ഒരു കവി
വായനക്കാരുടെ ഒരു സമൂഹത്തെ സ്വപ്നം കാണുന്നുണ്ടാവാം
എഴുത്തുകാരുടേയും
രാഷ്ട്രീയശരികളുടെ ഒരു കവിതയാണ്
അവരുടേതെങ്കില്‍
അവര്‍ തന്നെപ്പോലെ ചിന്തിക്കുന്ന രാഷ്ട്രീയക്കാരെയാവാം പ്രതീക്ഷിക്കുക
സ്നേഹതിതിന്‍റെ കരിയും ചെളിയും വിയര്പ്പും
ഒരു രാഷ്ട്രീയമാണോ എന്തോ?
നിരന്തരമായ ശരിയുടെ മെയ് വഴക്കം
രാഷ്ട്രീയകവിതയുടെ മുഖം മൂടുന്നുണ്ടാവാം
വലിയ ഘോഷയാത്രകളുടെ മുന്‍നിരയിലെ
പഞ്ചവാദ്യക്കാര്‍ക്കു മുന്നിലായാണയാളുടെ സ്ഥാനം
അയാളുടെ വരികളുടെ മുഴക്കം അതിനെ അര്‍ത്ഥപുഷ്ടമാക്കുന്നുണ്ടോ എന്തോ?
പാഴ്മരങ്ങളെക്കുറിച്ചും കാണാതായവരെക്കുറിച്ചും
അതുത്കണ്ഠപ്പെടുന്നുണ്ടാവുമോ?
എടവഴിയിലോട്ടു കയറിപ്പോയി ആ നരകത്തെ ഒഴിവാക്കുന്ന
ബാറില്‍ ഒരു പെഗ് വിസ്കിക്കു
കൂടുതല്‍ സമയമനുവദിക്കുന്ന ഒരാളുണ്ട്,
ചിലപ്പോള്‍ ദൈവത്തെ നമസ്കരിക്കുന്ന
സാവകാശങ്ങളില്‍ മറ്റൊരുവളും
അവളുടെ വഴി മറ്റൊന്നാവാം
നൃത്തം വെക്കുന്ന ചുവടുകളോടെ
ഭാഷയില്‍ പദസഞ്ചാരങ്ങള്‍ നടത്തുന്ന
അവര്‍.
മുഷ്ടിചുരുട്ടി ആകാശത്തെ ഇടിക്കുവാനുള്ള അവസരം
ചിലപ്പോഴവര്‍ പാഴാക്കിയിട്ടുണ്ടാവാം
അസാമാന്യ വെളുപ്പില്‍ പൊതിഞ്ഞ
ഒരു ശവമായിരിക്കുവാന്‍ അവളും
ഇനി മറ്റൊരു വഴിയാണു വന്നതെങ്കിലും
പരാതിപ്പെടാനില്ല
കവിത ഏതു കുറ്റവാളിക്കും വിശുദ്ധനും
സ്ഥലമനുവദിക്കുന്നുണ്ട്
അതു വിലക്കപ്പെടുന്നേടത്ത്
കല കീഴടങ്ങിപ്പോയ ഇടമാണ്
അധികാരം അതിനെ ഭയപ്പെടുത്തുന്നില്ല
ഒരു ഭ്രാന്തും അനുവദിക്കപ്പെടാത്ത ഇടങ്ങളില്‍
വിളയാടുന്ന മുഴുഭ്രാന്തുകളുടെ ഹിംസാപരതയെ
അതു തള്ളിമാറ്റാന്‍ നോക്കുന്നു.
ആയുധപ്പുരകള്‍ക്കു മീതെ
അതാരുടേതായാലും
പാല്‍പ്പാടപോലെ പൊങ്ങിക്കിടക്കുകയാണോ
ഒരു മേഘ കവിതയുടെ ധര്‍മ്മം?
സ്നേഹത്തിന്‍റെ പുകയും കരിയും പൊടിയും
മഴയായിപ്പെയ്തു അല്‍പം ചെളി
മണല്‍ത്തരികള്‍ക്കിടയിലെത്തിച്ച്
അല്‍പം പശിമയും പുഷ്ടിയുമുള്ള എക്കലുണ്ടാക്കാനാവും
അതിന്‍റെ ശ്രമം
സ്വാതന്ത്ര്യത്തിനു മുളയ്ക്കാന്‍ പറ്റിയ
അല്‍പം മണ്ണ്
സ്നേഹം പൂണ്ടു പരസ്പരമുരസ്സുന്ന
ചെളിയും വിയര്‍പ്പും ഗന്ധങ്ങളും നിറഞ്ഞ അത്
മരുഭൂമികളിലേക്കും പൂക്കാലങ്ങളെ ക്ഷണിക്കുന്ന
മഞ്ഞുമലകളെ പച്ചപുതപ്പിക്കുന്ന അത്.
അതിന്‍റെ പരാജയങ്ങളും
വിജയങ്ങള്‍ തന്നെ
പറയപ്പെടാത്ത ഒരു സത്യമോ വിതുമ്പലോ വിയോജിപ്പോ
പ്രണയമോ മരണമോ
രാഷ്ട്രീയക്കാരന്‍റെ വരികളിലേ രാഷ്ട്രീടമുള്ളൂ
എന്നു നിങ്ങള്‍ കരുതുന്നില്ലെങ്കില്‍
അതിന്‍റെ വരികള്‍ക്കിടയില്‍ വീര്‍പ്പുമുട്ടുന്നത്
നിങ്ങള്‍ക്കു കേള്‍ക്കാം.