ആമയും മുയലും-റീലോഡഡ്
അടുത്തയിടെയാണ് ആമയും മുയലും കഥയിലെ കുപ്രസിദ്ധനായ ആമയെ അണ്ണാന്‍ പരിചയപ്പെടുന്നത്. സംഗതിവശാല്‍ അല്പസമയം ഒരു സ്ഥലത്ത് ഒന്നിച്ചുണ്ടാവേണ്ടതായി വന്ന അവര്‍ക്കിടയില്‍ ചില്ലറ വര്‍ത്തമാനത്തിനു നിമിത്തമായത് പഴയ ആ സംഭവത്തെക്കുറിച്ചുള്ള കേട്ടുകേള്‍വികളും ഓര്‍മ്മകളും ഒക്കെയാണ്. കുട്ടികള്‍ക്കായുള്ള ഒരു തീം പാര്‍ക്കിലെ ആമയും മുയലും കഥയുടെ രംഗാവിഷ്കരണം നോക്കികാണുകയായിരുന്നു രണ്ടു പേരും.
അന്നത്തെ ആ സംഭവത്തിനു ശേഷം മുയലുമായി വീണ്ടും മത്സരിക്കുകയുണ്ടായിട്ടുണ്ടോ?.അണ്ണാന്‍ ചോദിച്ചു.
ആമ അല്പനേരം ആകാശത്തേക്കു നോക്കിയിരുന്നു. വളരെക്കാലംകൊണ്ട് തന്‍റെ തലയ്ക്കുതൊട്ടുമുന്നിലായി കെട്ടിയുയര്‍ത്തപ്പെട്ടിരുന്ന എട്ടുകാലിവലകള്‍ തലകൊണ്ടു തട്ടിമാറ്റുന്ന മട്ടില്‍ തല വട്ടംചുറ്റിച്ചിട്ട് പറഞ്ഞു.
ഞാനിതുവരെ ഇതാരോടും പറഞ്ഞിട്ടില്ല. നിങ്ങളും ഇതു ഗൗരവമായെടുക്കുമോ എന്നെനിക്കു സംശയമുണ്ട്.ഏതൊക്കെയായാലും ഇതാരോടെങ്കിലും പറഞ്ഞേ തീരൂ. ഒരു പക്ഷേ നിങ്ങളെപ്പോലെ ഒരപരിചിതനോട് ഇക്കാര്യം പറയുന്നതില്‍ ചൂതാട്ടത്തിന്‍റേതായ ഒരു സാധ്യത കാണുന്നതാവാം എന്നെ അതിനു പ്രേരിപ്പിക്കുന്നത്.
തീര്‍ച്ചയായും, തീര്‍ച്ചയായും, കേള്‍ക്കട്ടെ.അണ്ണാന്‍ പറഞ്ഞു.
നിങ്ങള്‍ കേട്ടിട്ടുള്ള കഥയിലെ മുയല്‍ വലിയ ഓട്ടക്കാരനാണ്, അല്ലേ.?. അയാള്‍ ഉറങ്ങിപ്പോയതുകൊണ്ടുമാത്രമാണ് ആമയ്ക്കയാളെ തോല്പിക്കാനായത്.
കഥയിലും ജീവിതത്തിലും അങ്ങനെ തന്നെ.
അണ്ണാന്‍ വാലുയര്‍ത്തിപ്പിടിച്ച് നില്ക്കുന്നിടത്തുനിന്ന് ഒന്ന് കറങ്ങി. കുറച്ചപ്പുറത്തായി ഒരു വെള്ളയ്ക്ക വന്നു വീണതിന്‍റെ നേര്‍ക്ക് കണ്ണയച്ചു. വളരെക്കാലമായി കേള്‍ക്കാനാരുമില്ലാതിരുന്ന ഒരു കഥ കേള്‍ക്കാന്‍ സന്നദ്ധനായ ഉദാരമതിയുടെ ഭാവത്തില്‍ ഞെളിഞ്ഞിരുന്നു.
അവന്‍റെയാ ഇരുപ്പ് കണ്ടപ്പോള്‍ ആമയ്ക്കു തന്‍റെ കഥ തുടരണമോ എന്നു സംശയം തോന്നി. താന്‍ ഏതു നാട്യത്തെയാണോ നേരിടാന്‍ ശ്രമിക്കുന്നത് അതിലൊരു പങ്ക് തന്നിലുമുണ്ടാവാമെന്ന സൂക്ഷ്മാവബോധം മാത്രമാണ് ഇത്തവണ സംസാരം തുടരാന്‍ അവനു പ്രേരണയായത്.
മണ്ണാങ്കട്ട!. മുയലിന് ഓടാനുള്ള മിടുക്കിനെക്കുറിച്ചാണെങ്കില്‍ ഞാന്‍ നിന്നോട് തര്‍ക്കിക്കാനില്ല. പക്ഷേ ഇതില്‍ വസ്തുതാപരമായ പിശകുണ്ട്. മുയല്‍ ഉറങ്ങിപ്പോയതുകൊണ്ടാണ് അന്ന് ആമ ജയിച്ചത് എന്ന വാദം നുണയാണ്. മുയല്‍ ഉറങ്ങിയതേയില്ല എന്നു ഞാന്‍ പറഞ്ഞാല്‍ നിങ്ങളതു വിശ്വസിക്കുമോ?.
ആമ നിരങ്ങിച്ചെന്ന് ഒരു വെള്ളച്ചാലിലേക്കിറങ്ങി. മുകളില്‍ നിന്ന് ഒരു ഹാലജന്‍ വിളക്കിന്‍റെ പ്രകാശം വെള്ളത്തില്‍ വീണുകിടന്ന ഇടത്തെത്തിയപ്പോള്‍ അതു നിന്നു. വെള്ളത്തിനടിയില്‍ പ്രകാശത്തിന്‍റെ ഒരു ഗോളവും പേറി നില്‍ക്കുന്നതായി തോന്നിക്കുന്ന ഒരു നില. പിന്നെ ആ വെളിച്ചത്തെ മുറിച്ച് മെല്ലെ
ഉപരിതലത്തിലേക്കുയര്‍ന്നു. നനവോടെ കരയില്‍ പടഞ്ഞിരുന്നപ്പോള്‍ ആ വെളിച്ചത്തിന്‍റെ ചീളുകള്‍ അവനില്‍ പറ്റിച്ചേര്‍ന്നിരിക്കുന്നതായി അണ്ണാനു തോന്നി.എങ്കിലുമവന്‍ സ്വതസിദ്ധമായ സംശയത്തോടെ പറഞ്ഞു.
മുയലിന്‍റെ വേഗതയെക്കുറിച്ചറിയാവുന്നതുകൊണ്ട് അതു വിശ്വസിക്കുക പ്രയാസമാണ്. ആ ഒരു തവണ നിങ്ങള്‍ വിജയിച്ചു എന്നു തന്നെയാണല്ലോ കഥ സ്ഥാപിക്കുവാന്‍ ശ്രമിക്കുന്നത്. അതില്‍ അവിശ്വസിക്കേണ്ടതായി എന്തെങ്കിലും ഉള്ളതായി ഞാന്‍ കരുതുന്നില്ല. അണ്ണാന്‍ ആമയുടെ വാദഗതിയെക്കുറിച്ച് അല്പം സംശയാലുവായി.
അങ്ങനെയൊരു കഥയുണ്ടാക്കേണ്ടത് മുയലിന്‍റെ ആവശ്യമാണ് എന്നോര്‍ക്കണം. സ്വന്തം വിജയത്തെ ഒരനിവാര്യതയായി സ്ഥാപിച്ചെടിക്കുവാന്‍ മുയലുകള്‍ക്കീ കഥ ആവശ്യമാണ്. ആമയുടെ വിജയം ആവര്‍ത്തിക്കാനാവാത്തതും മുയലിന്‍റെ അഹങ്കാരം, അലസത ഇവ മൂലം ഉണ്ടായ അപഭ്രംശവുമാണ് എന്നു സ്ഥാപിച്ചാല്‍ അയാള്‍ക്കുണ്ടാവുന്ന വിജയത്തെക്കുറിച്ച് ഒന്നാലോചിച്ചു നോക്കൂ. യഥാര്‍ത്ഥത്തിലുള്ള മത്സരങ്ങളില്‍ തോറ്റു പോയിട്ടുണ്ടാകാമെങ്കിലും ഈകഥയിലൂടെ മുയലുകളുടെ വിജയത്തെ മറുപടിയില്ലാത്തതാക്കുന്ന ഒരു സാമൂഹ്യഭാവനയെ സ്ഥാപിച്ചെടുക്കുന്നതില്‍ അവര്‍ വിജയംവരിച്ചു എന്നതാണ് കാണേണ്ട കാര്യം.
ഞാന്‍ പറഞ്ഞല്ലോ, മുയലിന്‍റെ വേഗതയും, നിങ്ങളുടെ ഇഴഞ്ഞിഴഞ്ഞുള്ള പോക്കും മനസ്സിലുള്ളതുകൊണ്ട് നിങ്ങള്‍ പറയുന്നത് വിശ്വസിക്കാന്‍ പ്രയാസമുണ്ട്.
അണ്ണാന്‍റെ അവിശ്വാസം ആമയെ പ്രതിസന്ധിയിലാക്കി. അത് എന്തോ ആലോചനയോടെ തലയൊന്ന് വെട്ടിച്ചു, കാലുകളിലല്‍പം ഉയര്‍ന്നുനിന്ന് ചുറ്റുപാടും കണ്ണയച്ചു.
ആമയെക്കുറിച്ചും മുയലിനെക്കുറിച്ചുമുള്ള മുന്‍ധാരണകളെ മാത്രം അടിസ്ഥാനപ്പെടുത്തി ഈ കാര്യത്തെ നോക്കിക്കണ്ടാല്‍ പോര എന്നു തോന്നുന്നു. ഒരു മത്സരത്തില്‍ ആര് ജയിക്കുമെന്ന് നിര്‍ണ്ണയിക്കുന്ന അനേകം ഘടകങ്ങളുണ്ടാവാം. ആ മത്സരം നടന്ന സാഹചര്യങ്ങള്‍, പരിസരം, പങ്കെടുത്തവരുടെ മത്സരശേഷി, സവിശേഷ കഴിവുകള്‍, കളിനിയമങ്ങള്‍, പിഴവുകള്‍, ജൂറിയുടെയോ സദസ്സിന്‍റെയോ മുന്‍വിധികള്‍ ഒക്കെ ഒരു വിജയത്തില്‍ സ്വാധീനം ചെലുത്തുന്നുണ്ട്.
സ്കൂളില്‍ വെച്ചു പോലും സാമൂഹ്യശാസ്ത്രക്ലാസ്സുവിട്ട് ഓടിപ്പോയിട്ടുള്ള എന്നെയാണോ സാറു സാമൂഹ്യശാസ്ത്രം പഠിപ്പിക്കുന്നത്? വേറെ കാര്യം വല്ലതുമുണ്ടെങ്കില്‍ പറയ്.
എടോ അണ്ണാനേ, ഞാനേ നൂറുകൊല്ലം ജീവിച്ച ഒരാമയല്ലേ? നിലത്തുനിന്ന് കാര്യങ്ങളെ കാണുന്ന ഒരു ജീവി. അതുകൊണ്ട് തല്‍ക്കാലം നീയിതൊന്നു കേള്‍ക്ക്. അടച്ചുവെച്ച നൂറുകണക്കിനു കഥകളെനിക്കു പറയാനുണ്ടാവുമെന്ന ഒരു കൗതുകമെങ്കിലും നിനക്കുണ്ടാവുന്നതു നല്ലതാണ്.
ഓാ....അങ്ങനെയാവട്ടെ.
മുയലുകള്‍ നല്ല ഓട്ടക്കാരാണെന്നതു ശരി തന്നെ. ആമകള്‍ കരയിലൂടെ ഇഴഞ്ഞാണു നീങ്ങുന്നത് എന്നും സമ്മതിക്കാം. എന്നാല്‍ ഞങ്ങള്‍ക്ക് വെള്ളത്തിലൂടെ സാമാന്യം വേഗത്തില്‍ സഞ്ചരിക്കാനാവും എന്നതു നിങ്ങള്‍ മറക്കുന്നു. മുയലുകള്‍ വലിയ നീന്തല്‍ക്കാരൊന്നുമല്ല എന്നതും. അന്നത്തെ മത്സരം നടന്ന സ്ഥലം നീ കണ്ടിട്ടില്ലേ?
(Modhera)
ഉണ്ടല്ലോ, അമ്മയാണെനിക്കവിടം ചൂണ്ടിക്കാട്ടി തന്നത്.
ആ സ്ഥലം പരിശോധിച്ചാല്‍ നീന്താനുള്ള എന്‍റെ കഴിവ് എങ്ങിനെയാണു എന്നെ സഹായിച്ചതെന്നു കാണാം. മത്സരത്തിന്‍റെ അധികഭാഗവും നല്ല ആഴമുള്ള വീതികുറഞ്ഞ ഒരു തടാകത്തിനു ചുറ്റിലുമായാണു നടന്നത് എന്നോര്‍ക്കുമല്ലോ. മുയലിന് ആ വഴിയത്രയും ഓടി തടാകം ചുറ്റി വരേണ്ടതുണ്ടായിരുന്നു. എനിക്കാവട്ടെ, വീതികുറഞ്ഞ തടാകം എളുപ്പം നീന്തിക്കടന്ന് ഫിനിഷിങ് പോയിന്‍റിലെത്താന്‍ കഴിഞ്ഞു. ഈ മത്സരം അതേ ട്രാക്കില്‍ വെച്ച് വീണ്ടും നടത്തിയാലും ഞാനാണു ജയിക്കാന്‍ സാധ്യത എന്നു പറയേണ്ടതില്ലല്ലോ. മറ്റൊരു സാഹചര്യത്തിലും പരിസരത്തും വെച്ചാണെങ്കില്‍ ചിലപ്പോള്‍ മുയലാവും ജയിക്കുക. ഒരു മത്സരത്തിലെ വിജയമോ തോല്‍വിയോ വെച്ച് ജീവിതത്തെ അളക്കുന്നത് അര്‍ത്ഥശൂന്യമാണെന്നു സൂചിപ്പിക്കുവാന്‍ ഞാനിക്കഥ പറഞ്ഞെന്നേ ഉള്ളൂ. പഴയ കഥയുടെ ചുറ്റുപാടുകളെ ഇങ്ങനെ പ്രത്യക്ഷമാക്കാന്‍ കഴിഞ്ഞാലല്ലാതെ ഞങ്ങള്‍ക്കവകാശപ്പെട്ട വിജയങ്ങളെയെങ്കിലും ഞങ്ങള്‍ക്കു സ്വന്തമാക്കാന്‍ കഴിയില്ലല്ലോ?.
ഓ...ശരി, ശരി...ആരെങ്കിലും എന്നോടു മത്സരിക്കാനുണ്ടോ?
അണ്ണാന്‍ ഒന്നു ചിലച്ചുകൊണ്ട് അടുത്തു നിന്ന മാവിലേക്കോടിക്കയറി. താനൊരോമനയൊന്നും ആയിത്തീര്‍ന്നിട്ടില്ല എന്നറിയാമായിരുന്നതുകൊണ്ട് വിശേഷിച്ചൊരു ഭാവഭേദവും കൂടാതെ ആമ തല ഇളക്കിക്കൊണ്ട് നടന്നു നീങ്ങി.
ڇഅതേ, വ്യത്യാസംڈ എന്നതു പിറുപിറുക്കുന്നുണ്ടായിരുന്നു.
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home