആഞ്ഞിലിത്തിരി കത്തിച്ച് തീയുള്ള ഭാഗം വായ്ക്കുള്ളിലാക്കി പുക വിടുകയും മറ്റും പതിവായിരുന്നു. പത്താം ക്ളാസ്സില്‍ പഠിക്കുമ്പോള്‍ ഒരിക്കല്‍ സഹപാഠികളോടൊപ്പം നെഹൃ സ്റ്റേഡിയത്തിലെ ഗാലറിയില്‍ പോയിരുന്ന് സിഗരറ്റു വലിച്ചതും ഓര്‍ക്കുന്നു. കുട്ടിക്കാലത്തു തന്നെ പുകവലിയിലുള്ള കൗതുകം നശിച്ചതിനാലാവണം പിന്നീട് എനിക്കു പുകവലിയില്‍ വലിയ താല്‍പര്യം തോന്നിയിട്ടില്ല. അടുത്ത കാലത്ത് ഒന്നു രണ്ടു വര്‍ഷം വല്ലപ്പോഴുമൊക്കെ വലിക്കാറുണ്ടായിരുന്നുവെങ്കിലും അപ്പോഴും അതൊരു ശീലമായി തീര്‍ന്നില്ല.
കള്ളുകുടി കുറച്ചുകൂടി ആഴത്തില്‍ സ്വാധീനിച്ചു എന്നുള്ളതാണു വാസ്തവം. ഞാന്‍ ആദ്യമായി മദ്യം വാങ്ങുന്നത് എന്‍റെ വലിയമ്മാവന് അദ്ദേഹത്തിന്‍റെ അവസാനകാലത്ത് അദ്ദേഹത്തിന്‍റെ ആഗ്രഹപ്രകാരം അച്ഛന്‍ നര്‍ദ്ദേശിച്ചതനുസരിച്ച് കളക്ട്രേറ്റിനടുത്തുള്ള ഒരു ചാരായഷാപ്പില്‍ പോയി ചാരായം വാങ്ങി രഹസ്യമായി എത്തിച്ചു കൊടുത്തതാണ്. ഒരു ലോറി ഡ്രൈവറായിരുന്നു അദ്ദേഹമെന്നു തോന്നുന്നു. വീട്ടില്‍ പനയും തെങ്ങും ചെത്താനുണ്ടായിരുന്നതുകൊണ്ട് വല്ലപ്പോഴുമൊക്കെ ഒരു ഗ്ലാസ്സ് കള്ള് അന്നൊക്കെ കിട്ടിയിരുന്നു. എന്നാല്‍ വിദേശമദ്യം ആദ്യമായി കഴിക്കുന്നത് (റമ്മാണെന്നു തോന്നുന്നു) അക്കാലത്തു പുനലൂരില്‍ താമസമായിരുന്ന അച്ഛന്‍ പെങ്ങളോടൊപ്പം -ഹൈസ്കൂള്‍ വിദ്യാഭ്യാസകാലത്താണെന്നു തോന്നുന്നു- പത്തനാപുരത്തുള്ള അവരുടെ കുടുംബ സുഹൃത്തിന്‍റെ വീട്ടില്‍ ഒരു പാര്‍ട്ടിക്കു പോയപ്പോഴാണ്. അന്ന് അവിടെ ഉണ്ടായരുന്ന ആരോ എനിക്ക് ഒരു ഗ്ലാസ്സില്‍ മദ്യം കൊണ്ടു തന്നത് നല്ല രുചിയുള്ള എന്തോ പാനീയമാണെന്നു കരുതി മോന്തിയ ഞാന്‍ അതിന്‍റെ അരുചി കൊണ്ട് ഉടനെ തുപ്പിക്കളയുകയും ബാക്കി വന്നത് മുറ്റത്തേക്കൊഴിക്കുകയുമാണുണ്ടായത്. പിന്നീട് കോഴിക്കോട്ട് കടപ്പുറത്ത് താമസിക്കുന്നതിനിടയിലാണ് മദ്യപാന ശീലം തുടങ്ങുന്നത്.
ദേവികുളത്തെ ജോലി വിട്ട ശേഷം അച്ഛന്‍ അല്‍പ കാലം ഒരു ബസ് കണ്ടക്ടറായും, കൂപ്പിലും ,ഹോംഗാര്‍ഡ്സിലും ഒക്കെ പണിയെടുത്തിരുന്നു എങ്കിലും രണ്ടു വട്ടം ഷോക്ക് ചികിത്സ കഴിഞ്ഞെത്തിയ അച്ചന്‍ തികച്ചും ഉള്‍വലിയുകയാണുണ്ടായത്. സൗമ്യനും സ്നേഹവാനുമായരുന്ന അച്ഛന്‍ പിന്നീട് വീട്ടിലിരുപ്പായശേഷം ഞങ്ങള്‍ കുട്ടികളെ കഠിനമായി മര്‍ദ്ദിക്കുകയും മറ്റും പതിവായി.. കടയില്‍ പോയി വന്നപ്പോള്‍ ഒരു രൂപ നഷ്ടപ്പെടുത്തിയതിന് അച്ഛനെന്നെ തൊഴിച്ചതും കുറേക്കാലത്തേക്ക് നട്ടെല്ലിന്‍റെ അവസാന കശേരു വേദനിച്ചിരുന്നതും ഇപ്പോഴും ഇടയ്ക്കിടെ ഓര്‍മ്മവരും.
അടിയന്തരാവസ്ഥയ്ക്കു ശേഷം ആദ്യത്തെ സ്കൂള്‍ തെരഞ്ഞെടുപ്പു കാലത്ത് എം.ടി സ്കൂളില്‍ അസീം ജസ്ബി വന്നു പ്രസംഗിക്കുന്നത് ഞാന്‍ കൗതുകത്തോടെ കണ്ടു നിന്നിട്ടുണ്ട്. അന്ന് യു. എസ്. എം എന്ന ഐക്യമുന്നണിയായി മത്സരിച്ചിരുന്ന ഇടതുപക്ഷത്തോടായിരുന്നു എനിക്ക് അനുഭാവം. വിദ്യാര്‍ത്ഥി സമരത്തോടൊപ്പം മറ്റു സ്കൂളില്‍ പോയ കാര്യം അവടെ വെച്ച് എന്നെ കണ്ട കുട്ടികള്‍ വീട്ടില്‍ റിപ്പോര്‍ട്ട് ചെയ്തതിനാണ് പിന്നീടൊരിക്കല്‍ പൊതിരെ തല്ലു കിട്ടിയത്. ഞാനും മുഹമ്മദ് കബീറും ഉള്‍പ്പെടെ ചുരുക്കം ചിലരേ അന്ന് ക്ലാസ്സില്‍ ഇടതു പക്ഷത്തുണ്ടായിരുന്നുള്ളൂ. അക്കാലത്ത് ആ സ്കൂളില്‍ ഒരു ന്യൂനപക്ഷമായിരുന്ന അവരുടെ നേരെ കോണ്‍ഗ3സ്സുകാര്‍ ചെറുകിട അക്രമങ്ങളിലേര്‍പ്പെട്ടിരുന്നു.ഉച്ചയൂണിനായി കബീര്‍ വീട്ടില്‍ പോകുന്ന സമയത്ത് ഒറ്റപ്പെടുന്ന എന്‍റെ നേര്‍ക്കും ചല്ലറ ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്. പിന്നീട് സി.എം.എസ് കോളേജിലെ വിദ്യാഭ്യാസ കാലത്ത്
ജനാധിപത്യ വിരുദ്ധമായ ഇത്തരം പദ്ധതകളില്‍ ഇടതുപക്ഷവും ആര്‍ എസ്.എസ്സുമൊന്നും ഒട്ടും മോശമല്ല എന്ന് എനിക്കു ബോധ്യമായി. അക്കാലത്തു ഇത്തരം പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടതില്‍ എസ്. എഫ്. ഐ കമ്മിറ്റി തീരുമാനങ്ങളായിരുന്നു അടിസ്ഥാനമെങ്കിലും ഇന്നു ഞാന്‍ ലജ്ജിക്കുന്നു.
ഹൈസ്കൂള്‍ വിദ്യാഭ്യാസ കാലത്ത് വണ്ടിക്കൂലി ഒഴിച്ചാല്‍ വേറെ പണമൊന്നും വ്യക്തിപരമായ അല്ലറചില്ലറ കാര്യങ്ങള്‍ക്കായി ഞങ്ങള്‍ക്കു തരുവാനുള്ള ധനസ്ഥിതി വീട്ടിലുണ്ടായിരുന്നില്ല. സര്‍ക്കാര്‍ പ്രൈമറി സ്കൂളിലെ തയ്യല്‍-ക്രാഫ്റ്റ് ടീച്ചറായിരുന്ന അമ്മയുടെ ശമ്പളം കൊണ്ടു വേണമായിരുന്നു ഞങ്ങള്‍ മൂന്നു കുട്ടികളുടെ വിദ്യാഭ്യാസം, അച്ചന്‍റെ മരുന്നുകള്‍,വീട്ടിലെ മറ്റു ചെലവുകള്‍ തുടങ്ങിയവയെല്ലാം നടക്കാന്‍. വ്യക്തിപരമായ ഈ സാമ്പത്തിക ഞെരുക്കം പരിഹരിക്കാന്‍ ഞാന്‍ കണ്ടെത്തിയ വഴി വീട്ടിലെ പ്ലാവുകളില്‍ നിന്നും ഇലച്ചില്ലകള്‍ വെട്ടി ആടുവളര്‍ത്തുകാര്‍ക്കു വില്‍ക്കുക, കവുങ്ങില്‍ നിന്നും പാക്കു പറിച്ചു വില്‍ക്കുക, കോമിക് ബുക്കുകള്‍ വാങ്ങി വായിച്ച ശേഷം അവ സ്വയം ബയന്‍റു ചെയ്ത് മറ്റു കുട്ടികള്‍ക്കു വില്‍ക്കുക തുടങ്ങിയവയായിരുന്നു. അക്കാലത്തു തന്നെ കൂടുതല്‍ പണത്തിനായി ക്രമേണ ഞാന്‍ ഉണ്ടായിരുന്ന കവുങ്ങുകളെല്ലാം വെട്ടി വിറ്റു കഴിഞ്ഞിരുന്നു. സ്വകാര്യമായ ഈ ആവശ്യങ്ങള്‍ പ്രധാനമായും കഥപുസ്തകങ്ങളും മാസികകളും വാങ്ങുക, സിനിമ കാണുക, ഐസ്ക്രീം, മിഠായികള്‍, കടല, കളിക്കാനുള്ള ഗോട്ടി(വട്ട്), പന്തുകള്‍., പമ്പരങ്ങള്‍, പട്ടമുണ്ടാക്കാനും മറ്റാവശ്യങ്ങള്‍ക്കുമുള്ള കടലാസ്, വാട്ടര്‍കളറുകളും, പോസ്റ്റര്‍ കളറുകളും ഇവയെല്ലാം വാങ്ങുക ഇതൊക്കെയായിരുന്നു. ക്രാഫ്റ്റ് ടീച്ചറായിരുന്ന അമ്മ ഞങ്ങളെ പ്ളാസ്റ്റിക് വള്ളികളും ചരടുകളും കൊണ്ട് പലതരം ബാഗുകള്‍, മുന്തിരിക്കുല, പൂവുകള്‍ തുടങ്ങി പലതും ഉണ്ടാക്കാന്‍ പഠിപ്പിച്ചിരുന്നു. ഒറിഗാമിയെക്കുറിച്ചു പബ്ളിക് ലൈബ്രറിയലുണ്ടായരുന്ന പുസ്തകങ്ങള്‍ വായിച്ച് അതുപ്രകാരമുള്ള പേപ്പര്‍ ക്രാഫ്റ്റുകളും ഞാന്‍ അഭ്യസിച്ചരുന്നു.
അങ്ങിനെ ഒരിക്കല്‍ അടയ്ക്കാ പറിക്കാനായി കവുങ്ങില്‍ കയറിയപ്പോള്‍ കവുങ്ങിന്‍റെ ഓലകള്‍ക്കിടയില്‍ ഒരു കിളിക്കൂട് കണ്ട് ഞാനതു വലിച്ചു താഴെയിട്ടു. താഴെയെത്തി നോക്കുമ്പോഴാണ് അതില്‍ മുട്ടവിരിഞ്ഞ മൂന്നു കിളിക്കുഞ്ഞുങ്ങളും ഏതാനും മുട്ടകളും ഉണ്ടായിരുന്നതു കണ്ടത്. നേര്‍ത്ത പപ്പിനിടയിലൂടെ അവയുടെ ഉടലും നനുത്ത ചര്‍മ്മവും കാണാമായിരുന്നു. ഇളം തവിട്ടും ടര്‍ക്കോയിസ് ബ്ലൂവും കലര്‍ന്ന തൂവലുകള്‍ കണ്ടിട്ട് കരിയിലക്കിളികളോ പൊന്മാനുകളോ ആണെന്നു തോന്നി. അതെന്തായാലും ഞാന്‍ അവിടെത്തന്നെ ഉപേക്ഷിച്ച ആ കിളിക്കുഞ്ഞുങ്ങള്‍ക്ക് എന്തു സംഭവിച്ചു എന്നു നിശ്ചയമില്ല. എന്നു മാത്രമല്ല ഞങ്ങളുടെ പറമ്പിലെ സ്ഥിരം സാന്നിധ്യമായിരുന്ന കരിയിലക്കിളികളെ പിന്നീടവിടെ കാണാനേ ഇല്ലെന്നായി. ആ കൂടു നശിപ്പിച്ച സംഭവത്തില്‍ പിന്നീടെനിക്കു വളരെ വിഷമം തോന്നി.
ഇതിലെനിക്കു തോന്നിയ വിഷമവും കുറ്റബോധവും കുറേയൊന്ന് മാറിയത് വളരെക്കാലത്തിനു ശേഷം മാനസിക വിഭ്രാന്തികളുടെ ആദ്യ ആക്രമണം കഴിഞ്ഞ് ഞാന്‍ പി.എച്ച്.ഡിക്കു രജിസ്റ്റര്‍ ചെയ്യാനായി ബറോഡയില്‍ തിരിച്ചെത്തി ശിവജി പണിക്കരോടൊപ്പം താമസിക്കുന്ന കാലത്താണ്. എന്നെ കാണാന്‍ വന്ന ചിന്നനോടൊപ്പം (ചിത്രകാരനായ ചിന്നന്‍ വിനോദ്) പുറത്തിറങ്ങി ഒരു മരച്ചോട്ടില്‍ സംസാരിച്ചിരിക്കെ പെട്ടെന്നു കഷ്ടിച്ചു പറക്കമുറ്റിയ ഒരു കരിയിലക്കിളിക്കുഞ്ഞ് പറന്നു വന്നെന്‍റെ നെഞ്ചിന്‍റെ ഇടതു വശത്തിരുന്നു. സ്തബ്ദ്ധനായിരുന്നു പോയ എന്നെ വിട്ട് അല്പനേരം ഇരുന്നു വിശ്രമിച്ചിട്ട് അതു മെല്ലെ പറന്നു പോയി. ആ കിളി എന്‍റെ തെറ്റിനു കാലങ്ങള്‍ക്കു ശേഷം മാപ്പു നല്‍കിയതായി എനിക്കു തോന്നി.
അതിനു ശേഷമാണെന്നു തോന്നുന്നു ബറോഡയിലെ സ്കള്‍പ്ച്ചര്‍ ഡിപ്പാര്‍ട്ട്മെന്‍റില്‍ ഒരു ഫാല്‍ക്കണ്‍ പറന്നു നടന്ന് കുട്ടികളെ ഭയപ്പെടുത്തിയ ഒരു സംഭവമുണ്ടായത്. നഗരത്തിലെ തംബേദ്കര്‍ വാഡ എന്ന പഴയ ഹവേലി അവിടെയുള്ള ഭിത്തിചിത്രങ്ങള്‍ കാണാനായി സന്ദര്‍ശിച്ച അവസരത്തിലും ചിത്രങ്ങള്‍ കണ്ടു നടക്കുന്നതിനിടയില്‍ ഹവേലിയുടെ ഇടിഞ്ഞു
പൊളിഞ്ഞ വശത്ത് മുഗള്‍ മിനിയേച്ചറുകളിലും മറ്റും കാണാറുള്ള തരത്തിലുള്ള രണ്ടു പ്രാപ്പിടിയന്‍മാരെ കണ്ടു. പോയകാലത്ത് സന്ദേശങ്ങള്‍ കൈമാറാനും മറ്റും ഉപയോഗച്ചിരുന്ന ആ പക്ഷി എന്തു കൊണ്ടോ അജ്ഞാതമായ ഒരു സന്ദേശം എനിക്കായി കരുതിയിട്ടുള്ളതായി എനിക്കു തോന്നി. ജയ്പുരിലെ ചിടിയാ ഘറിലും ആലപ്പുഴയിലുള്ള ഒരു സുഹൃത്തിന്‍റെ വീട്ടിലും ചിറകൊടിച്ച പരുന്തുകളെ കണ്ടതായോര്‍ക്കുന്നു. ചിടിയാ ഘറിലെ മരങ്ങളില്‍ നിരനിരയായി ഒരു ചിറക് ഒടിഞ്ഞു തൂങ്ങിയ മട്ടില്‍ ഇരുന്ന പരുന്തുകളെക്കുറിച്ച് ഞാന്‍ മുന്‍പും എഴുതിയിട്ടുണ്ട്.
ڇമാനത്തു ചുറ്റി പറക്കുന്ന പരുന്തേ,
നീ ചുറ്റണ ദിക്കുദേശത്തെങ്ങടപ്പനേങ്ങാന്‍ കണ്ടാ?
ഒരു വാമൊഴി കേട്ടേക്കിണ അമ്മയുണ്ടോയ്...തിന്താര....ڈ
എന്ന് മാതാപിതാക്കളില്‍ നിന്നും പിരിക്കപ്പെട്ട് കഴിയുന്ന കീഴാള ശിശുക്കളുടെ മൊഴിയുടെ രൂപത്തിലുള്ള നാടന്‍പാട്ട് സി.ജെ.കുട്ടപ്പന്‍ പാടിക്കേട്ടത് ഓര്‍മ്മ വരുന്നു. റാകിപ്പറന്നിരുന്ന ആ ചെമ്പരുന്ത് ഒരു വിവാദവിഷയമായതും. ശംഖുമുഖം ബീച്ചില്‍ വെച്ച് ഒരു സുഹൃത്ത് കടല മണികള്‍ ഇട്ടു കൊടുക്കുന്നതനുസരിച്ച് അവന്‍റെ പിന്നാലെ നിരനിരയായി എത്താറുണ്ടായിരുന്ന കാക്കകളുമാടി അവന്‍ നടന്നു നീങ്ങുന്നതും ഞണ്ടുകള്‍ കടലമണി പിടിച്ചെടുത്ത് അവയുടെ കൂടുകളിലേക്കിറങ്ങി പ്പോവുന്നതും രസകരമായ കാഴ്ചകളായിരുന്നു.
. ദില്ലി നിസാമുദ്ദീനില്‍ സുഹൃത്തിനോടൊപ്പം താമസിച്ചു വരവേ അടുത്ത വീടിന്‍റെ ടെറസ്സില്‍ ഡിഷ് ആന്‍റിനയില്‍ വന്നിരുന്ന് ചിറകുകള്‍ വിചിത്രമായ മട്ടില്‍ വിരിച്ചു കാട്ടിയ ഷഹീന്‍ ഫാല്‍ക്കണിനേയും അഹമ്മദാബാദിലെ ഒരു ഫ്ളാറ്റിന്‍റെ ജനാലയ്ക്കപ്പുറത്ത് പാതി ഇരുന്നും പാതി പറന്നും ഇണചേര്‍ന്ന പരുന്തുകളേയുമെല്ലാം എങ്ങിനെ മറക്കാനാണ്. ഭോഗേല്‍ മസ്ജിദിനടുത്ത ഒരു മരത്തില്‍ കൂടുകൂട്ടിയ ഷഹീന്‍ ഫാല്‍ക്കണുകള്‍ അവയുടെ കുഞ്ഞുങ്ങളുമായി അതിലേ പറന്നു നടക്കുന്നത് തെരുവിലിരുന്ന് വരച്ചതും ജാമിയായിലെ സന്ദര്‍ശനത്തിനിടെ ഒരു സുഹൃത്ത് അവിടെയൊരു മരത്തിലെ അവയുടെ കൂട് ചൂണ്ടിക്കാട്ടിയതും രസകരമായി. ڇ എ ഫാല്‍ക്കണ്‍ ഓഫ് അണ്‍നോണ്‍ മെസ്സേജസ്چ എന്ന പേരിലൊരു ചിത്രപ്രദര്‍ശനം ഞാന്‍ സംഘടിപ്പിച്ചതും ഈ അനുഭവങ്ങളുടെ വെളിച്ചത്തിലാണ്.
മയൂര്‍വിഹാറില്‍ ജയശങ്കറിനോടൊപ്പം കഴിഞ്ഞപ്പോഴും ബറോഡ നിസാംപുരയില്‍ ഞാന്‍ താമസിച്ച വീട്ടിലും, ഫൈന്‍ ആര്‍ട്സ് ഫാക്കല്‍റ്റിയുടെ പിന്നിലെ കാടുപിടിച്ച ഭാഗത്തും , ജെ.എന്‍.യുവിലും, എന്‍റെ വീട്ടിലും, കോട്ടയത്ത് കളത്തിപ്പടിയില്‍ അനില്‍ താമസിച്ചിരുന്നേടത്തും എല്ലാം വെച്ച് പക്ഷികളുമൊത്ത് മറുവിളി വിളിച്ചു കളിച്ചത് ഭ്രാന്തായി ചിലര്‍ക്കെങ്കിലും തോന്നാമെങ്കിലും ഞാനാ വാദത്തെ യുക്തി വാദത്തിന്‍റെ പരിമിതിയായേ കാണുന്നുള്ളൂ. ഫ്രാന്‍സിസിന്‍റേയോ സുലൈമാന്‍റെയോ മിത്രം ഭഗത്തിന്‍റെയോ കഥകള്‍ അല്‍പമൊരാശ്വാസത്തോടെ ഞാന്‍ അനുസ്മരിക്കും.
തമിഴ്നാട്ടില്‍ മധുരയ്ക്കടുത്തുള്ള തിരുപ്പറക്കുണ്‍റത്ത് കുടുംബാംഗങ്ങളോടൊത്ത് പോയപ്പോള്‍ ഒരിക്കല്‍ അനേകം മയിലുകള്‍ പീലിവിരിച്ച് ഞങ്ങല്‍ക്കു വേണ്ടിയെന്നോണം നൃത്തം ചവുട്ടിയതും പിന്നീടൊരിക്കല്‍ മറ്റൊരു സംഘത്തോടൊപ്പം പോയപ്പോള്‍ ഒരു മയിലിനെപ്പോലും കാണാതെ വന്ന എനിക്ക് പൊന്തക്കാടുകള്‍ക്കിടയില്‍ ഒരു വെള്ള മയലിനെ മാത്രം കാണാനിട വന്നതും ആണ് മറ്റൊരു അനുഭവം. ഒരിക്കല്‍ ഞാനില്ലാതിരുന്ന അവസരത്തില്‍ എന്‍റെ സ്റ്റുഡിയോയുടെ ഭാഗത്തേക്ക് ഒരു മയില്‍ പാറി വന്നതായി സുഹൃത്ത് ജയലാല്‍ പറഞ്ഞു കേട്ടുവെങ്കിലും അതിന്‍റെ സത്യാവസ്ഥയെക്കുറിച്ച് എനിക്കു നിശ്ചയം പോരാ. ഏതായാലും മയിലുകളും ഉപ്പന്മാരും പൊന്മാനുകളും കാക്കത്തമ്പുരാട്ടികളും കരിയിലക്കിളികളും പ്രാവുകളും കാക്കകളും ഹോളോ (ഹമൗഴവശിഴ റീ്ല) കളും ഫാല്‍ക്കണുകളും വണ്ണാത്തി പുള്ളുകളും ഓലേഞ്ഞാലികളും കുരുവികളും മഞ്ഞക്കിളികളും പച്ചക്കുറുമന്മാരുമെല്ലാം അടങ്ങുന്നതാണെന്‍റ കുടുംബമെന്ന് എനിക്കറിയാം. പനയിലെ കള്ളു മോന്തി ലഹരിയില്‍ നിലത്തു വീണു കിടക്കുന്ന കുരുവികളും ഷാപ്പിലെ കള്ളന്‍ കുടത്തിനു ചുറ്റും പാറിനടക്കുന്ന പൂമ്പാറ്റകളുമെല്ലാം ലഹരി മനുഷ്യനെ മാത്രമല്ല ഹരം പിടിപ്പിക്കുന്നതെന്നു കാട്ടിത്തന്നു..
നിര്‍ത്ത്, സുരേശാ, സാം പറഞ്ഞു. നീ പറഞ്ഞതു പോലെ ഒരു സംഭവം എനിക്കോര്‍മ്മ വരുന്നു. ആറ്റിറമ്പില്‍ വെച്ച് പട്ടിയിട്ടോടിച്ച ഒരു പൂവന്‍കോഴി കുറേ ദൂരം നേരെ പറന്ന് ഒരു വീടിന്‍റെ ഭിത്തിയില്‍ ചെന്നിടിച്ച് താഴെ വീണതാണത്. ഒരു കിളി കണ്ണാടച്ചില്ലുകളിലും മറ്റും തട്ടി അബദ്ധത്തില്‍ പെടുന്നതു സാധാരണമാണെങ്കിലും പറന്നു ഭിത്തിയില്‍ ചെന്നിടിച്ചു വീഴുന്നത് അത്ര പതിവില്ല. പക്ഷേ നിന്നെപ്പോലെ ഇതില്‍ നിന്നെല്ലാം നീ പറഞ്ഞ കഥകളില്‍ നിന്നെന്ന പോലെ ഒരനുമാനത്തിലും ഞാനെത്തിയില്ല. ഇതിലെല്ലാം ഇത്ര വചിത്രമായി എന്തുണ്ട്? കിളികളൊക്കെ എവിടേയും പറന്നു നടപ്പുണ്ട്. ജീവികളായതു കൊണ്ട് അവരുമായി നമുക്കൊരു അടുപ്പം തോന്നുന്നതും സ്വാഭാവികമാണ്. അതിനപ്പുറം ഇതിലൊക്കെ എന്തുണ്ട്? യാദൃശ്ചികതകളെയെടുത്ത് കൂട്ടിയിണക്കി നീ പറഞ്ഞതുപോലൊരു കഥ പറയാവുന്ന പലരുമുണ്ടാവും. അതില്‍ നിന്നവര്‍ എത്തുന്ന അനുമാനങ്ങളെക്കുറിച്ചാണു നാം തമ്മില്‍ അഭിപ്രായ വ്യത്യാസം. അന്ധവിശ്വാസത്തോളമെത്തുന്നില്ലേ നിന്‍റെ കഥ എന്നാലോചിക്കുകയായിരുന്നു ഞാന്‍!!
സുരേശന്‍ ചിരിച്ചു. അന്ധന്മാര്‍ക്കും വഴി കണ്ടത്താനാവുമെന്ന് കരുതുന്നവനാണ് ഞാന്‍. വിശ്വസിക്കുന്നവര്‍ വിശ്വസിക്കും. അവിശ്വസിക്കുന്നവര്‍ അവിശ്വസിക്കും. അതില്‍ പുതിയതായൊന്നുമില്ല. നീത്ഷേ പറഞ്ഞതതാണ്. ദൈവത്തെ മനുഷ്യന്‍ കൊന്നു കളഞ്ഞിരിക്കുന്നു. ദൈവത്തെ പുന:സ്ഥാപിക്കുവാന്‍ പൂര്‍ണ്ണമായ വിശ്വാസമുള്ളവര്‍ക്കേ കഴിയൂ. പരിശുദ്ധാത്മാവിനെ പക്ഷിയുടെ രൂപത്തില്‍ ചിത്രീകരിക്കുന്നത് വെറുതെയാണോ? ഒരു പക്ഷി അതിന്‍റെ നഗ്നത മറയ്ക്കുന്നില്ല, ഇണചേരാന്‍ മടിക്കുന്നില്ല, ഭക്ഷണത്തെ സംശയിക്കുന്നില്ല, മറ്റുള്ളവരെ വിധിക്കുന്നില്ല, നായ്ക്കളെ വളര്‍ത്തുന്നില്ല, ഭയം മൂലം പറക്കാതെയിരിക്കുന്നുമില്ല.
നീ പറഞ്ഞതു പോലെ അല്‍പമൊന്നാലോചിച്ചാല്‍ എനിക്കിനിയും പറയാനുണ്ടാവും. സാം പറഞ്ഞു. സര്‍ദാര്‍ നഗറിലെ ഒരു വീടിന്‍റെ ഒന്നാം നിലയില്‍ സുഹൃത്തിനോടൊപ്പം താമസിച്ചു വരവേ ആ ഫ്ളോറിലെ കുളിമുറിയുടെ ജനാലയില്‍ ഒരു ഹോളോ കൂടുവെച്ചു. അതിനെ ശല്യപ്പെടുത്തേണ്ട എന്നു കരുതി ഞങ്ങളാ കൂട് അവിടെ നിലനിര്‍ത്തി. എന്നാല്‍ ഒരു ദിവസം തുണിയലക്കുന്നതിനായി സന്ധ്യക്കു ലൈറ്റുമിട്ട് അവിടെ കുറേ സമയം ചെലവഴിച്ചപ്പോള്‍ അ പക്ഷി പരിഭ്രാന്തയായി പറന്ന് ഞങ്ങള്‍ കുശിനിയായി ഉപയോഗിക്കുന്ന മുറിയിലേക്കു കടന്നു. അടഞ്ഞു കിടന്ന ജനാലകളുള്ള ആ മുറിയില്‍ അതങ്ങോട്ടുമിങ്ങോട്ടും രക്ഷ തേടി പറന്നു നടന്നു. അതിനു പുറത്തേക്കുള്ള വഴി കണ്ടെത്താനാവാതെ ചിറകു കുഴഞ്ഞു. ഞാന്‍ മുറിയില്‍ പ്രവേശിച്ചപ്പോള്‍ അത് ഒന്നുകൂടി ഭയചകിതയായി. പറന്ന് തല ഭിത്തിയലിടിച്ച് അതിന്‍റെ തലയില്‍ നിന്നും ചോരയിറ്റുന്നുണ്ടായിരുന്നു. ഒടുവില്‍ ഞാന്‍ കതകും ജനാലകളുമെല്ലാം തുറന്നിട്ട് അല്‍പ നേരം മാറി നിന്നപ്പോള്‍ അതെങ്ങിനെയോ ജീവനും കൊണ്ട് രക്ഷപെട്ടു. മനുഷ്യന്‍ കയ്യടക്കിയ ഈ ഭൂമിയലെ വാസം മറ്റു ജീവികള്‍ക്കെല്ലോം എത്ര മാത്രം ദുഷ്കരമാണെന്നാണോ ആ കിളി അന്നു പറഞ്ഞത്? ഏതുദാരതയും എത്ര പെട്ടെന്ന് അവസാനിക്കുന്നതാണെന്നും? സഹജീവികളോട് നിഷ്കരുണം പെരുമാറുന്ന മനുഷ്യന്‍റെ അനുകമ്പയെ അതു പരിഹസിക്കുകയായിരുന്നുവോ? പറന്നു നടക്കുമ്പോഴും തങ്ങളകപ്പെട്ടിരിിക്കുന്ന ഈ പാതാളത്തെക്കുറിച്ച് കിളികള്‍ മെനഞ്ഞ ഒരു കഥ?