മരിച്ചുപോയ ഒരു പ്രവാചകന്‍
ജീവിച്ചിരുന്ന പ്രവാചകനെക്കാള്‍
ഉപകാരിയാണെന്നു ജനങ്ങള്‍ പണ്ടേ കണ്ടെത്തിയിരുന്നു
അയാളുടെ ശവവണ്ടി വലിക്കുവാന്‍ ധാരാളം ആളുകളുണ്ടാവും
ജീവിച്ചിരുന്നപ്പോള്‍ അദ്ദേഹത്തെ കല്ലെറിഞ്ഞവര്‍ തന്നെ.
മരിച്ച ഒരു പ്രവാചകനെക്കൊണ്ട് ശല്യമില്ല
എന്നവര്‍ കരുതുന്നു
നീണ്ട പ്രസംഗങ്ങള്ില്‍ തട്ടിമൂളിക്കുവാനുള്ള വക
അദ്ദേഹത്തെക്കുറിച്ചവര്‍ കണ്ടെടുക്കും-
അദ്ദേഹത്തിന്‍റെ ജീവിതവും പ്രബോധനവും
അവര്‍ക്കു സ്വീകരിക്കാനാവുകയേ ഇല്ലായിരുന്നെങ്കിലും
അദ്ദേഹത്തിന്‍റെ സ്നേഹ പ്രകടനങ്ങള്‍
അവരെ ലജ്ജ കൊണ്ടു നിറയ്ക്കും
ഒരാള്‍ അനേകരെ സ്നേഹിക്കുകയോ- ഛേ!
എന്തൊരു വൃത്തികേടാണത്?
അയാളുടെ സ്വാതന്ത്ര്യം
സത്യം കണ്ടെത്താനും തുറന്നു പറയാനുമുള്ള ധൈര്യം
അക്ഷോഭ്യതയും ലാളിത്യവും
ഒന്നും അവരെ പ്രകോപിപ്പിക്കാതിരുന്നിട്ടില്ല-
കുരിശ്, യുദ്ധം, കല്ലേറ്, അധിക്ഷേപം
എല്ലാം ഒന്നാംകിട ഇടപാടുകള്‍ തന്നെ
ഏതു വിധേനയും ഈ തലവേദന ഒന്നവസാനിപ്പിക്കണം
മാന്യന്മാര്‍ക്കിടയില്‍ ഇതൊന്നും പതിവുള്ളതല്ല
'അപകടകാരിയാണയാള്‍" അവര്‍ പരസ്പരം കുശുകുശുക്കും.
അയാളുടെ സ്നേഹം തന്നെ എത്ര അപകടകരം
അതനുവദിച്ചു കൊടുക്കാനേ ആവില്ല
മാന്യന്മാര്‍ സൂക്ഷിക്കുന്ന രഹസ്യങ്ങളെ
അയാള്‍ പുല്ലു പോലെ അവഗണിക്കുന്നു
സ്നേഹിക്കാന്‍ അയാള്‍ക്കവകാശമുണ്ട്
എന്ന മട്ടില്‍.
സത്യമറിഞ്ഞ ഒരാളിനെ ആണായാലും പെണ്ണായാലും
മരണത്തോടെയല്ലാതെ അവര്‍ തൊടുക പോലുമില്ല.
അവരുടെ സംഘടനയില്‍ ചേര്‍ത്ത്
അച്ചടക്കം പഠിപ്പിച്ച്
വിളിപ്പുറത്തെത്തുന്ന ഒരു നായയാക്കാനാണവര്‍ക്കു കൗതുകം.
ബുദ്ധന്‍ കൊട്ടാരം ഉപേക്ഷിച്ചു പോന്നു
ഒരു ശത്രുവിനെതിരേ അയാള്‍
യുദ്ധം ചെയ്തതുമില്ല
മനുഷ്യന്‍റെ പോരായ്മകളെ
അയാള്‍ മനസ്സിലാക്കി
അവരോട് സംസാരിക്കാന്‍ ശ്രമിച്ചു
പാര്‍ശ്വനാഥന്‍ കാട്ടിലേക്കു പോയി
അവിടെയുള്ള മനുഷ്യരോടൊപ്പം കഴിഞ്ഞു
അപ്പച്ചനും ഗുരുവും അടിമ ജനതകള്‍ക്കായി
ഒരു കരുതല്‍ സൂക്ഷിച്ചു
മനുഷ്യനെ വണങ്ങാന്‍ മടിച്ചു
തുല്യത നിഷേധിച്ച മലാക്കാണ് ഇബിലീസ്
എന്ന സത്യംപറഞ്ഞ നബിക്ക്
യുദ്ധത്തെ .നേരിടേണ്ടി വന്നു
കരുതലിന്‍റെ ഒരു കപ്പല്‍
നോഹ പണി തീര്‍ത്തതു മരുഭൂമിയിലായിരുന്നു
എന്നു റൂമി പറഞ്ഞു
ശിവന്‍റെ ലൈംഗികത
കൃഷ്ണന്‍റേതു പോലെ സ്വീകാര്യമായില്ല
ശവപ്പറമ്പുകളിലൂടെ അലഞ്ഞു നടക്കുന്ന ഒരുവന്‍
സാധാരണക്കാരോടൊപ്പം കളിച്ചു നടക്കുന്നവന്‍
അയാള്‍ക്കെന്തു ലൈംഗികത?
മുനിമാര്‍ അദ്ദേഹത്തിന്‍റെ ലിംഗം ഛേദിച്ചുകളഞ്ഞു
വിഷ്ണുവും ബ്രഹ്മാവും അദ്ദേഹത്തോട് യുദ്ധത്തിലേര്‍പ്പെട്ടു
കൊടുങ്ങല്ലൂരമ്മയെ പണ്ണാന്‍ കൊടിമരം പൊലുള്ള ലിംഗവുമായിറങ്ങാന്‍
ബ്രാഹ്മണര്‍ ഉദ്ബോധിപ്പിച്ചു
പെങ്ങളായ ശൂര്‍പ്പണഖയുടെ
മൂക്കും മുലയുമരിഞ്ഞിട്ടും
രാവണന്‍ രാമാദികളുമായി യുദ്ധത്തിനിറങ്ങിയില്ല
രാമന്‍ കൊട്ടാരത്തിലിരുന്ന്
ഗര്‍ഭിണിയായ ഭൂമിപുത്രിയെ കാട്ടിലേക്കയക്കുന്നു
ലവകുശന്മാരുമായി യുദ്ധം ചെയ്യുന്നു
സീത കൊട്ടാരം വിട്ട് രാവണസന്നിധിയിലേക്കോടിപ്പോയതില്‍
എന്തുണ്ടതിശയം?
ദാനശീലനായ ശിബിയുടെ മാംസം കാര്‍ന്നെടുക്കപ്പെടുന്നു
നീതിയേയും തുല്യതയെയും ഉപാസിച്ച മഹാബലിയെ ചതിച്ച്
ചവുട്ടിപ്പുറത്താക്കുന്നു
അനീതിയേയും അധികാരത്തേയും ഉപാസിക്കലാണു ധര്‍മ്മമെന്ന്
ഉദ്ഘോഷിക്കപ്പെടുന്നു.
ഹോറൂസിന്‍റെയോ നെഫര്‍റ്റിറ്റിയുടെയോ
റായുടെയോ ഐസിസിന്‍റേയോ
സരതുഷ്ട്രയുടെയോ കഥയും വിഭിന്നമല്ല
ഒരു പ്രവാചകന്‍റെ ജഢം വളരെ പ്രധാനപ്പെട്ടതാണ്
ആചാരാനുഷ്ടാനങ്ങളുടെ ഒരു ക്രമത്തെ
അതിന്മേലുറപ്പിക്കണം

പണവും അധികാരവും കൊണ്ട്
കാതലായ സത്യത്തെ കുഴിച്ചു മൂടണം
സാഹിത്യം കൊണ്ടൊരു പുകമറ ചമച്ച്
അതിനെ അടച്ചു വെക്കണം
ഇനിയാരും അതനുകരിക്കാതെയിരിക്കാന്‍
അക്കാലം കഴിഞ്ഞുപോയി
എന്നുറച്ചു പറയണം.
സത്യം അധികാരിയുടെ മൂലധനമാണ്
തെണ്ടി നടക്കുന്ന ഒരു സാധുവിന്
അതിലെന്തു കാര്യം-
"അച്ചടക്കം- അതല്ലേ എല്ലാം!!"
വലിയകെട്ടിടങ്ങളും സ്ഥാപനങ്ങളും പ്രബോധക നിരകളും അതു ജനങ്ങളെ
ഓര്‍മ്മപ്പെടുത്തുന്നു-
സ്വന്തം കാലില്‍ നിന്ന് ദൈവത്തെ കണ്ടെത്തിയ ഒരുവളെ
എങ്ങിനേയും മറിച്ചിട്ട് വ്യാജ വിഗ്രഹങ്ങളെ ഉറപ്പിക്കണം.
എന്‍റേതു മാത്രമാണ് ശരിയായ മതമോ രാഷ്ട്രീയമോ
എന്നു സ്ഥാപിക്കുവാന്‍ യുദ്ധങ്ങള്‍ക്കൊരുങ്ങണം
ഇതെല്ലാം സ്ഥാപിക്കുവാന്‍ പ്രവാചകന്‍റെ മരണത്തിന്മേലെ
ഒരസ്തിവാരമുണ്ടാക്കണം.
ഒരു വ്യാജ വിശ്വാസി ചിലപ്പോള്‍
ഒരു ശവം തീനിയെപോലെയാകുന്നത് കുറ്റമാണോ?
മരിച്ച പ്രവാചകന്‍റെ ശവത്തില്‍ നിന്ന്
സ്വന്തം പങ്കുറപ്പിക്കുവാന്‍ ശ്രമിക്കുന്നതിനപ്പുറം
ജീവനുള്ള ദൈവം അവനെ ഒന്നും പഠിപ്പിക്കുന്നില്ലെങ്കില്‍
പ്രത്യേകിച്ചും.